Categories
impact

തിരുത തോമയെന്നു വരെ വിളിച്ചപമാനിച്ചു…കോണ്‍ഗ്രസാണ് തെറ്റ് തിരുത്തേണ്ടത്-കെ.വി.തോമസ്

കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവ് കെ.വി.തോമസിനെ സി.പി.എം.പക്ഷത്തേക്ക് ജ്ഞാനസ്‌നാനം ചെയ്യിക്കുന്നതിന്റെ വേദിയായി മാറിയിരിക്കയാണ് കണ്ണൂരില്‍ നടക്കുന്ന സി.പി.എം. ദേശീയ സമ്മേളന വേദി. പാര്‍ടി കോണ്‍ഗ്രസിന്റെ ഭാഗമായി നടക്കുന്ന കേന്ദ്ര-സംസ്ഥാന ബന്ധങ്ങള്‍ സംബന്ധിച്ച സെമിനാറില്‍ പങ്കെടുക്കാന്‍ തോമസിനെയും വ്യാഴാഴ്ച നടക്കുന്ന മതേതരത്വം നേരിടുന്ന വെല്ലുവിളികള്‍ എന്ന സെമിനാറില്‍ പങ്കെടുക്കാന്‍ ശശി തരൂരിനെയും സി.പി.എം.തിരഞ്ഞെടുത്ത് ക്ഷണിച്ചത് കൃത്യമായ ഉദ്ദേശ്യത്തോടെ തന്നെയായിരുന്നു. ഇരുവരും കെ.പി.സി.സി. നേതൃത്വത്തോട് പല കാര്യങ്ങളിലും വിയോജിപ്പുള്ളവരും ദേശീയ നേതൃത്വവുമായി അടുത്ത കാലത്ത് പലപ്പോഴും നീരസപ്പെടുന്നവരും ഒപ്പം സി.പി.എം. നയങ്ങളോട് മൃദുസമീപനം സ്വീകരിക്കുന്നവരുമാണ് എന്നതാണ് പാര്‍ടി നേതൃത്വം അവരെ തിരഞ്ഞു പിടിച്ചതിനു കാരണം. കോണ്‍ഗ്രസ് നേതൃത്വത്തെ സമ്മര്‍ദ്ദത്തിലാക്കാനും ഈ നേതാക്കള്‍ സിപിഎം വേദിയില്‍ വന്ന് പറയുന്ന വാക്കുകള്‍ ഉപയോഗിച്ച് കോണ്‍ഗ്രസിനെത്തന്നെ പ്രഹരിച്ചുകൊണ്ടിരിക്കാനും സിപിഎമ്മിന് സാധിക്കും എന്നതാണ് ലാക്ക്. ഇരുവരും ദേശീയ നേതൃത്വവുമായി നേരിട്ട് ബന്ധം സ്ഥാപിച്ച് പ്രവര്‍ത്തിച്ചുവരുന്നവരായതിനാല്‍ ദേശീയ നേതൃത്വം അവസാന നിമിഷം ഇവര്‍ക്ക് അനുമതി നല്‍കുമെന്നും അത് തന്നെ കെ.പി.സി.സി.ക്കുള്ള താഢനമായി മാറുമെന്നും സിപിഎം നേതൃത്വം കണക്കുകൂട്ടിയിരുന്നു. സിപിഎം അഖിലേന്ത്യാസമ്മേളനത്തിന്റെ സെമിനാര്‍ ആയതിനാല്‍ സൗഹൃദസമീപനം കാണിക്കാന്‍ സോണിയഗാന്ധി തയ്യാറാവുമെന്ന നിഗമനവും ഉണ്ടായിരുന്നു. എന്നാല്‍ ഇത്തവണ കെപിസിസിയുടെ ശക്തമായ വസ്തുസ്ഥിതി വിവരണം സോണിയയുടെ മനസ്സ് അവര്‍ക്കനുകൂലമാക്കി മാറ്റി.
ദേശീയതലത്തില്‍ കോണ്‍ഗ്രസുമായി ഒരു ബന്ധവും വേണ്ടെന്നും അവരെ ദേശീയ മതേതര പ്രതിപക്ഷസഖ്യത്തില്‍ നിന്നും മാറ്റി നിര്‍ത്തണമെന്നും കേരളത്തില്‍ കോണ്‍ഗ്രസിനെ ഇല്ലാതാക്കണമെന്നുമുള്ള നയം നടപ്പാക്കാന്‍ തീരുമാനിക്കുന്ന സിപിഎമ്മിന്റെ സെമിനാറില്‍ കോണ്‍ഗ്രസ് നേതാക്കള്‍ പങ്കെടുക്കുക എന്ന അസംബന്ധത്തിന് ആ പാര്‍ടി ഇരയായിരുന്നെങ്കില്‍ അത് വലിയ നാണക്കേടാവുമെന്ന ചിന്ത കോണ്‍ഗ്രസ് നേതൃത്വത്തിലുണ്ട്. കെ.വി.തോമസ് കോണ്‍ഗ്രസിന്റെ കയ്യാലപ്പുറത്തെ തേങ്ങയാണ് ഏറെ വര്‍ഷമായിട്ട്. അദ്ദേഹം ഇനി പരസ്യമായി ഇടതു പക്ഷത്തേക്ക് പോയാലും പാര്‍ടിക്ക് ഒരു ക്ഷീണവും സംഭവിക്കില്ല എന്നതും നേതാക്കള്‍ക്കുറപ്പാണ്.

കോണ്‍ഗ്രസിലെ വിമത ഗ്രൂപ്പായ ജി-23 അംഗമാണ് ശശി തരൂര്‍. ഇടയ്ക്ക് ബി.ജെ.പി.യിലേക്ക് പോകുമെന്ന് ശ്രുതി ഉണ്ടായിരുന്നെങ്കിലും പോയില്ല. പക്ഷേ കേരളത്തിലെ പിണറായി വിജയനെ പുകഴ്ത്തുന്നതില്‍ കോണ്‍ഗ്രസുകാരില്‍ പിശുക്കു കാണിക്കാത്ത വ്യക്തിയാണ് ഈ വിശ്വ പൗരന്‍. കൊവിഡ് കാലത്ത് തിരുവനന്തപുരത്തെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ പിണറായിയെ പുകഴ്ത്തി. കെ-റെയില്‍ കാര്യത്തില്‍ പിണറായിയാണ് ശരിയെന്ന കമന്റടിച്ചു. ഇതെല്ലാം പിണറായിയോട് പടവെട്ടിക്കൊണ്ടിരുന്ന കേരളത്തിലെ കോണ്‍ഗ്രസുകാരുടെ നെഞ്ചിന്‍കൂട്ടിന് ഇട്ട് നല്‍കിയ ഇടികളായി. തരൂരിനെ സെമിനാറിലേക്ക് സി.പി.എം. ക്ഷണിച്ചതും ഈ പശ്ചാത്തലത്തിലാണ്. സി.പി.എം. സെമിനാറുകളില്‍ കോണ്‍ഗ്രസ് നേതാക്കള്‍ പങ്കെടുക്കേണ്ടതില്ല എന്ന തീരുമാനം തന്നെ കെപിസിസി എടുത്തിട്ടും തരൂര്‍ ദേശീയ നേതൃത്വത്തില്‍ നിന്നും അനുവാദം വാങ്ങി പങ്കെടുക്കുമെന്ന സൂചന നല്‍കിയതോടെയാണ് സുധാകരനും സതീശനും ഒറ്റക്കെട്ടായി സോണിയയെ കാര്യങ്ങള്‍ ശക്തമായി ധരിപ്പിച്ചതും സോണിയ തരൂരിന് അനുവാദം നല്‍കാതിരുന്നതും. തരൂര്‍ പാര്‍ടി തീരുമാനം അനുസരിച്ചതിനു കാരണം തരൂരിന്റെ അവസ്ഥ തോമസിന്റെതു പോലെയല്ല എന്നതാണ്. തരൂരിന് ഇനിയും കോണ്‍ഗ്രസില്‍ നില്‍ക്കുന്നത് തന്നെയാണ് ലാഭം. തോമസിനാകട്ടെ സി.പി.എം.തണല്‍ ആണ് മെച്ചം.

