
സംഘപരിവാര്‍ രാഷ്ട്രീയത്തിനൊപ്പം രജനികാന്ത് ചേരില്ലെന്ന് അദ്ദേഹത്തിന്റെ രാഷ്ട്രീയ ഉപദേഷ്ടാവ് തമിഴരുവി മണിയന്. തന്റെത് ആത്മീയ രാഷ്ട്രീയമായിരിക്കുമെന്ന് കഴിഞ്ഞ ദിവസം പുതിയ രാഷ്ട്രീയപാര്‍ടി രൂപീകരിക്കുന്ന കാര്യം പ്രഖ്യാപിക്കവേ രജനി പറഞ്ഞിരുന്നു. ഇത് പല തരം വ്യാഖ്യാനങ്ങള്‍ക്ക് ഇടയാക്കിയതോടെയാണ് വിശദീകരണവുമായി തമിഴരുവി മണിയന് രംഗത്തു വന്നത്. എന്നാല്‍ ഈ വിശദീകരണത്തെ വിമര്‍ശിച്ചും പരിഹസിച്ചും കമന്റുകള്‍ നിറയുകയാണ് സാമൂഹ്യമാധ്യമങ്ങളില്‍.
രജനീകാന്തിലൂടെ ബി.ജെ.പി. പിന്‍വാതില്‍ പ്രവേശനം നേടാന്‍ പോകുന്നു എന്നു തുടങ്ങി തമിഴ്നാട്ടിലെ ചിരാഗ് പാസ്വാനാവാന് രജനി ഒരുങ്ങുന്നു എന്നു വരെയുള്ള പരിഹാസങ്ങള്‍ കമന്റുകളില്‍ നിറയുന്നുണ്ട്. ഡി.എം.കെ.യുടെ വോട്ട് ഭിന്നിപ്പിച്ച് ബി.ജെ.പി.ക്ക് ഗുണം ചെയ്യല്‍ മാത്രമാണ് രജനിക്കു കഴിയുക എന്ന് വിമര്‍ശിക്കുന്നവരുണ്ട്. ഭരണഘടനയിലെ 370-ാം വകുപ്പ് ബി.ജെ.പി. സര്‍ക്കാര്‍ റദ്ദാക്കിയപ്പോള്‍ രജനി നടത്തിയ പ്രതികരണം ചിലര്‍ ഓര്‍മിപ്പിക്കുന്നുണ്ട്. ചിരാഗ് പാസ്വാന്റെ തമിഴ്നാട് എഡിഷന് എന്നാണ് ചിലര്‍ രജനിയെ പരിഹസിക്കുന്നത്. പണ്ട് കെജ്രിവാളും ഇത്തരം ആത്മീയ രാഷ്ട്രീയം തന്നെയാണ് വാഗ്ദാനം ചെയ്തത് എന്ന് ചിലര്‍ പരിഹസിക്കുന്നു. പുതിയ മാര്‍ക്കറ്റിങ് തന്ത്രം കൊള്ളാമെന്ന് മറ്റൊരു കമന്റില്‍ പറയുന്നു. രജനിയെ പിന്തുണച്ചും കമന്റുകള്‍ ഉണ്ടെങ്കിലും ഭൂരിപക്ഷവും വിമര്‍ശന സ്വഭാവമുള്ളതാണ് എന്നത് ശ്രദ്ധേയമാണ്.