Categories
kerala

സിപിഐക്ക് വീണ്ടും തിരുത്തുമായി സിപിഎം

കോന്നി താലൂക്ക് ഓഫിസിലെ ജീവനക്കാർ കൂട്ട അവധിയെടുത്ത് വിനോദയാത്ര പോയ ബസ്, ക്വാറി ഉടമയുടേതെന്ന് കോന്നി എംഎൽഎ കെ.യു.ജനീഷ് കുമാർ ആരോപിച്ചിരുന്നു. സി.പി.ഐ. കൈകാര്യം ചെയ്യുന്ന റവന്യൂ വകുപ്പിനാണ് ഈ ആരോപണത്തിന്റെയെല്ലാം മുന ചെന്നു കൊള്ളുന്നത്

Spread the love

പത്തനംതിട്ട കോന്നി താലൂക്ക് ഓഫീസിലെ ജീവനക്കാര്‍ കൂട്ട അവധിയെടുത്ത് വിനോദ യാത്ര പോയ സംഭവത്തില്‍ സി.പി.എം. എംഎല്‍എ കെ.യു.ജനീഷ്‌കുമാര്‍ രൂക്ഷമായി പ്രതികരിച്ചതിനെതിരെ സി.പി.ഐ. ഉയര്‍ത്തിയ പ്രതിരോധം പാഴായി. കാനം രാജേന്ദ്രന്‍ ജീവനക്കാരെ ന്യായീകരിച്ച് രംഗത്തു വന്നതോടെ സിപിഎമ്മും സിപിഐയും തമ്മിലുള്ള തര്‍ക്കമായി അത് മാറി.

എന്നാല്‍ പത്തനം തിട്ട ജില്ലാ സെക്രട്ടറി പരസ്യമായി ജീവനക്കാരെ വിമര്‍ശിച്ച് രംഗത്തെത്തി. ജനീഷ്‌കുമാര്‍ പറഞ്ഞതില്‍ ഒരു തെറ്റുമില്ലെന്നും എഡിഎമ്മിനെക്കാള്‍ മുകളിലാണ് എം.എല്‍.എ.യുടെ സ്ഥാനമെന്നും ജില്ലാ സെക്രട്ടറി കെ.പി.ഉദയഭാനു പ്രസ്താവിച്ചു. ‘അൻപതോളം പേർ കൂട്ട അവധി എടുത്തെന്നാണ് കേട്ടത്. അത്രയും പേർ അവധിയെടുക്കുന്നത് ശരിയല്ല. മാത്രമല്ല അവർ ലീവ് പറയാതെയാണ് പോയത്. ഓഫിസിൽ അന്ന് ഉണ്ടായിരുന്നത് ഏതാണ്ട് പത്തു പേരാണ്. ഒരു കാരണവശാലും അത് ന്യായീകരിക്കാനാകില്ല’– ഉദയഭാനു പറഞ്ഞു.

thepoliticaleditor

കോന്നി താലൂക്ക് ഓഫിസിലെ ജീവനക്കാർ കൂട്ട അവധിയെടുത്ത് വിനോദയാത്ര പോയ ബസ്, ക്വാറി ഉടമയുടേതെന്ന് കോന്നി എംഎൽഎ കെ.യു.ജനീഷ് കുമാർ ആരോപിച്ചിരുന്നു . ഇതിനിടയാക്കിയ സാഹചര്യം പരിശോധിച്ച് സത്യം പുറത്തുകൊണ്ടുവരണമെന്ന് അദ്ദേഹം ആവശ്യപ്പെടുകയും ചെയ്തു.

എഡിഎമ്മിനെതിരെ രൂക്ഷ വിമർശനം ഉന്നയിച്ച ജനീഷ് കുമാർ, മരണവീട്ടിൽ പോകുന്നതും കല്യാണം കൂടുന്നതും മാത്രമല്ല എംഎൽഎയുടെ ജോലിയെന്ന് പറയുകയും താലൂക്ക് ഓഫിസിലെ അറ്റൻഡൻസ് രേഖകൾ പരിശോധിക്കുകയും ചെയ്തിരുന്നു.

സി.പി.ഐ. കൈകാര്യം ചെയ്യുന്ന റവന്യൂ വകുപ്പിനാണ് ഈ ആരോപണത്തിന്റെയെല്ലാം മുന ചെന്നു കൊള്ളുന്നത്.

ഏതാനും നാള്‍ മുമ്പ് കാസര്‍ഗോഡ് ജില്ലയില്‍ മുന്‍ മന്ത്രി ഇ.ചന്ദ്രശേഖരനെ ആക്രമിച്ച കേസിലെ ബി.ജെ.പി.ക്കാരായ പ്രതികളെ അറിയില്ലെന്നു സി.പി.എം പ്രവര്‍ത്തകര്‍ കോടതിയില്‍ മൊഴി മാറ്റിയതിനെത്തുടര്‍ന്ന് പ്രതികളെ വെറുതെ വിട്ട സംഭവത്തിലും സി.പി.ഐ.യില്‍ രോഷം പുകയുന്നുണ്ട്. എന്നാല്‍ ആ സംഭവത്തില്‍ സി.പി.എമ്മിനെതിരെ പരസ്യ വിമര്‍ശനത്തിന് കാനം രാജേന്ദ്രന്‍ തയ്യാറായില്ല. അതേസമയം അതൃപ്തി വ്യക്തമാക്കി കത്ത് നല്‍കുകയാണ് ചെയ്തത്.

കോന്നി സംഭവത്തില്‍ അവധിയെടുക്കാന്‍ ജീവനക്കാര്‍ക്ക് അവകാശമുണ്ടെന്നായിരുന്നു കാനം രാജേന്ദ്രന്റെ പ്രതികരണം. കോന്നി തഹസില്‍ദാരുടെ കസേരയില്‍ ജനീഷ്‌കുമാര്‍ എം.എല്‍.എ. ഇരുന്നത് ശരിയല്ലെന്നായിരുന്നു സി.പി.ഐ. പത്തനംതിട്ട ജില്ലാ സെക്രട്ടറി പി.ആര്‍.ഗോപിനാഥന്റെ പ്രതികരണം.

Spread the love
English Summary: cpm justifies ku janeeshkumar mla in konni issue

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick