Categories
kerala

‘ഇന്ത്യയിലെ ഏറ്റവും കൂടുതൽ ജനങ്ങളെ കൊള്ളയടിക്കാൻ പറ്റിയ ഭരണഘടനയാണ് എഴുതിവച്ചിരിക്കുന്നത്’ : പ്രതിസന്ധിയിലായി മന്ത്രി സജി ചെറിയാൻ

മല്ലപ്പള്ളിയിൽ പരിപാടി ഉദ്ഘാടനം ചെയ് ത് സംസാരിക്കവേ ഭരണഘടനയെ പറ്റി നടത്തിയ പരാമർശത്തിൽ പ്രതിസന്ധിയിലായിരിക്കുകയാണ്
സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ.

ഭരണഘടനയെ വിമർശിച്ച് മന്ത്രി സജി ചെറിയാന്‍ നടത്തിയ പ്രസംഗം വിവാദമായതിനെ തുടർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വിശദീകരണം തേടിയിട്ടുണ്ട്.

thepoliticaleditor

ഭരണഘടനയെ അല്ല വിമർശിച്ചതെന്നും ഭരണകൂടത്തിന്റെ നടപടികളെയാണ് വിമർശിച്ചതെന്നും സജി ചെറിയാൻ മുഖ്യമന്ത്രിയോട് കാര്യങ്ങൾ വിശദീകരിച്ചതായാണ് റിപ്പോർട്ട്.

ഭരണഘടനയ്ക്കെതിരെ മന്ത്രി സജി ചെറിയാൻ നടത്തിയ വിവാദ പരാമർശത്തിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ വിശദീകരണം തേടിയിരുന്നു. പ്രസ്താവനയുടെ വീഡിയോ അടക്കം ഹാജരാക്കാൻ ചീഫ് സെക്രട്ടറിക്ക് ഗവർണർ നിർദ്ദേശം നൽകി.

മന്ത്രിയുടെ വിശദീകരണം വാർത്താക്കുറിപ്പായി പുറത്തിറക്കും. മന്ത്രിയുടെ പരാമർശത്തിൽ രാജ്‌ഭവൻ ഇടപെട്ടതിന് പിന്നാലെയാണ് മുഖ്യമന്ത്രി വിശദീകരണം തേടിയത്.

സജി ചെറിയാന്റെ വാക്കുകൾ

‘മനോഹരമായ ഭരണഘടനയാണ് ഇന്ത്യയിൽ എഴുതിവെച്ചിരിക്കുന്നതെന്ന് നമ്മൾ എല്ലാവരും പറയും. രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ടത്. ഞാൻ പറയും ഇന്ത്യയിലെ ഏറ്റവും കൂടുതൽ ജനങ്ങളെ കൊള്ളയടിക്കാൻ പറ്റിയ ഭരണഘടനയാണ് എഴുതിവച്ചിരിക്കുന്നത്. ബ്രിട്ടീഷുകാരൻ പറഞ്ഞ് തയ്യാറാക്കി കൊടുത്ത ഒരു ഭരണഘടന ഇന്ത്യാക്കാർ എഴുതിവച്ചു. അത് ഈ രാജ്യത്ത് 75 വർഷമായി നടപ്പാക്കുന്നതിന്റെ ഭാഗമായി രാജ്യത്ത് ഏതൊരാൾ പ്രസംഗിച്ചാലും ഞാൻ സമ്മതിക്കില്ല. ഈ രാജ്യത്ത് ഏറ്റവും കൂടുതൽ കൊള്ളയടിക്കാൻ പറ്റിയ ഏറ്റവും മനോഹരമായ ഭരണഘടനയെന്ന് ഞാൻ പറയും’ -സജി ചെറിയാൻ പറഞ്ഞു.

ഇതിന്റെ മുക്കും മൂലയിലുമെല്ലാം കുറച്ച് നല്ല കാര്യങ്ങൾ എന്ന പേരിൽ ജനാധിപത്യം മതേതരത്വം എന്നെല്ലാം എഴുതിവെച്ചുവെന്നതല്ലാതെ സാധാരണക്കാരെ ചൂഷണം ചെയ്യുക എന്നത് മാത്രമാണ് ഇതിന്റെ ഉദ്ദേശ്യമെന്നും സജി ചെറിയാൻ പറഞ്ഞു.

തൊഴിലാളികളുടെ സമരം പോലും അംഗീകരിക്കാത്ത രാജ്യമാണ് ഇന്ത്യ. അതിന് കാരണം ഇന്ത്യൻ ഭരണഘടനയാണ്. തൊഴിലാളി ചൂഷണത്തെ അംഗീകരിക്കുന്ന ഭരണ ഘടന. രാജ്യത്ത് അംബാനിയും അദാനിയുമെല്ലാം വളർന്ന് വരാൻ കാരണം ഇന്ത്യൻ ഭരണഘടന അവർക്ക് നൽകുന്ന പരിരക്ഷയാണ്. അവർക്കെതിരെ എത്രപേർക്ക് സമരം ചെയ്യാൻ പറ്റും.

