പുതിയ കേന്ദ്രബജറ്റില്‍ തീരെ ഇല്ലാതെ പോയ കാര്യമെന്ത് എന്നു ചോദിക്കുന്നവര്‍ക്ക് എന്ത് ഉത്തരം നല്‍കും.. അത് റെയില്‍വേയുമായി ബന്ധപ്പെട്ട ഒരു കാര്യമാണ്. ഒറ്റ പുതിയ ട്രെയിനും പ്രഖ്യാപിക്കാത്ത ബജറ്റ് ആണിത്–മെട്രോകളെ മാറ്റി നിര്‍ത്തിയാല്‍. റെയില്‍വേ ജീവനക്കാരെ പറ്റിയും ബജററില്‍ ഒന്നും പറയുന്നില്ല.
പണ്ട് കേന്ദ്രസര്‍ക്കാരിന് പ്രത്യേകം റെയില്‍ ബജറ്റു തന്നെയുണ്ടായിരുന്നു. റെയില്‍വേയുടെ എല്ലാ വരവും ചെലവും വികസനവും ചര്‍ച്ച ചെയ്യുന്ന ബജറ്റ്. പൊതു ബജറ്റിനു മുന്‍പുള്ള ദിവസം റെയില്‍വേ ബജറ്റ് അവതരിപ്പിക്കും. 1924ല്‍ ബ്രിട്ടീഷ് കാലഘട്ടം മുതല്‍ നിലവിലുള്ള ഈ പതിവ് 2016-ല്‍ അവസാനത്തെ റെയില്‍വേ ബജറ്റ് അവതരിപ്പിച്ചുകൊണ്ട് നിര്‍ത്തലാക്കിയത് നരേന്ദ്രമോദിയുടെ ഒന്നാം മന്ത്രസഭയിലെ റെയില്‍വേ മന്ത്രിയായിരുന്ന സുരേഷ്പ്രഭു ആയിരുന്നു. അന്ന് ധനകാര്യമന്ത്രിയായിരുന്ന അരുണ്‍ ജെയ്റ്റ്‌ലി അടുത്ത ധനകാര്യവര്‍ഷം മുതല്‍ അതായത് 2017- മുതല്‍ ഉണ്ടാവില്ലെന്ന് പ്രഖ്യാപിച്ചു. മാത്രമല്ല, പൊതുബജറ്റ് അവതരണം ഫെബ്രുവരി ഒന്നാം തീയതിയിലേക്ക് മാറ്റിയതും ഈ കാലത്താണ്. അതുവരെ ഫെബ്രുവരി അവസാനമായിരുന്നു ബജറ്റവതരണം.
ഇത്തവണത്തെ ബജറ്റില്‍ കേരളത്തിലെ ഏക മെട്രോയ്ക്ക് 11 കിലോമീറ്റര്‍ ദൂരം അധികം സഞ്ചരിക്കാന്‍ നിര്‍മ്മാണത്തിന് ഫണ്ട് നല്‍കുന്നുണ്ട്–1900 കോടി. ചെന്നൈ, ബംഗലൂരു, നാഗ്പൂര്‍, നാസിക് എന്നിവിടങ്ങളിലെ മെട്രോകള്‍ക്കും ഫണ്ട് വകയിരുത്തിയിട്ടുണ്ട്.
മുന്‍വര്‍ഷത്തെ ബജറ്റിലുള്ളതിനെക്കാളും 38,000 കോടി രൂപ അധികം ലഭ്യമാകും ഇത്തവണ റെയില്‍വേക്ക് എന്നാണ് വിലയിരുത്തല്‍. കഴിഞ്ഞ തവണ കിട്ടിയത് 72.21 കോടി രൂപയായിരുന്നു.