Categories
exclusive

കുഴല്‍പ്പണക്കേസ് സംസ്ഥാനഭാരവാഹികളിലേക്കു നീങ്ങുമ്പോള്‍ കേന്ദ്ര ഇടപെടലിന് പഴുതു തേടി ബി.ജെ.പി. സംസ്ഥാന നേതാക്കള്‍, എം.എസ്.കുമാറിന്റെ പരോക്ഷ വിമർശം ചർച്ചയാകുന്നു

കൊടകര കുഴല്‍പ്പണ കേസ് കൂടുതല്‍ സങ്കീര്‍ണമാകുകയാണ്. മൂന്നര കോടി രൂപയാണ് കടത്താന്‍ ശ്രമിച്ചതെന്നും അതില്‍ ബി.ജെ.പി.യുടെ സംസ്ഥാന നേതാക്കള്‍ക്ക് ബന്ധമുണ്ടെന്നും തൃശ്ശൂര്‍ ജില്ലാ നേതാക്കളെ കഴിഞ്ഞ ദിവസം ചോദ്യം ചെയ്തപ്പോള്‍ പോലീസിന് മനസ്സിലായിരുന്നു. തുടര്‍ന്ന് സംസ്ഥാന സംഘടനാ ജനറല്‍ സെക്രട്ടറി എം.ഗണേശന്‍, സംസ്ഥാന കമ്മിറ്റി ഓഫീസ് സെക്രട്ടറി ഗീരീഷ് എന്നിവരെ ചോദ്യം ചെയ്യാന്‍ ഇന്ന് ഹാജരാകാന്‍ പൊലീസ് നോട്ടീസ് നല്‍കിയെങ്കിലും അവര്‍ വന്നില്ല. പെട്ടെന്ന് പൊലീസിന്റെ വലയിലായി പെട്ടുപോകരുതെന്ന നിര്‍ദ്ദേശമാണ് അവര്‍ക്ക് ഉന്നതരില്‍ നിന്നും കിട്ടിയിരിക്കുന്നത്. ബി.ജെ.പി.ക്കെതിരെ സാവകാശം വലിയിട്ട് ശക്തമായ കുരുക്കുണ്ടാക്കാനാണ് കുഴല്‍പ്പണക്കേസിലൂടെ സംസ്ഥാന പൊലീസ് ലക്ഷ്യമിടുന്നത്.

അതേസമയം, കര്‍ണാടകത്തില്‍ നിന്നും വന്ന പണം ആയതിനാല്‍ കേന്ദ്ര ഏജന്‍സികളെ കൊണ്ട് കേസില്‍ ഇടപെടുവിക്കാനുള്ള ശ്രമം ഉന്നത തലത്തില്‍ നടക്കുന്നുണ്ട്. എന്‍ഫോഴ്‌സ്‌മെന്റോ റവന്യൂ ഇന്റലിജന്‍സോ കേസില്‍ ഇടപെട്ടുകഴിഞ്ഞാല്‍ പതുക്കെ ഒതുക്കിത്തീര്‍ക്കാന്‍ സാധിക്കുമെന്ന് കരുതുന്നവരുണ്ട്. സംസ്ഥാനപൊലീസ് എടുത്ത ക്രിമിനില്‍ കേസ് താഴെത്തട്ടിലുള്ള ഏതാനും പേരില്‍ ഒതുങ്ങിക്കൊള്ളും എന്ന നിഗമനമാണ് . ഉന്നത നേതൃത്വം പ്രതികളാകുന്നത് പാര്‍ടിയുടെ എല്ലാ വിശ്വാസ്യതയും കളഞ്ഞു കുളിക്കും എന്നത് കേരളത്തില്‍ ഇപ്പോള്‍ തോറ്റു നില്‍ക്കുന്ന ബി.ജെ.പി.യെ സംബന്ധിച്ച് ജീവന്‍മരണ പ്രശ്‌നമാണ്.