കോടതിയും, പാർലമെന്റുമെല്ലാം മുതലാളിമാർക്കൊപ്പമാണ്. മുതലാളിമാർക്ക് അനുകൂലമായി മോദി സർക്കാരിനെ പോലുള്ളവർ തീരുമാനമെടുക്കുന്നതും പ്രവർത്തിക്കുന്നതും ഇന്ത്യൻ ഭരണഘന അവർക്കൊപ്പമാണ് എന്നതിന്റെ തെളിവാണ്.

ന്യായമായ കൂലി ചോദിക്കാൻ പറ്റുന്നില്ല. കോടതിയിൽ പോയാൽ പോലും മുതലാളിമാർക്ക് അനുകൂലമായിട്ടായിരിക്കും തീരുമാനമുണ്ടാവുക. ഇന്ന് കയ്യൂക്കുള്ളവൻ കാര്യക്കാരനാവുന്നത് ഭരണകൂടം അവർക്ക് അനുകൂലമാവുന്നത് കൊണ്ടാണ്. തൊഴിൽ നിയമങ്ങൾ ഇല്ലാതാവുന്നത് ഈ ഭരണഘടനാ നിയമങ്ങൾ രാജ്യത്ത് നടപ്പിലാക്കുന്നത് കൊണ്ടാണ്. എട്ടുമണിക്കൂർ ജോലി എട്ടുമണിക്കൂർ വിശ്രമം എന്നതൊക്കെ ഇല്ലാതായി. ഇവർക്ക് ഈ ഭരണഘടന സംരക്ഷണം നൽകുന്നുണ്ടോയെന്നും സജി ചെറിയാൻ ചോദിച്ചു.

നാട്ടിലുണ്ടാകുന്ന ഏത് പ്രശ്നത്തിനും കാരണം തൊഴിലാളി സംഘടനകളാണ് എന്നാണ് കുറ്റപ്പെടുത്തുന്നത്. കൂലികിട്ടാത്ത കാര്യം ചോദ്യ ചെയ്ത് കോടതിയിൽ പോയാൽ ആദ്യം ചോദിക്കുന്നത് എന്തിനാണ് സമരം ചെയ്തത് എന്നാണെന്നും സജി ചെറിയാൻ ചോദിച്ചു.

പ്രതിവാര രാഷ്ട്രീയ നിരീക്ഷണം നൂറിന്റെ നിറവിൽ എന്ന പരിപാടി മല്ലപ്പള്ളിയിൽ ഉദ്ഘാടനം ചെയ്തുകൊണ്ട് പ്രസംഗിക്കുകയായിരുന്നു സജി ചെറിയാൻ.

സജി ചെറിയാൻ രാജിവയ്ക്കണമെന്ന് വി.ഡി സതീശൻ

ഭരണഘടനക്കെതിരെ പ്രസംഗിച്ച മന്ത്രി സജി ചെറിയാൻ രാജി വയ്ക്കണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പ്രതികരിച്ചു. രാജി വച്ചില്ലെങ്കിൽ അദ്ദേഹത്തെ പുറത്താക്കണം. അതിന് സർക്കാർ തയാറായില്ലെങ്കിൽ മന്ത്രിക്കെതിരെ പ്രതിപക്ഷം നിയമ നടപടി സ്വീകരിക്കുമെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞു.

സത്യപ്രതിജ്ഞാ ലംഘനം ആണ് മന്ത്രി നടത്തിയത്. സത്യപ്രതിജ്ഞയോടെ കൂറ് കാണിക്കേണ്ട മന്ത്രി അത് ലംഘിച്ചു. അടിസ്ഥാനമില്ലാത്ത കാര്യങ്ങളാണ് മന്ത്രി പറഞ്ഞത്. ഭരണഘടനാ ശിൽപികളെ അപമാനിക്കുന്നതാണ് മന്ത്രി നടത്തിയ പ്രസംഗം.ജനാധിപത്യം,മതേതരത്വം എന്നീ വാക്കുകളെ പോലും മന്ത്രി അപമാനിച്ചു. അത്രയും മോശമായാണ് മന്ത്രി പറഞ്ഞതെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞു.

ഭരണഘടന സംവിധാനങ്ങളെ മുഴുവൻ അപകീർത്തിപ്പെടുത്തി.മന്ത്രി സജി ചെറിയാന് എവിടെ നിന്നാണ് ഈ വിവരങ്ങൾ കിട്ടിയത്. മന്ത്രി ഭരണഘടന വായിച്ചിട്ടുണ്ടോ, അതിന്‍റെ പവിത്രത എന്താണെന്ന് അറിയാമോ എന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു.

Spread the love
English Summary: Minister Saji Cheriyan in contoversy after remark on Indian constitution

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick