Categories
latest news

പാല്‍ വില്‍പനയില്‍ തുടങ്ങിയ സാധാരണ ജീവിതം…ഇനി നാടിന്റെ നായകന്‍

സര്‍ക്കാര്‍ ബസ്‌ ഡ്രൈവറായ പിതാവിനെ സഹായിക്കാന്‍ കൗമാരത്തില്‍ തന്നെ തെരുവില്‍ ജോലിക്കായി ഇറങ്ങിയ വ്യക്തി ഇനി ഇന്ത്യയുടെ ആപ്പിള്‍നാട്ടിന്റെ ഭരണത്തിന്റെ ഡ്രൈവറായി മാറുന്നു. ഛോട്ടാ ഷിംലയില്‍ പാല്‍വില്‍പന കൗണ്ടറിലിരുന്ന കൗമാരക്കാന്‍ ഹിമാചലിന്റെ മുഖ്യമന്ത്രിയാകുന്നത്‌ അര്‍പ്പണബോധത്തോടെയുള്ള പൊതുപ്രവര്‍ത്തനത്തിന്റെ ഫലശ്രുതി പോലെ.
ഹിമാലയത്തിന്റെ താഴ്‌ വരയിലെ ഹാമിര്‍പുര്‍ ജില്ലയിലെ നാദൗന്‍ ഗ്രാമത്തിലായിരുന്നു സുഖ്വിന്ദറിന്റെ ജനനം.
17-ാം വയസ്സില്‍ കോണ്‍ഗ്രസ്‌ പ്രവര്‍ത്തനത്തിലിറങ്ങിയ സുഖ്‌ വിന്ദര്‍ സുഖു തന്റെ 58-ാമത്തെ വയസ്സില്‍ സംസ്ഥാന മുഖ്യമന്ത്രിക്കസേരയില്‍ അവരോധിക്കപ്പെട്ടിരിക്കുന്നു. വളരെ സാധാരണ ജീവിത പശ്ചാത്തലത്തില്‍ നിന്നും ഭരണചക്രം തിരിക്കുന്ന പ്രമുഖ വ്യക്തിയായി വളര്‍ന്ന വഴികള്‍ സുഖു ഇപ്പോഴും മറക്കുന്നില്ല.
ഹിമാചല്‍ പ്രദേശ്‌ സര്‍വ്വകലാശാലയില്‍ നിന്നും ബിരുദാനന്തര ബിരുദവും നിയമബിരുദവും നേടിയ സുഖ്‌ വിന്ദര്‍ വിദ്യാര്‍ഥി സംഘടനയിലൂടെയാണ്‌ രാഷ്ട്രീയത്തില്‍ കാലുകുത്തിയത്‌. ഹിമാചല്‍ പ്രദേശ്‌ സ്റ്റുഡന്റ്‌സ്‌ യൂണിയന്‍ ജനറല്‍ സെക്രട്ടറിയായി തുടങ്ങി എന്‍.എസ്‌.യു.വിന്റെ അധ്യക്ഷനായി വളര്‍ന്നു. പിന്നീട്‌ ഷിംല മുനിസിപ്പല്‍ കോര്‍പറേഷന്റെ കൗണ്‍സിലറായി രണ്ടു വട്ടം തിരഞ്ഞെടുക്കപ്പട്ടു. പാര്‍ലമെന്ററി ജീവിതം ആരംഭിക്കുന്നത്‌ ഇവിടെയാണ്‌. 2003-ല്‍ ആദ്യമായി നാദൗനില്‍ നിന്നും നിയമസഭയിലേക്ക്‌ മല്‍സരിച്ച്‌ ജയിച്ചു. 2007,2017 വര്‍ഷങ്ങളിലും ഇപ്പോള്‍ നാലാം തവണയും വിജയം ആവര്‍ത്തിച്ചു. അതിനിടയില്‍ 2012-ല്‍ മാത്രം പരാജയം രുചിച്ചു. 2013 മുതല്‍ ആറ്‌ വര്‍ഷം സംസ്ഥാന കോണ്‍ഗ്രസ്‌ അധ്യക്ഷനായി റെക്കോര്‍ഡിട്ടു. ഹിമാചല്‍ പാര്‍ടിയിലെ പ്രബലനായ വീര്‍ഭദ്രസിങിനോട്‌ പോലും നേരെ നിന്ന്‌ കാര്യം പറയാന്‍ തയ്യാറായ സുഖ്വിന്ദറിന്‌ അത്‌ നേടിക്കൊടുത്ത ഇമേജ്‌ ചെറുതായിരുന്നില്ല. സംസ്ഥാന കോണ്‍ഗ്രസ്‌ അധ്യക്ഷ പദവിയില്‍ ദീര്‍ഘവര്‍ഷങ്ങള്‍ ഇരുന്ന ഇദ്ദേഹം ബി.ജെ.പി.യുടെ തേരോട്ടത്തെ ചെറുക്കാന്‍ ശക്തനായ നേതാവെന്ന പേര്‌ നേടിയെടുത്തു. കോണ്‍ഗ്രസ്‌ അധികാരത്തിലിരുന്നപ്പോള്‍ പല തവണ നിയമസഭാംഗമായിരുന്നിട്ടും സുഖ്വിന്ദര്‍ മന്ത്രിയായില്ല. വീര്‍ഭദ്രസിങിന്റെ നല്ലബുക്കിലല്ലാതിരുന്നതായിരിക്കാം ഇതിന്റെ കാരണം. പക്ഷേ സുഖ്വിന്ദര്‍ അച്ചടക്കമുള്ള കോണ്‍ഗ്രസ്‌ പ്രവര്‍ത്തകനായി തുടര്‍ന്നു.

ഹമിര്‍പുര്‍ ജില്ലക്കാര്‍ ഏറെ സന്തോഷത്തിലാണ്‌, കാരണം തങ്ങളുടെ ജില്ലയില്‍ നിന്നും രണ്ടാമത്തെ മുഖ്യമന്ത്രിയാണ്‌ വരുന്നത്‌. ആദ്യത്തയാള്‍ ബി.ജെ.പി.യുടെ മുന്‍ മുഖ്യമന്ത്രിയായിരുന്നു-പ്രേംകുമാര്‍ ധുമല്‍.

thepoliticaleditor
Spread the love
English Summary: LIFE HISTORY OF SUKHWINDER SINGH SUKHU

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick