ആർ.എസ്.എസ്. സ്ഥാപകൻ ഹെഡ്ഗേവാർ സ്വാതന്ത്ര്യസമര സേനാനിയാണെന്ന് കേരളത്തിലെ ആദ്യ മുഖ്യമന്ത്രി ഇഎംഎസ് നമ്പൂതിരിപ്പാട് പറഞ്ഞിട്ടുണ്ടെന്നും ഹെഡ്ഗേവാർ ദേശീയ വാദിയെന്നതിന് കോൺഗ്രസിന്റെയും സിപിഎമ്മിന്റെയും സർട്ടിഫിക്കറ്റ് ആവശ്യമില്ലെന്നും പാലക്കാട്ടെ ബിജെപി. ഇഎംഎസിന്റെ പ്രസ്താവനയെ സിപിഎം തള്ളിപറയുമോയെന്നും ബിജെപി നേതാക്കൾ ചോദിച്ചു.
പാലക്കാട് നഗരസഭയിൽ ഭിന്നശേഷിക്കാർക്കായി നിർമിക്കുന്ന നൈപുണ്യ കേന്ദ്രത്തിന് ആർഎസ്എസ് സ്ഥാപകൻ കെ ബി ഹെഡ്ഗേവാറിന്റെ പേരിട്ടതിനെ തുടർന്നുണ്ടായ വിവാദത്തിൽ മറുപടി നല്‍കിക്കൊണ്ടാണ് ബിജെപി നേതാക്കള്‍ ഈ മറുവാദം ഉന്നയിച്ചിരിക്കുന്നത്. ഹെഡ്ഗേവാർ സ്വാതന്ത്ര്യസമര പോരാളിയാണെന്നും ഹെഡ്ഗേവാറിന്റെ പേരിലെ ആദ്യ സ്ഥാപനമല്ല ഇതെന്നും ബിജെപി അറിയിച്ചു. പാർട്ടി നേതാക്കളായ പാലക്കാട് ഈസ്റ്റ് ജില്ലാ അദ്ധ്യക്ഷൻ പ്രശാന്ത് ശിവൻ, നഗരസഭ ചെയർപേഴ്‌സൺ പ്രമീള ശശിധരൻ, വൈസ് ചെയർമാൻ അഡ്വ. ഇ കൃഷ്ണദാസ് എന്നിവർ വാർത്താസമ്മേളനത്തിൽ ഇക്കാര്യം വ്യക്തമാക്കി.
“മലപ്പുറം ജില്ലയിൽ വാരിയംകുന്നൻ സ്മാരകം ഉൾപ്പെടെ സ്ഥാപിച്ചു. ഒരു പഞ്ചായത്ത് മെമ്പർ പോലുമല്ലാത്ത ആളുകളുടെ പേര് പല സ്ഥാപനങ്ങൾക്കും നൽകിയിട്ടുണ്ട്. ഇതെല്ലാം മുസ്ലിംവൽക്കരണമാണെന്ന് പറയാൻ തയാറാകുമോ? മലപ്പുറത്ത് ഹിന്ദുവംശഹത്യക്ക് നേതൃത്വം നൽകിയ വാരിയംകുന്നന്റെ പേരിട്ടതിന് ബന്ധപ്പെട്ടവർ വിശദീകരണം നൽകണം.”- ഇതാണ് ബിജെപി നേതാക്കൾ ഉയർത്തുന്ന ആരോപണം.













