2017 ഏപ്രിലിനും 2022 ജൂണിനുമിടയിൽ പതിനാറ് കേന്ദ്ര സർക്കാർ മന്ത്രാലയങ്ങൾ ചേർന്ന് അഞ്ച് കൺസൾട്ടൻസി സ്ഥാപനങ്ങൾക്ക് നിരവധി പദ്ധതികൾക്കായി 500 കോടി രൂപ നൽകിയതായി റിപ്പോർട്ട്.
വിവരാവകാശ നിയമപ്രകാരം ലഭ്യമായ വിവരങ്ങൾ പ്രകാരം ഈ അഞ്ച് വൻ സ്ഥാപനങ്ങൾ – ‘ബിഗ് ഫൈവ്’ – പ്രൈസ്‌വാട്ടർഹൗസ് കൂപ്പേഴ്‌സ്, ഡെലോയിറ്റ് ടച്ച് ടോമറ്റ്‌സു ലിമിറ്റഡ്, ഏണസ്റ്റ് ആൻഡ് യംഗ് ഗ്ലോബൽ ലിമിറ്റഡ്, കെപിഎംജി ഇന്റർനാഷണൽ ലിമിറ്റഡ്, മക്കിൻസി ആൻഡ് കമ്പനി എന്നിവയാണ്. ഇന്ത്യൻ എക്‌സ്പ്രസ് ആണ് ഇത് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
16 മന്ത്രാലയങ്ങൾ ഇവയാണ് — ഗ്രാമവികസനം , ഭരണപരിഷ്കാരങ്ങളും പൊതു പരാതികളും, കൽക്കരി, വ്യവസായത്തിന്റെയും ആഭ്യന്തര വ്യാപാരത്തിന്റെയും പ്രോത്സാഹനം, ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി, ആരോഗ്യ കുടുംബക്ഷേമം, നൈപുണ്യ വികസനവും സംരംഭകത്വവും, പ്രതിരോധം, സിവിൽ ഏവിയേഷൻ, പൊതു സംരംഭങ്ങൾ, പാരമ്പര്യേതര ഊർജ്ജ വിഭവങ്ങൾ, പവർ, റോഡ് ഗതാഗതവും ഹൈവേകളും, പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാനം, ടൂറിസം.
ഈ മന്ത്രാലയങ്ങളിൽ പെട്രോളിയം പ്രകൃതി വാതക മന്ത്രാലയവും അതിന്റെ നാല് പൊതുമേഖലാ സ്ഥാപനങ്ങളും 170 കോടിയിലധികം രൂപയുടെ കരാറുകൾ ഔട്ട്‌സോഴ്‌സ് ചെയ്തു.
വൈദ്യുതി മന്ത്രാലയത്തിന് കീഴിലുള്ള ഒമ്പത് സംഘടനകളുള്ള വൈദ്യുതി മേഖലയാണ് പട്ടികയിൽ രണ്ടാമത്. ‘ബിഗ് ഫൈവ്’ കൺസൾട്ടൻസികൾക്ക് 166.41 കോടി രൂപയുടെ അസൈൻമെന്റുകൾ മന്ത്രാലയം നൽകി. എന്നാൽ വിവരാവകാശ നിയമത്തിലെ “വ്യാപാര രഹസ്യങ്ങൾ” എന്ന വ്യവസ്ഥ ഉദ്ധരിച്ച് കരാറുകളുടെ ഡാറ്റ നൽകാൻ ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ വിസമ്മതിച്ചു.
‘ബിഗ് ഫൈവ്’ സ്ഥാപനങ്ങളിൽ ഏറ്റവും കൂടുതൽ കരാറുകൾ നേടിയത് പ്രൈസ്‌വാട്ടർഹൗസ് കൂപ്പേഴ്‌സ് (PwC) ആണ്– കുറഞ്ഞത് 156 കോടി രൂപയുടെ 92 കരാറുകളെങ്കിലും നേടി. 130.13 കോടി രൂപ വിലമതിക്കുന്ന 59 അസൈൻമെന്റുകളാണ് ഡെലോയിറ്റിന് ലഭിച്ചത്. ഏണസ്റ്റ് ആൻഡ് യംഗ്-ന് 88.05 കോടി രൂപയ്ക്ക് 87 കരാറുകളും കെപിഎംജിക്ക് 68.46 കോടിയുടെ 66 കരാറുകളും ലഭിച്ചു. 50.09 കോടി രൂപയ്ക്ക് മക്കിൻസി മൂന്ന് കരാറുകൾ സ്വന്തമാക്കി.