thepoliticaleditor

നേരെ മറിച്ച് ആദര്‍ശധീരനായി പ്രവര്‍ത്തിച്ച് അവഗണിച്ചതു കാരണം ഇടതുപക്ഷത്തേക്ക് വരുന്നു എന്ന് തോമസിനോ സിപിഎമ്മിനോ അവകാശപ്പെടാനാവില്ല. കോണ്‍ഗ്രസില്‍ കിട്ടാവുന്ന എല്ലാ സ്ഥാനങ്ങളിലും തോമസ് മാഷ് ഇരുന്നിട്ടുണ്ട്. സംസ്ഥാന, കേന്ദ്ര മന്ത്രിസ്ഥാനങ്ങള്‍, പബ്ലിക് അക്കൗണ്ട്‌സ് കമ്മിറ്റി ചെയര്‍മാന്‍ പോലുള്ള ഉന്നത സ്ഥാനങ്ങള്‍ ഇവയെല്ലാം തോമസിന് ലഭിച്ചിട്ടുണ്ട്. സോണിയ ഗാന്ധിയുമായുള്ള ബന്ധം തോമസ് നന്നായി ഉപയോഗിച്ചിട്ടുമുണ്ട്. കൊച്ചിയില്‍ നിന്നും ടെന്‍ ജന്‍പഥിലേക്ക് ഫ്രഷ് മീന്‍ കാഴ്ചവെച്ചിരുന്നതു കാരണം തോമസിന് തിരുത തോമ എന്ന പരിഹാസപ്പേരും ലഭിച്ചു. അടുത്തകാലത്തിറങ്ങിയ ഭീഷ്മപര്‍വ്വം സിനിമയില്‍ ദിലീഷ് പോത്തന്‍ അവതരിപ്പിച്ച കഥാപാത്രത്തില്‍ തോമസിനെയാണ് ഉദ്ദേശിച്ചതെന്ന് ചില കമന്റുകള്‍ ഉയരുകയും ഉണ്ടായി.
ദേശീയ നേതൃത്വത്തെ സമ്മര്‍ദ്ദത്തിലാക്കി കാര്യം നേടാനായി തോമസ് ആദ്യകാലത്ത് ബി.ജെ.പി.യോട് ചായുന്ന ചില അഭിപ്രായങ്ങള്‍ പറയുകയുണ്ടായി. നരേന്ദ്രമോദിയെ പുകഴ്ത്തി അദ്ദേഹം പറഞ്ഞ കമന്റുകള്‍ ദേശീയതലത്തില്‍ തന്നെ വലിയ ചര്‍ച്ചയായി. തനിക്ക് ദേശീയ ശ്രദ്ധ കിട്ടുക, ബി.ജെ.പി. സര്‍ക്കാരിന്റെ ചില തലോടല്‍ കിട്ടിയാല്‍ അത് നേടുക ഒപ്പം സോണിയഗാന്ധിയെ ഒരു സമ്മര്‍ദ്ദത്തിലാക്കി കോണ്‍ഗ്രസില്‍ താന്‍ ആഗ്രഹിക്കുന്ന ചിലത് സോണിയയെക്കൊണ്ട് സമ്മതിപ്പിക്കുക–ഈ തന്ത്രങ്ങളായിരുന്നു തോമസിന്. പക്ഷേ ഒന്നും നടന്നില്ല. 2019-ല്‍ ലോക്‌സഭാ സീറ്റും 2021-ല്‍ നിയമസഭാ സീറ്റും മോഹിച്ചെങ്കിലും കിട്ടിയില്ല. അതിനിടയില്‍ രാജ്യസഭാ സീറ്റിനായും ശ്രമിച്ചുവെങ്കിലും നിരാശ മാത്രമായിരുന്നു ഫലം. പണ്ട് ഫ്രഞ്ച് ചാരക്കേസ് വിവാദ കാലത്ത് കെ.വി.തോമസ് കേരളത്തിലെ ലത്തീന്‍ കത്തോലിക്ക വിഭാഗത്തിലെ കൊച്ചിയിലെ ഒരു വോട്ട് ബാങ്ക്‌സ്വാധീനമായിരുന്നെങ്കില്‍ ഇന്ന് അത്തരം സ്വാധീനമൊന്നും തോമസ് മാഷിന് ഇല്ല എന്ന് കോണ്‍ഗ്രസ് കണക്കുകൂട്ടുന്നു. അധികാര മോഹത്തോടൊപ്പം അടിസ്ഥാന സ്വാധീനം കൂടിയുണ്ടെങ്കിലേ കോണ്‍ഗ്രസില്‍ സീറ്റുള്ളൂ എന്നതിന് ഉത്തമോദാഹരണമാണ് കെ.വി.തോമസ്.

താനല്ല തെറ്റുകാരനെന്നും തിരുത്തേണ്ടത് കോണ്‍ഗ്രസാണെന്നും തോമസ് മാഷ് പറയുന്നു. 2018 മുതല്‍ രാഹുല്‍ ഗാന്ധി തന്നെ ഒന്നു കാണാന്‍ പോലും തയ്യാറാവാതെ അവഗണിക്കുന്നതായും ബി.ജെ.പി.ക്കെതിരാണ് കോണ്‍ഗ്രസ് എങ്കില്‍ കമ്മ്യൂണിസ്റ്റുകാരുമായി യോജിക്കണമെന്നും തോമസ് പ്രസ്താവിക്കുന്നു. ദേശീയ തലത്തില്‍ ബി.ജെ.പി.യിലേക്കാണ് കോണ്‍ഗ്രസ് നേതാക്കളുടെ ഒഴുക്ക്. കേരളത്തിലാകട്ടെ സിപിഎം പക്ഷത്തേക്കും. രണ്ടിനും പറയുന്ന കാരണം അടിസ്ഥാനപരമായി ഒന്നു തന്നെ–പാര്‍ടി അവഗണിച്ചു. അവഗണന എന്നത് പരിഗണനയുടെ നേര്‍വിപരീത പദമാണല്ലോ. ഉദ്ദേശിച്ച് പാര്‍ലമെന്‌റി സ്ഥാനമാനങ്ങളിലേക്ക് പരിഗണിച്ചില്ല എന്നതു മാത്രമാണ് ആദര്‍ശം വഴിമാറി ഒഴുകുന്നതിന്റെ കാര്യം. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ കെ.വി.തോമസിന് കൊച്ചിയില്‍ കോണ്‍ഗ്രസ് സീറ്റ് നല്‍കിയിരുന്നെങ്കില്‍( ജയിക്കുമോ എന്നത് വേറെ കാര്യം) ഇപ്പോള്‍ കാണിക്കുന്ന സി.പി.എം.പക്ഷ ആദര്‍ശവാദം തോമസ് മാഷിനുണ്ടാവുമോ എന്നു മാത്രം ചിന്തിച്ചാല്‍ മതി.

Spread the love

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick