ഹൈദരാബാദില്‍ ബി.ജെ.പി പച്ചയ്ക്ക് വിതച്ച മുസ്ലീം വിരുദ്ധ വിദ്വേഷ പ്രചാരണം ചരിത്രത്തില്‍ ഇതുവരെ ഇല്ലാത്തത്ര അപകടകരമായി വിധമായിരുന്നു. പച്ചവര്‍ഗീയത ഹിന്ദുവോട്ട് ധ്രുവീകരണത്തിന് സാഹചര്യമൊരുക്കി എന്നതാണ് 2016-ല്‍ ഉണ്ടായിരുന്ന വെറും നാല് സീറ്റില്‍ നിന്നും 48 സീറ്റിലേക്ക് ബി.ജെ.പി.യെ നയിച്ചത്. ഇന്ത്യയില്‍ എവിടെ ഭരണം പിടിക്കാനും ബി.ജെ.പി. പയറ്റിക്കൊണ്ടിരിക്കുന്ന ഈ ധ്രുവീകരണ തന്ത്രം ഇത്തവണ ടി.ആര്‍.എസിന്റെ അടവേര് തൂത്തുവാരി. 2023-ല്‍ നടക്കാനിരിക്കുന്ന തെലങ്കാന സംസ്ഥാന തിരഞ്ഞെടുപ്പിലെ തന്ത്രത്തിന്റെ ഒരു ട്രയല്‍ ആണ് ഹൈദരാബാദില്‍ ബി.ജെ.പി. പ്രയോഗിച്ചത് എന്ന് അവരുടെ നേതാക്കളുടെ വാക്കുകളില്‍ തന്നെ സൂചനയുണ്ട്.
ഹൈദരാബാദിനെ പാകിസ്താനോട് ഉപമിച്ചും അസദുദ്ദീന്‍ ഒവൈസിയെ മുഹമ്മദ് അലി ജിന്നയോട് ഉപമിച്ചുമായിരുന്നു ബി.ജെ.പി.യുടെ വിദ്വേഷ പ്രസംഗങ്ങള്‍.
പ്രധാനമായും പ്രസംഗിച്ചത് താഴെപ്പറയുന്നവയായിരുന്നു :
- മേയര്‍ സ്ഥാനം ബി.ജെ.പിക്ക് ലഭിക്കുകയാണെങ്കില്‍ അടുത്ത നിമിഷം പത്താ ബസ്തി( ഓള്‍ഡ് സിറ്റി)യില്‍ ഒരു സര്‍ജിക്കല്‍ സ്‌ട്രൈക്ക് നടത്തും. അവിടെ തമ്പടിച്ച രോഹിന്‍ഗ്യകളെയും പാകിസ്താന്റെ പുത്രന്‍മാരെയും അടിച്ചു പുറത്താക്കേണ്ടത് ബി.ജെ.പി.യുടെ ഉത്തരവാദിത്വമാണ്.—തെലങ്കാന ബി.ജെ.പി. അധ്യക്ഷന്‍ ബന്‍ഡി സഞ്ജയ് കുമാര്‍ നടത്തിയ പ്രസംഗം ഈ രീതിയില്‍.
- അസദുദ്ദീന്‍ ഒവൈസി മുഹമ്മദലി ജിന്നയുടെ ഇന്ത്യന്‍ രൂപമാണ്. മുസ്ലീമിന് ചെയ്യുന്ന ഓരോ വോട്ടും ഇന്ത്യയ്ക്ക് എതിരായി ചെയ്യുന്ന വോട്ടാണ്, ഇന്ത്യയുടെ നിലപാടുകള്‍ക്കെതിരായി ചെയ്യുന്ന വോട്ടാണ്.—ബംഗലുരുവിലെ ബി.ജെ.പി. എം.പി. തേജസ്വി സൂര്യ ഹൈദരാബാദില്‍ നടത്തിയ പ്രസംഗമായിരുന്നു ഇത്.
- ഹൈദരാബാദില്‍ ജയിച്ചാല്‍ ഈ നഗരത്തിന്റെ പേര് ഭാഗ്യനഗരം എന്നാക്കി മാറ്റും. മുസ്ലീം ഐഡന്റിറ്റിയില്‍ നിന്നും ഹൈദരാബാദിന്റെ പ്രതാപം തിരിച്ചുപിടിക്കും—ഉത്തര്‍പ്രദേശ് മു്ഖ്യമന്ത്രി യോഗി ആദിത്യനാഥ് ഹൈദരാബാദിലെ പ്രചാരണ യോഗത്തില്‍ പ്രസംഗിച്ചത് ഇങ്ങനെ.
ഇതായിരുന്നു പ്രചാരണത്തിന്റെ സാമ്പിളുകള്‍. പച്ചയ്ക്ക് മുസ്ലീം വിദ്വേഷം ഇളക്കിവിട്ടുള്ള ഹിന്ദുത്വ പ്രചാരണം. യോഗി ആദിത്യനാഥിനെ പോലുള്ള കാഷായ വേഷധാരികള്‍ ഇതിനായി എവിടെയും ബി.ജെ.പിക്ക് ഒരു ഒറ്റമൂലി മരുന്നായി എത്തുന്ന കാഴ്ചയുമുണ്ട്. ഒരു നഗരസഭാ തിരഞ്ഞെടുപ്പിന് ബി.ജെ.പി. പ്രചാരണത്തിനിറക്കിയത് ദേശീയ നേതാക്കളായിരുന്നു. ബി.ജെ.പി പ്രസിഡണ്ട് ജെ.പി. നദ്ദ, അനിഷേധ്യ നേതാവ് അമിത് ഷാ, ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് തുടങ്ങിയവര്‍ വന്നു കാമ്പയിന്‍ ചെയ്തതിനു പിറകിലും വ്യക്തമായ അജണ്ട ഉണ്ട്. ഹൈദരാബാദ് പിടിക്കുകയല്ല, അടുത്ത തിരഞ്ഞെടുപ്പില്‍ ഇന്ത്യയിലെ വലിയ സംസ്ഥാനങ്ങളിലൊന്നായ തെലങ്കാന പിടിക്കുക എന്നതാണ് ബി.ജെ.പി.യുടെ ദീര്‍ഘകാല ലക്ഷ്യം.
ബി.ജെ.പി വലിയ വിജയം അവകാശപ്പെടുമ്പോഴും ്അമ്പത് ശതമാനം പേര്‍ പോലും വോട്ട് ചെയ്യാത്ത തിരഞ്ഞെടുപ്പാണ് ഹൈദരാബാദില്‍ അരങ്ങേറിയത് എന്നത് ശ്രദ്ധേയമാണ്. ആകെയുള്ള 74.67 ശതമാനം വോട്ടര്‍മാരില്‍ 34.50 ലക്ഷം പേര്‍ മാത്രമാണ് വോട്ടു രേഖപ്പെടുത്തിയത്. അതായത് 46.55 ശതമാനം പേര്‍ മാത്രം. ഇന്ത്യന്‍ ജനാധിപത്യത്തില്‍ ജനങ്ങളുടെ അഭിലാഷം എത്രമാത്രം പ്രതിഫലിക്കുന്നുണ്ട് എന്ന് തിരിച്ചറിയാന്‍ ഈ കണക്കുകള്‍ ചൂണ്ടുപലകയാണ്.