ശ്രീറാം വെങ്കിട്ടരാമനെ സിവില്‍ സപ്ലൈസ് കോര്‍പറേഷന്‍ ജനറല്‍ മാനേജരായി നിയമിച്ചത് സി.പി.ഐ. യുടെ വകുപ്പുമന്ത്രിയറിയാതെയെന്ന് പരാതി . ആരോപണ വിധേയനെ സിവില്‍ സപ്ലൈസ് കോര്‍പറേഷനില്‍ നിയമിച്ചതില്‍ ഭക്ഷ്യമന്ത്രി ജി.ആര്‍.അനില്‍ മുഖ്യമന്ത്രി പിണറായി വിജയനെ അതൃപ്തിയറിയിച്ചു. ഇന്നലെ രാത്രിയിലായിരുന്നു ആലപ്പുഴ ജില്ലാ കലക്ടര്‍ സ്ഥാനത്തുനിന്ന് ശ്രീറാമിനെ മാറ്റിക്കൊണ്ട് സര്‍ക്കാര്‍ ഉത്തരവിറക്കിയത്. പ്രധാന സിപിഐ നേതാക്കന്‍മാര്‍ ശ്രീറാമിന്‍റെ പുതിയ നിയമന ഉത്തരവിന്‍റെ കാര്യം നേരത്തെ അറിഞ്ഞില്ല എന്നും പറയുന്നു . ഇതോടെ മന്ത്രി ജി.ആര്‍.അനില്‍ നേരിട്ട് എതിര്‍പ്പ് മുഖ്യമന്ത്രിയെ അറിയിക്കുകയായിരുന്നു. ഭക്ഷ്യമന്ത്രി പരാതി അറിയിച്ചു കൊണ്ട് മുഖ്യമന്ത്രിക്ക് കത്തു നല്‍കിയെന്നാണ് മാധ്യമ റിപ്പോർട്ട്.













