• Home
  • kerala
  • കുറ്റ്യാടി എം.എൽ.എ. കെ.പി.കുഞ്ഞഹമ്മദ് കുട്ടിക്കെതിരെ സിപിഎം നടപടി, ജില്ലാ കമ്മിറ്റിയിലേക്ക് താഴ്ത്തി

കുറ്റ്യാടി എം.എൽ.എ. കെ.പി.കുഞ്ഞഹമ്മദ് കുട്ടിക്കെതിരെ സിപിഎം നടപടി, ജില്ലാ കമ്മിറ്റിയിലേക്ക് താഴ്ത്തി

കുറ്റ്യാടി എം.എൽ.എ. കെ.പി.കുഞ്ഞഹമ്മദ് കുട്ടിയെ സി.പി.എം തരംതാഴ്ത്തി. ജില്ലാ സെക്രട്ടറിയേറ്റില്‍ നിന്നും ജില്ലാക്കമ്മിറ്റിയിലേക്കാണ്‌ താഴ്‌ത്തിയത്‌. ഇക്കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പു സ്ഥാനാര്‍ഥി നിര്‍ണയവുമായി ബന്ധപ്പെട്ടുണ്ടായ പ്രശ്‌നങ്ങളാണ്‌ നടപടിക്കു പിന്നിലെന്നാണ്‌ അറിയുന്നത്‌. കുറ്റിയാടി സീറ്റ്‌ സി.പി.എം നല്‍കിയത്‌ ആ മണ്ഡലത്തില്‍ കാര്യമായി സ്വാധീനമൊന്നും ഇല്ലാത്ത കേരള കോണ്‍ഗ്രസ്‌-എമ്മിന്‌ ആയിരുന്നു. സി.പി.എം. ശക്തികേന്ദ്രമായ കുറ്റിയാടിയില്‍ ഇതിനെതിരെ പ്രതിഷേധം ഉയര്‍ന്നു. കുറ്റിയാടിക്കാര്‍ നിര്‍ദ്ദേശിച്ചത്‌ ആ നാട്ടുകാരന്‍ കൂടിയായ സി.പി.എം.നേതാവ്‌ കുഞ്ഞഹമ്മദ്‌ കുട്ടിയെ ആയിരുന്നു. എന്നാല്‍ ആദ്യം ഇത്‌ സംസ്ഥാന നേതൃത്വം അംഗീകരിച്ചില്ല. കുഞ്ഞഹമ്മദ്‌ കുട്ടിയെ സ്ഥാനാര്‍ഥിയാക്കാത്തതിനെതിരെയും സീറ്റ്‌ ചില താല്‍പര്യങ്ങള്‍ വെച്ച്‌ കേരളകോണ്‍ഗ്രസിന്‌ നല്‍കിയതിനെതിരെയും വലിയ പ്രതിഷേധ പ്രകടനം തന്നെ സി.പി.എം. പ്രവര്‍ത്തകര്‍ കുറ്റിയാടിയില്‍ നടത്തി. ജില്ലാ സെക്രട്ടറി പി.മോഹനന്‍ മാസ്‌റ്റര്‍ക്കെതിരെയും രോഷം ഉയര്‍ന്നു. സ്ഥിതി വഷളായപ്പോള്‍ കേരള കോണ്‍ഗ്രസ്‌ സ്വയം ഈ സീറ്റില്‍ നിന്നും പിന്‍മാറുകയായിരുന്നു. തുടര്‍ന്ന്‌ കുഞ്ഞഹമ്മദ്‌ കുട്ടിക്കു തന്നെ സീറ്റ്‌ നല്‍കി. അദ്ദേഹം മികച്ച ഭൂരിപക്ഷത്തില്‍ വിജയിക്കുകയും ചെയ്‌തു.

കെ.പി.കുഞ്ഞഹമ്മദ് കുട്ടി

സി.പി.എം. കോഴിക്കോട്‌ ജില്ലാ സെക്രട്ടറി പി. മോഹനന്‍ മാസ്‌റ്ററുടെ ഭാര്യ കൂടിയായ നേതാവ്‌ കെ.കെ.ലതിക എം.എല്‍.എ. കുറ്റിയാടി മണ്ഡലത്തില്‍ കഴിഞ്ഞ തവണ അപ്രതീക്ഷിതമായി പരാജയപ്പെട്ടതോടെ തുടങ്ങിയ പ്രശ്‌നങ്ങളുടെ തുടര്‍ച്ചയാണ്‌ ഇപ്പോഴും തുടരുന്ന നടപടികള്‍. കെ.കെ.ലതികയെ തോല്‍പിച്ചതാണെന്ന നിഗമനമായിരുന്നു പാര്‍ടി നേതൃത്വത്തില്‍. അന്ന്‌ ലതികയ്‌ക്കു പകരം പ്രാദേശികമായി ഉയര്‍ന്നു വന്ന പേര്‌ ഇതേ അഹമ്മദ്‌കുട്ടിയുടെതായിരുന്നു. സിറ്റിങ്‌ എം.എല്‍.എ.യായിരുന്ന ലതിക വീണ്ടും മല്‍സരിക്കുന്നതിനെതിരായിരുന്നു പ്രാദേശിക വികാരം.

ജനകീയനായ കുഞ്ഞഹമ്മദ്‌ കുട്ടിക്കു വേണ്ടി അന്ന്‌ ശക്തമായ ആവശ്യം ഉയര്‍ന്നെങ്കിലും നേതൃത്വം അംഗീകരിച്ചില്ല. ലതിക തന്നെ വീണ്ടും സ്ഥാനാര്‍ഥിയായി. പക്ഷേ പരാജയപ്പെട്ടു. കുറ്റിയാടി പോലൊരു സി.പി.എം. സീറ്റില്‍ ലീഗ്‌ സ്ഥാനാര്‍ഥി വിജയിച്ചത്‌ വലിയ ചര്‍ച്ചാവിഷയമായി. കുഞ്ഞഹമ്മദ്‌ കുട്ടിക്കു വേണ്ടി ഇത്തവണയും ആവശ്യമുയര്‍ന്നപ്പോള്‍ നേതൃത്വം അവഗണിച്ചെങ്കിലും പ്രതിഷേധം പഴയ പടി കമ്മിറ്റികളില്‍ ഒതുങ്ങാതെ പരസ്യമായ ശക്തിപ്രകടനത്തിലെത്തി. ഇതോടെ നേതൃത്വത്തിന്‌ തല്‍ക്കാലം വഴങ്ങേണ്ടി വന്നു.

Leave a Reply

Your email address will not be published. Required fields are marked *

കുറ്റ്യാടി എം.എൽ.എ. കെ.പി.കുഞ്ഞഹമ്മദ് കുട്ടിക്കെതിരെ സിപിഎം നടപടി, ജില്ലാ കമ്മിറ്റിയിലേക്ക് താഴ്ത്തി - The Political Editor