തന്റെ മണ്ഡലമായ വയനാട്ടിലെ ഓഫീസിനു നേരെ നടന്ന ആക്രമണവും , തുടര്‍ന്ന് താന്‍ നടത്തിയ പര്യടനവും ഇത്രയേറെ ദേശീയ വാര്‍ത്തയാക്കിയ വ്യക്തി രാഹുല്‍ഗാന്ധിയല്ലാതെ മറ്റാരുമുണ്ടാവില്ല. സ്വന്തം മണ്ഡലത്തില്‍ ഒരു പാര്‍ലമെന്റ് അംഗം നടത്തുന്ന പര്യടനവും അവിടെയുള്ള ഭക്ഷണം കഴിക്കുന്നതുമെല്ലാം ദേശീയ വാര്‍ത്തയാകുന്നത് അസാധാരണമാണ്. രാഹുല്‍ കേരളീയനല്ലാത്തതിനാലായിരിക്കണം ഇത്തരം സന്ദര്‍ശനങ്ങള്‍ കൗതുകമുണര്‍ത്തുന്നത്.
സ്വന്തം മണ്ഡലത്തില്‍ രാഹുല്‍ ഗാന്ധി എത്തുന്നതിനെ സന്ദര്‍ശനം എന്നാണ് മാധ്യമങ്ങള്‍ വിശേഷിപ്പിക്കുന്നത്. ആ സന്ദര്‍ശനം വെറും സന്ദര്‍ശനമല്ല, വയനാട്ടിലെ ജനത്തിന്റെ പ്രിവിലേജ് ആണ്. അവരുടെ അവകാശമാണ്. അതില്‍ ഇത്രയധികം അത്ഭുതപ്പെടേണ്ട ആവശ്യം മലയാളിക്കോ പ്രത്യേകിച്ച് വയനാട്ടുകാര്‍ക്കോ ഇല്ല. പക്ഷേ ജനം അല്‍ഭുതപ്പെടാനുള്ള പൊടിക്കൈകള്‍ ആണ് കോണ്‍ഗ്രസ് നേതാക്കള്‍ വയനാട്ടില്‍ ഒരുക്കുന്നത് എന്നത് കൗതുകകരമാണ്. സന്ദര്‍ശനത്തിനിടയില്‍ രാഹുല്‍ ഗാന്ധി വയനാടന്‍ രുചികള്‍ ആസ്വദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പ്രചരിക്കുന്നത് ഒരു ഉദാഹരണം. രാഹുല്‍ തന്നെയാണ് തന്റെ ട്വിറ്റര്‍ ഹാന്‍ഡിലില്‍ ഇത് പങ്കുവെച്ചിരിക്കുന്നത്. ആ ട്വീറ്റ് വൈറലായി മാറുകയും ചെയ്‌തു. കോളിയാടിയിലെ ഫിറോസും കുടുംബവും നടത്തുന്ന കടയില്‍ നിന്നായിരുന്നു രാഹുല്‍ ഗാന്ധി ചൂട് പക്കാവടയും ചമ്മന്തിയും കുടംകുലുക്കി സര്‍ബത്തും കഴിച്ചത്. അദ്ദേഹം അതിന്റെ രുചിയൊക്കെ പാടിപ്പുകഴ്‌ത്തി സമൂഹമാധ്യമത്തില്‍ കുറിപ്പിടുകയാണ്. എല്ലാവരും വയനാട്ടില്‍ വരികയും വന്നവര്‍ ഈ കടയില്‍ വന്ന് ഈ വിഭവങ്ങളെല്ലാം ആസ്വദിക്കുകയും ചെയ്യണം എ്‌ന്ന് അഭ്യര്‍ഥിക്കുകയാണ്.

വയനാട്ടില്‍, അതായത് സ്വന്തം മണ്ഡലത്തില്‍, രാഹുലിന് എല്ലാം അത്ഭുതമാണ്, കൗതുകമാണ്. സ്വന്തം മണ്ഡലത്തില്‍ സ്വയം അന്യവല്‍ക്കരിക്കപ്പെടും വിധം സ്വയം ചിത്രീകരിക്കുന്ന പ്രതിച്ഛായയാണ് ഇതെല്ലാം രാഹുലിന് സമ്മാനിക്കുന്നത്. ഒരു പക്ഷേ രാഹുലിനെ കൊണ്ട് കോണ്‍ഗ്രസ് നേതാക്കള്‍ ഇതെല്ലാം ചെയ്യിക്കുന്നതാവാം. കാരണം അവര്‍ക്ക് രാഹുലിന്റെ ഒപ്പം നിന്ന് ഫോട്ടോയെടുത്തും സംസാരിച്ചും ആളാവലാണ് ലക്ഷ്യമെന്ന് ചിന്തിക്കാന്‍ പോലും വക നല്‍കുന്നുണ്ട് ഈ സംഭവങ്ങള്‍.
ഒരു ദേശീയ നേതാവ് മണ്ഡലത്തില്‍ വന്നിട്ട് ദേശീയമായി വിനിമയം ചെയ്യപ്പെടുന്ന പ്രധാന വാര്‍ത്താവിശേഷം ഇതായിരിക്കരുത് എന്ന് ഏറ്റവും മിനിമം രാഹുല്‍ഗാന്ധിയെങ്കിലും ആലോചിക്കേണ്ടതായിരുന്നു.