Categories
kerala

‘കേരള സ്റ്റോറി’, ഹർജികൾ തള്ളണമെന്ന് സെൻസർബോർഡ് : പല തിയേറ്ററുകളും പിന്മാറി

വിവാദമായ ചിത്രം ‘ദ കേരള സ്റ്റോറി’ പ്രദർശനം തടയണമെന്ന ഹർജികൾ തള്ളണമെന്ന് സെൻസർബോർഡ് ഹൈക്കോടതിയിൽ .ബോർഡ് നിർദേശിച്ച മാറ്റങ്ങൾ വരുത്തിയാണ് ചിത്രം പ്രദർശനത്തിന് എത്തുന്നതെന്നും ഉള്ളടക്കം ശരിയായി വിശകലനം ചെയ്ത ശേഷമാണ് സർട്ടിഫിക്കറ്റ് നൽകിയത് എന്നും ഹൈക്കോടതിയില്‍ നല്‍കിയ സത്യാവാങ്മൂലത്തിൽ സെൻസർബോർഡ് പറയുന്നു.

32,000 സ്ത്രീകളെ മതംമാറ്റി ഐഎസിൽ ചേർത്തെന്ന അവകാശവാദം സിനിമയിലില്ല. സിനിമയിൽ ഇക്കാര്യം ഇല്ലാത്തതുകൊണ്ട് ടീസറിൽ പ്രസക്തിയില്ലെന്ന് സെൻസർ ബോർഡ് പറയുന്നു. മതത്തെ നിന്ദിക്കുന്ന ദൃശ്യങ്ങളോ വാക്കുകളോ ഇല്ലെന്ന് ഉറപ്പാക്കിയെന്നും സെൻസർ ബോർഡ് കോടതിയിൽ വ്യക്തമാക്കി.

thepoliticaleditor

അതേ സമയം കേരള സ്റ്റോറി കേരളത്തിൽ 50 സ്ക്രീനുകളിൽ പ്രദർശിപ്പിക്കാൻ വിതരണക്കാരുമായി കരാറിലെത്തിയെങ്കിലും റിലീസിന്റെ തലേന്ന് പലരും പിന്മാറി. 17 സ്ക്രീനുകളിൽ മാത്രമാണ് സിനിമ പ്രദർശനത്തിനെത്തുന്നത്. ആക്രമണ ഭീതിയും രാഷ്ട്രീയ പാർട്ടികളുടെ സമ്മർദ്ദവുമാണ് പ്രദർശനത്തിൽ നിന്ന് പിന്മാറാൻ ഉള്ള കാരണമെന്ന് തിയേറ്ററുടമകൾ പറയുന്നു.

കൊച്ചിയിലെ ഷേണായീസ് തിയേറ്ററിന് മുന്നിൽ എൻ.വൈ.സി പ്രതിഷേധിച്ചതിനെ തുടർന്ന് തിയേറ്ററിന് പൊലീസ് കാവൽ ഏർപ്പെടുത്തിയിട്ടുണ്ട്.

സെൻസർ സർട്ടിഫിക്കറ്റ് റദ്ദാക്കി ചിത്രം നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് മുസ്‌ലിം ലീഗ് അടക്കമുള്ള രാഷ്ട്രീയ പാർട്ടികളും സംഘടനകളും നൽകിയ ഹർജി ഇന്ന് ഹൈക്കോടതി പരിഗണിക്കും. ഈ ആവശ്യം ഉന്നയിച്ച് സുപ്രീം കോടതിക്ക് മുന്നിൽ എത്തിയെങ്കിലും ഇടപെടാൻ കോടതി വിസമ്മതിക്കുകയായിരുന്നു.

ഐഎസ് റിക്രൂട്ട്‌മെന്റിനായി ഇസ്ലാമിലേക്ക് പരിവർത്തനം ചെയ്യപ്പെടുന്ന കേരളത്തിലെ നാല് സ്ത്രീകളെ പിന്തുടരുന്നതാണ് ചിത്രത്തിന്റെ ഇതിവൃത്തം.ആദ ശർമ, യോഗിത ബിഹാനി, സോണിയ ബാലാനി,സിദ്ധി ഇദ്നാനി എന്നിവരാണ് അഭിനേതാക്കൾ. ട്രെയിലർ പുറത്തിറങ്ങിയതിനു പിന്നാലെ കേരളത്തിന്റെ മത സൗഹാർദ അന്തരീക്ഷം തകർക്കാനുള്ള സംഘപരിവാറിന്റെ ആസൂത്രിത നീക്കമാണെന്ന് ആരോപിച്ച് മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും അടക്കം നിരവധി പേരാണ് ചിത്രത്തിനെതിരെ രംഗത്ത് വന്നത്

Spread the love
English Summary: The kerala story

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick