Categories
latest news

ഇങ്ങനെയാണ് നിങ്ങള്‍ ജനത്തെ കുടുക്കുന്നത്; ട്വിറ്റര്‍ നല്‍കിയ മുട്ടന്‍ പണി ബി.ജെ.പി.ക്ക് നല്ലൊരു മറുപടിയാണ്

അറിയാതെ ചില നിയമ ലംഘനങ്ങള്‍ നമ്മളെല്ലാം ജീവിതത്തില്‍ ചെയ്യാറുണ്ട്, അത് ആരും പൊക്കിപ്പിടിച്ച് നമ്മളെ രാജ്യദ്രോഹികളും നിയമ ലംഘകരും ആക്കാറില്ല. സാമൂഹിക മാധ്യമങ്ങള്‍ ഉപയോഗിക്കുന്നവരില്‍ അധികം പേരും വ്യവസ്ഥിതിയെ വിമര്‍ശിക്കുന്ന വൈകാരിക പരാമര്‍ശങ്ങള്‍ നടത്താറുണ്ട്. അതൊക്കെ എല്ലാവരും വലിയ ക്രൈം ആയി കണ്ടെത്തി നിയമനടപടി എടുക്കാറില്ല, പ്രത്യേകിച്ച് ഭരണകൂടം.
എന്നാല്‍ ഇപ്പോള്‍ ഇന്ത്യ ഭരിക്കുന്ന കക്ഷി ചെയ്യുന്നത് എന്താണ്. സര്‍ക്കാരിന്റെ, അല്ലെങ്കില്‍ ഭരണാധികാരികളുടെ കൊള്ളരുതായ്മയെ വിമര്‍ശിച്ച് എന്തെങ്കിലും പറഞ്ഞാല്‍ ഉടനെ ഇവര്‍ രംഗത്തു വരികയായി. 124-എ മുതല്‍ പല വകുപ്പുകളും ചേര്‍ത്ത് കേസ്. അറസ്റ്റ്, ജയിലിലടല്‍.

ഇപ്പോള്‍ തുടര്‍ച്ചയായി തിരിച്ചടികളാണ് കോടതികളില്‍ നിന്ന്. രഞ്ജന്‍ ഗൊഗോയിയും എസ്.എ. ബോബ്‌ഡെയും സുപ്രീംകോടതിയിലെ മുഖ്യന്യായാധിപ സ്ഥാനത്തു നിന്നും വിരമിച്ചതിനു ശേഷം കോടതികളില്‍ നിന്നും ഉണ്ടാകുന്ന വിധികള്‍ പരിശോധിക്കുക. മുമ്പ് കേസുകള്‍ അലോട്ട് ചെയ്തിരുന്നതില എന്തെങ്കിലും താല്‍പര്യങ്ങള്‍ ഇപ്പോള്‍ ഇല്ലാതായതു കൊണ്ടാണോ എന്നറിയില്ല, ജസ്റ്റിസുമാരായ ചന്ദ്രചൂഡിന്റെയും ഖാന്‍വില്‍ക്കറിന്റെയും ഭട്ടിന്റെയും ഒക്കെ ബഞ്ചുകളില്‍ വരുന്ന നിര്‍ണായക കേസുകളില്‍ ജനാധിപത്യ സ്വാതന്ത്ര്യം ഉയര്‍ത്തിപ്പിടിക്കുന്ന വിധികള്‍ വരുന്നു. പൊതുവെ സംസ്ഥാന ഹൈക്കോടതികളും കേന്ദ്രസര്‍ക്കാരിനെതിരെ മുഖ്ം നോക്കാതെ നിര്‍ഭയം വിധികള്‍ പുറപ്പെടുവിക്കുന്നു.
അടിച്ചേല്‍പ്പിക്കപ്പെടുന്ന, ആരോപിക്കുന്ന കുറ്റങ്ങള്‍ ഉയര്‍ത്തി നിര്‍ത്തി കേസില്‍ക്കുടുക്കാനുള്ള പ്രവണതയ്ക്ക് കനത്ത തിരിച്ചടിയായി മാറിയിരിക്കയാണ് സമീപകാല വിധികള്‍ പലതും. വിനോദ് ദുവ കേസിലെ സുപ്രീംകോടതി വിധി, വാക്‌സിനേഷന്‍ നയത്തില്‍ പുറപ്പെടുവിച്ച ചില പരാമര്‍ശങ്ങള്‍, കഴിഞ്ഞ ദിവസം കേരള ഹൈക്കോടതിയില്‍ നിന്നുണ്ടായ രണ്ട് ഉത്തരവുകള്‍–ലക്ഷദ്വീപിലെ ഭക്ഷണശീലങ്ങള്‍ മാറ്റുന്നത് നിര്‍ത്തി വെക്കാനുള്ള ഉത്തരവ്, ഐഷ സുല്‍ത്താനയുടെ വിമര്‍ശനത്തില്‍ രാജ്യദ്രോഹമില്ല എന്ന പരാമര്‍ശം എന്നിവ–കേന്ദ്രസര്‍ക്കാരിനെയോ സംഘപരിവാര്‍ അജണ്ടകളെയോ ഒരു അദൃശ്യസ്വാധീനമായി പരിഗണിക്കാതെയുള്ള നിഷ്പക്ഷമായ ഉത്തരവുകളായി മാറിയിരിക്കുന്നു.

thepoliticaleditor

ഈ സാഹചര്യത്തിലാണ് കേന്ദ്ര ഐ.ടി. മന്ത്രിക്ക് ട്വിറ്റര്‍ കൊടുത്ത മുട്ടന്‍ പണിയെ വീക്ഷിക്കേണ്ടത്. സാമൂഹിക മാധ്യമങ്ങളെ കേസുകള്‍ കൊണ്ട് പൂട്ടാന്‍ രവിശങ്കര്‍ പ്രസാദ് കൊണ്ടുവന്ന സോഷ്യല്‍ മീഡിയ ഇന്റര്‍മീഡിയറി ആക്ട് നടപ്പാക്കിയില്ല എന്നതിന്റെ പേരില്‍ ട്വിറ്ററിനെതിരെ കേസ് വന്നു. ട്വിറ്റര്‍ ഇന്ത്യയുടെ മേധാവിയെ ബംഗലൂരുവില്‍ പൊലീസ് വിളിച്ചു വരുത്തി ചോദ്യം ചെയ്തു. ഫേസ്ബുക്കും ഗൂഗിളും ഒക്കെ രവിശങ്കറിന്റെ മുന്നില്‍ പ്രണമിച്ചപ്പോള്‍ ട്വിറ്റര്‍ ന്യായങ്ങള്‍ പറഞ്ഞത് അദ്ദേഹത്തിന് തീരെ പിടിച്ചില്ല. എന്തായിരുന്നു ട്വിറ്ററിനെതിരായ കേസുകള്‍. ട്വിറ്ററില്‍ സര്‍ക്കാരിനെതിരെ നടത്തിയ ചില പ്രതികരണങ്ങളാണ്. അതിന്റെ പേരിലാണ് കുരുക്കിടുന്നത്.
പക്ഷേ ഈ കുരുക്കൊക്കെ ഒരുക്കിയ രവിശങ്കറും അറിയാതെ കുരുക്കിലായി. സോണി മ്യൂസിക് കമ്പനിക്ക് പകര്‍പ്പവകാശമുള്ള ഒരു പാട്ട് മന്ത്രി ഷെയര്‍ ചെയ്തു. വകുപ്പും ന്യായവും പറയുന്ന മന്ത്രിക്ക് ഇത് ചെയ്യാമോ. സാധാരണരീതിയില്‍ ഇതൊന്നും ആരും കാര്യമായി ശ്രദ്ധിക്കാറില്ല. പ്രത്യേകിച്ച് പതിറ്റാണ്ടുകള്‍ക്കു മുമ്പ് പ്രചരിച്ച് സകലരും കേട്ട് പ്രതീകം പോലെയായ ദേശഭക്തിഗാനം.

്അറിയാതെ നിര്‍ദോഷമായി ചെയ്യുന്ന നിയമലംഘനങ്ങള്‍, അത് ആരും ചെയ്തു പോകാവുന്നതും ക്ഷമിക്കാവുന്നതും ആണ്. ഇത് മന്ത്രിയെ ബോധ്യപ്പെടുത്താന്‍, അല്ലെങ്കില്‍ മന്ത്രിക്കും ഇങ്ങനെയൊക്കെ സംഭവിക്കാം എന്ന് ലോകത്തെ ബോധ്യപ്പെടുത്താന്‍ ട്വിറ്റര്‍ രവിശങ്കര്‍ പ്രസാദിനെ ഒന്നു ചെറുതായി തോണ്ടിയപ്പോള്‍ സാധിച്ചു.
വാളെടുത്തവന്‍ വാളാല്‍ എന്നു പറഞ്ഞതു പോലായി. മിസ്റ്റര്‍ മിനിസ്റ്റര്‍, ഇത്രയൊക്കെ കണ്ടില്ലെന്നു നടിക്കാവുന്ന ചില ലംഘനങ്ങളൊക്കെയേ ഇന്ത്യന്‍ പൗരന്‍മാര്‍ നടത്തുന്ന വിമര്‍ശനങ്ങളില്‍ ഉള്ളൂ.. അത് തോണ്ടിയെടുത്ത് പൊക്കിപ്പിടിച്ച് 124-എയും 379 ഉം ഒക്കെ അടിച്ചു ചേര്‍ത്ത് ജയിലിലിടുന്ന പരിപാടി ഇനിയും അങ്ങയുടെ സര്‍ക്കാരിന് അവസാനിപ്പിച്ചു കൂടേ…ഈയൊരു സന്ദേശം നല്‍കാന്‍ ട്വിറ്ററിന് സാധിച്ചു. സബാഷ്… ഇന്ത്യന്‍ പ്രതിപക്ഷത്തിനു പോലും കഴിയാത്ത കാര്യം.

Spread the love
English Summary: act of twitter is a nice reminder for bjp

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick