Categories
economy

പ്രതിസന്ധികളെ നേരിടാന്‍ ത്രാണിയില്ലാത്ത ബജറ്റ്

കേന്ദ്രബജറ്റിനെ പ്രമുഖ സാമ്പത്തികശാസ്ത്ര നിരീക്ഷകനും കോളേജ് അധ്യാപകനുമായ ഡോ. കെ.പി.വിപിന്‍ചന്ദ്രന്‍ വിലയിരുത്തുന്നു

Spread the love
ഡോ. കെ.പി.വിപിന്‍ചന്ദ്രന്‍

കൊവിഡാനന്തര ഇന്ത്യയുടെ സാമ്പത്തികവും ആരോഗ്യപരവുമായ പ്രതിസന്ധികളെ നേരിടാന്‍ ശക്തമായ ഒരു പ്രഖ്യാപനങ്ങളും കേന്ദ്രബജറ്റില്‍ കാണാനില്ല. സാമ്പത്തിക സര്‍വ്വ 2020-21ല്‍ മൂന്ന് പ്രധാന വെല്ലുവിളികള്‍ തിരിച്ചറിഞ്ഞിരുന്നു. ആരോഗ്യം, സമ്പത്ത്, ജനതയുടെ അതിജീവനം എന്നിവയായിരുന്നു അവ. ഈ വെല്ലുവിളികളെ നേരിടാന്‍ സാമ്പത്തിക സര്‍വ്വെ മുന്നോട്ടു വെക്കുന്നത് നാല് രീതികളാണ്–പരിഷ്‌കാരങ്ങള്‍, അടിസ്ഥാന വികസനം, ആത്മനിര്‍ഭര്‍ ഭാരത്, വാക്‌സിന്‍. എന്നാല്‍ ഇവയ്ക്കുള്ള കാര്യമായ നിര്‍ദ്ദേശങ്ങള്‍ ബജറ്റില്‍ ഇല്ല.
ആരോഗ്യമേഖലയ്ക്ക് 2,20,800 കോടിയാണ് നീക്കി വെച്ചിട്ടുള്ളത്. കൊവിഡ് വാക്‌സിനായി 35,000 കോടിയും നീക്കി വെച്ചു. കഴിഞ്ഞ ബജറ്റില്‍ ആരോഗ്യമേഖലയ്ക്ക് ജി.ഡി.പി.യുടെ 1.8 ശതമാനമായിരുന്നു നീക്കി വെച്ചത്. ഈ ബജറ്റില്‍ അഞ്ച് മുതല്‍ ഏഴ് ശതമാനം വരെ വിഹിതം മാറ്റി വെച്ചാല്‍ മാത്രമേ കൊവിഡ് മഹാമാരി ഉയര്‍ത്തുന്ന ഭീഷണികളെ ഇന്ത്യയ്ക്ക് നേരിടാന്‍ സാധിക്കുകയുള്ളൂ.
ഈ ബജറ്റ് മുന്‍ തൂക്കം നല്‍കുന്നത് അടിസ്ഥാന വികസനത്തിനാണ്. ആത്മനിര്‍ഭര്‍ ഭാരത് പാക്കേജിലൂടെ 13 പ്രധാന മേഖലയെ ആണ് ഉന്നം വെക്കുന്നത്. ഈ വര്‍ഷത്തെ ബജറ്റ് ആത്മനിര്‍ഭര്‍ ഭാരതിന്റെ തുടര്‍ച്ചയായാണ് വിലയിരുത്തേണ്ടത്.
ദേശീയ പാതാ വികസനത്തിന് കേരളത്തിന് 55000 കോടിയും പശ്ചിമബംഗാളിന് 95000 കോടിയും തമിഴ്‌നാടിന് 1.03 ലക്ഷം കോടിയും പ്രഖ്യാപിച്ചിട്ടുണ്ട്.(മൂന്ന് സംസ്ഥാനത്തും അടുത്ത മാസങ്ങളില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കയാണ്. അവിടങ്ങളിലെല്ലാം ബി.ജെ.പി.ക്ക് നിറമുള്ള സ്വപ്‌നങ്ങളുമുണ്ട് !!) കേരളത്തിന് നല്‍കിയ തുക ഇവിടുത്തെ ദേശീയപാതാവികസനത്തിന് ഗുണകരമാകും. കൊച്ചി മെട്രോ 11.5 കിലോമീറ്റര്‍ നീട്ടുന്നതിനായി 1957 കോടി രൂപയും പ്രഖ്യാപിച്ചിട്ടുണ്ട്.
റെയില്‍വേ, എയര്‍പോര്‍ട്ട്, ദേശീയപാത തുടങ്ങിയ അടിസ്ഥാന മേഖലകളില്‍ പൊതു-സ്വകാര്യ പങ്കാളിത്തം ഉറപ്പുവരുത്തുന്നതായി ബജറ്റ് പ്രഖ്യാപിക്കുന്നു. എയര്‍ ഇന്ത്യയുടെ സ്വകാര്യവല്‍ക്കരണം 2022-ല്‍ പൂര്‍ത്തിയാക്കുമെന്നും പ്രഖ്യാപിക്കുന്നു. ഇന്ത്യയുടെ അടിസ്ഥാനവികസന മേഖലകളില്‍ ഇത്തരം തീരുമാനങ്ങള്‍ ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കും.
ഇന്‍ഷുറന്‍സ് മേഖലയുടെ വിദേശ നിക്ഷേപ പരിധി നിലവിലെ 49 ശതമാനത്തില്‍ നിന്നും 74 ശതമാനമാക്കി ഉയര്‍ത്താനും സര്‍ക്കാര്‍ അധീനതയിലുള്ള ഭൂമി വില്‍പന പ്രോല്‍സാഹിപ്പിക്കാനും ഓഹരി വിറ്റഴിക്കല്‍ ത്വരിതമാക്കാനും ഉള്ള നയങ്ങള്‍ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയ്ക്ക് ഗുണകരമാകുമെന്ന് തോന്നുന്നില്ല. ഓഹരി വില്‍പനയിലൂടെ ഒരു ലക്ഷത്തി എഴുപത്തയ്യായിരം കോടി രൂപ സ്വരൂപിക്കാനാണ് പദ്ധതി.
രണ്ട് പ്രധാന പൊതുമേഖലാ ബാങ്കുകള്‍ കൂടി സ്വകാര്യവല്‍ക്കരിക്കാനും കിട്ടാക്കടം ഉള്‍പ്പെടെയുള്ളവയുടെ ബാധ്യത പരിഹരിക്കാന്‍ ബാങ്കുകള്‍ക്ക് 2000 കോടി രൂപ നല്‍കാനും ബജറ്റ് നിര്‍ദ്ദേശിക്കുന്നുണ്ട്.
കാര്‍ഷിക മേഖലയില്‍ ചില പ്രഖ്യാപനങ്ങള്‍ പഴയതിന്റെ ആവര്‍ത്തനമാണ്. കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കുമെന്ന മുന്‍കാല ബജറ്റിലെ പ്രഖ്യാപനം ആവര്‍ത്തിക്കുന്നുണ്ട്. വിളകള്‍ക്ക് താങ്ങുവിലയ്ക്കായി 1.72 ലക്ഷം കോടി, വായ്പയ്ക്ക് 16.5 ലക്ഷം കോടി, എ.പി.എം.സി.കള്‍ക്ക് കാര്‍ഷിക അടിസ്ഥാന വികസന ഫണ്ട്, എന്നിവ ബജറ്റില്‍ പ്രഖ്യാപിച്ചിട്ടുണ്ട്.
അസംഘടിത മേഖലയിലെ തൊഴിലില്ലായ്മ രാജ്യത്ത് ഏറ്റവും ഉയര്‍ന്ന നിലയിലാണിപ്പോള്‍. എന്നാല്‍ യുവജനങ്ങളുടെയും തൊഴില്‍ രഹിതരുടെയും പ്രശ്‌നങ്ങള്‍ പരിഹരിക്കുന്ന ഒരു നിര്‍ദ്ദേശവും ബജറ്റില്‍ കാണാനില്ല. എല്ലാ വിഭാഗം തൊഴിലാളികള്‍ക്കും മിനിമം വേതനം ഈ ബജറ്റ് ഉറപ്പു വരുത്തും എന്ന പ്രഖ്യാപനത്തിന്റെ യുക്തി എന്താണെന്ന് മനസ്സിലാവുന്നില്ല.
അസംഘടിത തൊഴിലാളികള്‍, കുടിയേറ്റ തൊഴിലാളികള്‍, സമൂഹത്തിലെ താഴെക്കിടയിലുള്ളവര്‍ എന്നിവരരെ സമൂഹത്തിന്റെ മുന്‍നിരയിലേക്ക് എത്തിക്കാനുള്ള പദ്ധതി ഈ ബജറ്റില്‍ കാണുന്നില്ല. ജനങ്ങള്‍ക്ക് നേരിട്ടു പണം കൈമാറി താഴെത്തട്ടില്‍ വിനിയോഗം കൂട്ടാനുള്ള പ്രഖ്യാപനങ്ങളും ഇല്ല.
കഴിഞ്ഞ വര്‍ഷത്തെ ബജറ്റുമായി താരതമ്യം ചെയ്യുമ്പോള്‍ ഒരു കാര്യം ഉറപ്പിച്ചു പറയാം– നമ്മുടെ രാജ്യം നൂറ്റാണ്ടിലെ ഏറ്റവും വലിയ ആരോഗ്യപ്രതിസന്ധിയും സാമ്പത്തിക പ്രതിസന്ധിയും അനുഭവിക്കുമ്പോള്‍, ഈ വര്‍ഷത്തെ ബജറ്റ് ഭാവി ഇന്ത്യയിലെ സാമ്പത്തിക പ്രശ്‌നങ്ങള്‍ നേരിടാന്‍ പ്രാപ്തമല്ല എന്നതില്‍ ഒരു സംശയവും വേണ്ട.

Spread the love
English Summary: prominent economic analyst dr. k.p. vipin chandran reviews the union budget 2021-22.

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick