Categories
kerala

ശാന്തിവൃത്തിക്ക് സ്ത്രീയാണ് ഏറ്റവും യോജ്യം, പക്ഷേ പ്രായോഗികമായി ഒട്ടും ആശാസ്യമല്ല !!

തമിഴ്‌നാട്ടില്‍ സ്ത്രീകളെ ക്ഷേത്രപൂജാരിമാരായി നിയമിക്കുന്നു എന്ന വാര്‍ത്ത വന്നതിനു പിന്നാലെ ബ്രാഹ്മണ-തന്ത്ര സമൂഹത്തില്‍ നിന്നും കുലസ്ത്രീവാദവുമായി പലരും രംഗത്ത് വന്നു തുടങ്ങി. സ്ത്രീകള്‍ക്ക് ക്ഷേത്രത്തില്‍ സുരക്ഷാപ്രശ്‌നമുണ്ടെന്നും രാത്രിയിലും പുലര്‍ച്ചെയും ഒറ്റയ്ക്ക് പ്രവൃത്തി നടത്താന്‍ മാത്രം സുരക്ഷിതരല്ല സ്ത്രീകളെന്നും ക്ഷേത്രത്തില്‍ സ്ത്രീകള്‍ ഒറ്റയ്ക്ക് കഴിഞ്ഞു കൂടുന്നത് അടച്ചുറപ്പില്ലാത്ത അവസ്ഥയില്‍ ആശാസ്യമല്ലെന്നുമുള്ള വാദമാണ് ഇവര്‍ മുന്നോട്ടു വെക്കുന്നത്. സ്ത്രീകള്‍ക്ക് ഏതെങ്കിലും തരത്തില്‍ സുരക്ഷിതത്വ ഭീഷണിയുണ്ടെങ്കില്‍ അത് പുരുഷന്‍മാരില്‍ നിന്നും മാത്രമാണല്ലോ. അതിനാല്‍ സ്ത്രീകള്‍ ഈ കേരളത്തില്‍ ക്ഷേത്രത്തില്‍ പോലും ഇത്രമാത്രം അരക്ഷിതരാണെങ്കില്‍ അതിനു കാരണം ഇവിടുത്തെ പുരുഷന്‍മാരല്ലേ എന്ന ചോദ്യം ഈ താന്ത്രികപുരുഷ സമൂഹം അവഗണിക്കുകയും ചെയ്യുന്നു.
പ്രമുഖ താന്ത്രിക, പൂജാകര്‍മ്മ ശാസ്ത്ര തറവാടായ കോട്ടയം സൂര്യകാലടി മനയിലെ സൂര്യന്‍ സുബ്രഹ്മണ്യന്‍ ഭട്ടതിരിപ്പാടാണ് ക്ഷേത്ര പൗരോഹിത്യത്തില്‍ സ്ത്രീകള്‍ സുരക്ഷിതരല്ല എന്ന വാദവുമായി രംഗത്തെത്തിയിട്ടുള്ളത്. അതേസമയം ശാന്തി വൃത്തിയില്‍ സ്ത്രീകളാവും പുരുഷരെക്കാളും ഏറ്റവും അനുയോജ്യം എന്ന് ഇദ്ദേഹം ഉറപ്പിച്ചു പറയുകയും ചെയ്യുന്നു. ഒരു ദിനപത്രത്തിലെഴുതിയ കുറിപ്പിലാണ് സുബ്രഹ്മണ്യന്‍ ഭട്ടതിരിപ്പാട് തന്റെ വാദമുഖങ്ങള്‍ നിരത്തുന്നത്.
തമിഴ്‌നാട്ടില്‍ വന്ന സ്ഥിതിക്ക് കേരളത്തിലും സ്ത്രീകള്‍ പൂജാരിമാരായി വരും എന്നാണ് സുബ്രഹ്മണ്യന്‍ അനുമാനിക്കുന്നത്.( ശബരിമലാനന്തര കാലത്ത് കേരളം അതിനു തീരുമാനിക്കുമോ എന്ന കാര്യം ചിന്തനീയം) .പാരമ്പര്യ തന്ത്രികുടംബത്തിലെ ഒരു വനിത ഇപ്പോള്‍ പാരമ്പര്യത്തില്‍ നിന്നു കൊണ്ടു തന്നെ ദീക്ഷിതയായി ക്രിയകള്‍ നടത്തിവരുന്നതിനാല്‍ ശാന്തിക്കാരായി സ്ത്രീകള്‍ വരുന്നതിനെ ആരും എതിര്‍ക്കുമെന്ന് തോന്നുന്നില്ല എന്നും സുബ്രഹ്മണ്യന്‍ പറയുന്നു. മാത്രമല്ല, കര്‍മ്മങ്ങള്‍ പുരുഷശാന്തിക്കാരെക്കാള്‍ ശ്രദ്ധയോടെ ചെയ്യാന്‍ സ്ത്രീകളാണ് ഏറ്റവും യോജ്യര്‍.

ഇതെല്ലാം ശരിയെങ്കിലും അവരെ ശാന്തിവൃത്തിക്ക് പ്രായോഗികമായി നിയോഗിക്കരുത് എന്നാണ് ഭട്ടതിരിപ്പാടിന്റെ കുറിപ്പിന്റെ ഉള്ളടക്കം. ഇതിനായി നിരത്തുന്ന വാദമുഖങ്ങള്‍ താഴെപ്പറയുന്നവയാണ്…

thepoliticaleditor
സുബ്രഹ്മണ്യന്‍ ഭട്ടതിരിപ്പാട്(ഫോട്ടോ കടപ്പാട് ജന്മഭൂമി )

ക്ഷേത്രങ്ങള്‍ തുറക്കുന്നത് വെളുപ്പിന് 5 മണിക്കും ചിലപ്പോള്‍ അതിനു മു ന്‍പും ഒക്കെയാണ്. രാത്രിയില്‍ അടക്കുന്നതാകട്ടെ 7, 8 ചിലപ്പോള്‍ 9 വരെ നീളും. ഉത്സവം മുതലായ വിശേഷാവസരങ്ങളില്‍ അത് വളരെ നീളും.

ഉത്സവകാലങ്ങള്‍ പലപ്പോഴും ശാന്തിക്കാരന് ഉറക്കം നാമമാത്രമാണ്. ഇത് ഒരു സ്ത്രീക്ക് സുസാദ്ധ്യമല്ല. വെളുപ്പാന്‍ കാലത്തും രാത്രിയിലും കുറച്ച് ദൂരത്തുനിന്ന് ക്ഷേത്രത്തിലേക്ക് വരേണ്ടി വരുമ്പോളും ഇന്നത്തെ സാഹചര്യത്തില്‍ ഒരുസ്ത്രീ ഒറ്റക്ക് പോകുന്നത് ആശാസ്യമല്ല.

വെളുപ്പാന്‍ കാലത്തു ക്ഷേത്രം തുറക്കുന്ന സമയത്തും രാത്രി അടക്കുന്ന സമയത്തും ക്ഷേത്രം ഏറെക്കുറെ വിജനമായിരിക്കും. സ്വരക്ഷയും ക്ഷേത്രസുരക്ഷയും ഇവിടെ ചിന്തനീയമാണ്. ഇടക്കിടെ ഉണ്ടാകുന്ന ശാന്തിക്കാരുടെ സ്ഥലം മാറ്റവും പ്രശ്‌നങ്ങള്‍ സൃഷ്ടിക്കും.

പലപ്പോഴും ശാന്തിക്കാര്‍ രാത്രി കഴിഞ്ഞുകൂടുന്നത് ക്ഷേത്രത്തോടനുബന്ധിച്ചുള്ള ഒറ്റമുറിയിലും മറ്റുമായിരിക്കും. വിജനമായ സ്ഥലത്ത് അടച്ചുറപ്പില്ലാത്ത അവസ്ഥയില്‍ ഒരു സ്ത്രീ കഴിഞ്ഞുകൂടേണ്ടി വരുന്നത് ആശാസ്യമല്ല.

പല ക്ഷേത്രങ്ങളിലും ശാന്തിക്കാരന്‍ തറ്റുടുത്ത് വേണം ക്രിയകള്‍ നിര്‍വ്വഹിക്കാന്‍ എന്ന് നിഷ്‌ക്കര്‍ഷ ഉണ്ട്. അതും സ്ത്രീക്ക് പ്രായോഗികമല്ല. ഉത്സവത്തോടനുബന്ധിച്ചുള്ള ആറാട്ടിന് അനേകമാളുകള്‍ നോക്കി നില്‍ക്കേ വിഗ്രഹം എടുത്തുകൊണ്ട് സ്ത്രീശാന്തി മുങ്ങി ക്കുളിക്കുന്നതും അവിടെവച്ചുതന്നെ വസ്ത്രം മാറുന്നതും മറ്റും അപ്രായോഗികമാണ്.

ഈ പ്രശ്‌നങ്ങളൊക്കെ പരിഹരിക്കാന്‍ ചില നിര്‍ദ്ദേശങ്ങളും ഭട്ടതിരിപ്പാട് മുന്നോട്ടു വെക്കുന്നു.

അനവധി വൈരുദ്ധ്യങ്ങളെ അഭിമുഖീകരിക്കുവാന്‍ സ്ത്രീശാന്തിക്കാര്‍ തയ്യാറാകേണ്ടി വരും. ഇനി അങ്ങനെയല്ലങ്കില്‍ അവരുടെ സൗകര്യത്തിനനുസരിച്ച് ക്ഷേത്ര നിയമങ്ങള്‍ക്ക് വ്യത്യാസം വരുത്തുക എന്നതാണ് പോംവഴി.

ക്ഷേത്രങ്ങള്‍ തുറന്നു പ്രവര്‍ത്തിക്കുന്നത് 10 മുതല്‍ 5 വരെ എന്ന് നിജപ്പെടുത്തുക, ഉത്സവമായാലും പ്രതിഷ്ഠ ആയാലും കാലമോ മുഹൂര്‍ത്തമൊ നോക്കാതിരിക്കുക, ശ്രീകോവിലിനോടനുബന്ധിച്ച് തന്നെ ആധുനിക രീതിയിലുള്ള അടുക്കള പണിയുക, വലിയ വാര്‍പ്പിലും ഉരുളിയിലും മറ്റും ഉണ്ടാക്കപ്പെടുന്ന തരത്തിലുള്ള നിവേദ്യങ്ങള്‍ ബഹിഷ്‌ക്കരിക്കുക, ദിവസവും5 പൂജ, ശിവേലി തുടങ്ങിയവ ചുരുക്കി ഒന്നോ രണ്ടോ പൂജ മാത്രം എന്ന നിയമം കൊണ്ടുവരുക…

കേരളത്തിലെ ആദ്യ ദളിത് ശാന്തിക്കാരനായി നിയമിതനായ യദുകൃഷ്ണന്‍ പത്തനം തിട്ടയിലെ കീഴ്‌ചെറിവാല്‍ക്കടവ് ശിവക്ഷേത്രത്തിനു മുന്നില്‍ വിശ്വാസികള്‍ക്കൊപ്പം

ഇത്തരം പരിഷ്‌ക്കാരങ്ങള്‍ നടപ്പാക്കുവാന്‍ തയ്യാറെടുത്തിട്ടു വേണം സ്ത്രീശാന്തിക്കാരെ നിയോഗിക്കാനെന്നും അദ്ദേഹം പറയുന്നു.

പ്രത്യക്ഷത്തില്‍ സംതുലിതമെന്ന് ഒറ്റ നോട്ടത്തില്‍ തോന്നിപ്പിക്കുന്ന ഈ അഭപ്രായപ്രകടനത്തിനു പിന്നിലുള്ളത് സ്ത്രീ അബലയും അരക്ഷിതയും പെട്ടെന്ന് കളങ്കപ്പെട്ടു പോകുന്നവരും തനിച്ച് പുറത്തിറക്കാന്‍ പോലും അനുവദിക്കാന്‍ പാടില്ലാത്തവരുമൊക്കെയാണെന്ന കുലസ്ത്രീ സങ്കല്‍പം മുന്നോട്ടു വെക്കുന്ന സംഘപരിവാര്‍ കാഴ്ചപ്പാട് തന്നെയാണെന്നത് വ്യക്തമാണ്. സ്ത്രീകള്‍ ആരില്‍ നിന്നാണ് കളങ്കപ്പെടുന്നത്, ആരാണ് സ്ത്രീക്ക് വഴിനടക്കാനും ഒറ്റയ്ക്ക് താമസിക്കാനും സാധ്യമല്ലാതാക്കുന്നത് എന്നതാണ് ഉയരുന്ന ചോദ്യം. പുരുഷമേധാവിത്വവും അവരുടെ ലൈംഗിക താല്‍പര്യങ്ങളും മാത്രമാണ് എന്നതാണ് ഉത്തരം. ഇത് മറച്ചുവെക്കുകയും ചെയ്യുന്നു.
ശബരിമലവിധി വന്ന കാലത്ത് കേരളത്തില്‍ ഉയര്‍ന്ന സ്ത്രീവിരുദ്ധ വാദങ്ങള്‍ തന്നെയാണ് സ്ത്രീശാന്തിക്കാരുടെ കാര്യത്തിലും ഉയര്‍ന്നു വരാന്‍ പോകുന്നതെന്നതിന്റെ സൂചനയാണിത്.

Spread the love
English Summary: WOMEN PRIESTS IN TEMPLES IN PRACTICALLY NOT DESIRABLE SAYS SOORYA KALADI SUBRAHMANIAN BHATTATHIRI

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick