സിപിഎം സംസ്ഥാന കമ്മിറ്റിയുടെ ആസ്ഥാനമായ തിരുവനന്തപുരത്തെ എകെജി സെന്ററിന് നേരെ ഇന്നലെയുണ്ടായ ബോംബേറിൽ പ്രതിഷേധിച്ച് സിപിഎം നടത്തിയ പ്രകടനങ്ങളിൽ പലയിടത്തും പ്രകോപന മുദ്രാവാക്യങ്ങളും കൊലവിളി പ്രസംഗങ്ങളും.
അമ്പലപ്പുഴയിൽ എച്ച്.സലാം എംഎൽഎയുടെ നേതൃത്വത്തിൽ നടന്ന സിപിഎം പ്രകടനത്തിലെ പ്രകോപനപരമായ മുദ്രാവാക്യം സമൂഹ മാധ്യമങ്ങളിൽ വയറലാണ്.
‘ഇരുളിൻ മറയെ കൂട്ടുപിടിച്ച്

പ്രസ്ഥാനത്തിനു നേരെ വന്നാൽ
അക്കൈ വെട്ടും അക്കാൽ വെട്ടും
അത്തല വെട്ടി ചെങ്കൊടി നാട്ടും…’
എന്നൊക്കെയായിരുന്നു മുദ്രാവാക്യങ്ങൾ. പ്രകടനത്തിന്റെ വിഡിയോ എച്ച്.സലാം ഫെയ്സ്ബുക്കിൽ ലൈവായി പോസ്റ്റ് ചെയ്തിട്ടുണ്ട്.
കോഴിക്കോട്ട് നടത്തിയ മാര്‍ച്ചില്‍ കൊലവിളി പ്രസംഗവുമായി ഏരിയ കമ്മറ്റി അംഗവും മുന്‍ കൗണ്‍സലറുമായ അഡ്വ. ഒ.എം. ഭരദ്വാജാണ് രംഗത്ത് വന്നത്.
“ഞങ്ങളും എറിഞ്ഞിട്ടുണ്ട് ,ഇതുപോലെ മതിലിൽ അല്ല ,ലക്ഷ്യസ്ഥാനത്ത് എറിഞ്ഞ് അവസാനിപ്പിച്ചിട്ടുണ്ട് ,ഞങ്ങൾ ചെയ്താൽ ഇതുപോലെ പിപ്പിടി കാട്ടൽ ആവില്ല എല്ലാവരെയും വെള്ള പുതപ്പിച്ച് കിടത്താൻ ഈ കേഡർ പ്രസ്ഥാനത്തിന് അറിയാം ,സതീശനും സുധാകരനും ഓർത്തു കളിച്ചാൽ മതി ” എന്നാണ് ഭരദ്വാജ് പറഞ്ഞത്.
കുറ്റം ചെയ്തവരെയും അവർക്ക് പിന്നിലുള്ളവരെയും കണ്ടെത്തുക തന്നെ ചെയ്യുമെന്ന് മുഖ്യമന്ത്രി അറിയിച്ചിട്ടുണ്ട്.
അതേ സമയം എകെജി സെന്ററിന് നേരെയുള്ള ആക്രമണം സിപിഎമ്മിന്റെ തന്നെ തിരക്കഥ ആണെന്ന് ആണ് പ്രതിപക്ഷത്തിന്റെ ആരോപണം.