thepoliticaleditor
കെ. സുരേന്ദ്രൻ

കര്‍ണാടകത്തില്‍ നിന്നും കൊണ്ടുവന്ന പണം എന്ന നിലയില്‍ അന്തര്‍സംസ്ഥാന ബന്ധം ഉള്ള സാമ്പത്തിക ഇടപാട് എന്ന രൂപത്തില്‍ കേന്ദ്ര ഏജന്‍സികളുടെ ഇടപെടല്‍ സാധ്യമാകുമോ എന്നാണ് ആലോചന. കുഴല്‍പ്പണക്കേസില്‍ തങ്ങളെ ഒരു ചുക്കും ചെയ്യാനാവില്ല എന്ന സ്വരത്തില്‍ സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രൻ പ്രതികരിച്ചത് ഇതിലേക്കുള്ള സൂചനയാണെന്ന് ഊഹിക്കപ്പെടുന്നു. കേസ് കേന്ദ്ര ഏജന്‍സികളുടെ വരുതിയില്‍ വന്നുകഴിഞ്ഞാല്‍ പണത്തിന്റെ സ്രോതസ്സ് ഉപായത്തില്‍ സൃഷ്ടിച്ചെടുത്ത് വേണമെങ്കില്‍ പിഴ അടച്ച് കേസ് ഒതുക്കാന്‍ ശ്രമിക്കുമെന്നാണ് ബി.ജെ.പി.യിലെ ഒരു വിഭാഗം വിശ്വസിക്കുന്നത്.

എം.എസ്. കുമാർ

എന്നാല്‍ പ്രമുഖരായ ചില കെ.സുരേന്ദ്രന്‍ വിരുദ്ധ വിഭാഗം ഈ കേസ് പാര്‍ടിയിലെ ഗ്രൂപ്പു രാഷ്ട്രീയത്തില്‍ വഴിത്തിരിവുണ്ടാക്കാന്‍ ഇടയാക്കിയെങ്കില്‍ എന്ന് ആഗ്രഹിക്കുന്നുണ്ട്. നിലവില്‍ ഒരു വിഭാഗം എല്ലാ അര്‍ഥത്തിലും കയ്യടക്കിയ പാര്‍ടി അവരുടെ അധാര്‍മിക നീക്കങ്ങളാല്‍ ശിഥിലമാകുകയാണെന്ന് അഭിപ്രായം ചിലര്‍ ഉയര്‍ത്തുന്നുണ്ട്. സംസ്ഥാന നേതാവ് എം.എസ്. കുമാറിന്റെ ഫേസ്ബുക്ക് കുറിപ്പിലെ ചില വാചകങ്ങള്‍ ഈ സാഹചര്യത്തില്‍ ശ്രദ്ധേയമായിരിക്കയാണ്.–“നേതൃത്തം ചെറുപ്പം ആയാൽ മാത്രം സംഘടന രക്ഷപ്പെടുമോ? നേതൃസ്ഥാനത്തു എത്തുന്നവർ എല്ലാ അർത്ഥത്തിലും സ്വഭാവശുദ്ധി ഉള്ളവരാകണം. അഴിമതിക്ക് അതീരായിരിക്കണം. ഏതിനോടും പ്രതികരിക്കുമ്പോൾ പക്വത കാണിക്കുന്നവരാകണം. എല്ലാ തലമുറയിലും പെട്ട ജനങ്ങൾക്ക്‌ സ്വീകാര്യരാവണം. എങ്കിൽ തീർച്ചയായും അവർ നയിക്കുന്ന പ്രസ്ഥാനത്തിനു ജനപിന്തുണ ഉണ്ടാകും. തങ്ങൾ അല്ല ജനങ്ങൾ ആണ് യജമാനന്മാർ എന്ന ബോധ്യം ഇണ്ടാകണം.” ഇതാണ് കുമാർ ഇട്ട കുറിപ്പിലെ അർത്ഥ ഗർഭമായ ഭാഗം. ഈ കുറിപ്പ് വ്യാപകമായി ചർച്ചയായിട്ടുണ്ട്.

Spread the love
English Summary: kodakara unidentified money case --bjp state leadership in trouble

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick