Categories
kerala

കേന്ദ്രമന്ത്രിയുടെ സന്ദർശനത്തെച്ചൊല്ലി മന്ത്രി റിയാസും കേന്ദ്രമന്ത്രി വി. മുരളീധരനും തമ്മിൽ വാക്പോര്…

കേന്ദ്രമന്ത്രി തിരുവനന്തപുരത്ത് പര്യടനം നടത്തിയതിൽ മുഖ്യമന്ത്രിക്ക് പിന്നാലെ വിമർശനവുമായി പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസും രംഗത്തെത്തി. കേരളത്തിൽ വരുന്ന കേന്ദ്രമന്ത്രിമാർ ദേശീയപാതയിലെ കുഴികൾ എണ്ണാനും അത് അടയ്ക്കാനും തയ്യാറാകണന്നാണ് റിയാസ് നിയമസഭയിൽ പറഞ്ഞത്. വി. മുരളീധരൻ നടത്തുന്ന പത്രസമ്മേളനത്തെക്കാൾ കൂടുതൽ കുഴികൾ കേരളത്തിലെ ദേശീയപാതകളിലുണ്ട്. പലതവണ ഇത് ശ്രദ്ധയിൽപ്പെടുത്തിയിട്ടും പരിഹരിക്കാൻ ഒരു ഇടപെടലും മുരളീധരൻ നടത്തിയില്ലെന്നും റിയാസ് കുറ്റപ്പെടുത്തി.

‘നമ്മുടെ സംസ്ഥാനത്ത് ജനിച്ച്, ഇവിടെ കളിച്ച് വളർന്ന് മറ്റൊരു സംസ്ഥാനത്തുനിന്ന് രാജ്യസഭാ അംഗമായി പിന്നെ കേന്ദ്രമന്ത്രി വരെ ആയ ഒരു വ്യക്തിയുണ്ട്. നല്ല കാര്യം തന്നെ. എല്ലാ ദിവസവും പത്രസമ്മേളനം നടത്തുന്നുമുണ്ട് അദ്ദേഹം. അതും നല്ല കാര്യം തന്നെ. നടത്തുന്ന പത്രസമ്മേളനത്തെക്കാൾ കൂടുതൽ കുഴികൾ കേരളത്തിലെ ദേശീയപാതകളിലുണ്ട് എന്നത് ഒരു വസ്തുതയാണ്.

thepoliticaleditor

വിഷയം ശ്രദ്ധയിൽപ്പെടുത്തിയിട്ടും പരിഹരിക്കാൻ ഒരു ഇടപെടലും നടത്തിയില്ല. ഇപ്പോൾ നമ്മുടെ സംസ്ഥാനത്തേക്ക് ഒരുപാട് കേന്ദ്രമന്ത്രിമാർ വരുന്നുണ്ട്. അത്തരം കേന്ദ്രമന്ത്രിമാർ ദേശീയപാത അതോറിറ്റിയുടെ കീഴിലുള്ള റോഡുകളുടെ കുഴികൾ എണ്ണാനും അത് അടയ്ക്കാനും കൂടി ചുമതലയെടുത്ത് ശ്രദ്ധിക്കുന്നത് നന്നാകും’- റിയാസ് നിയമസഭയിൽ പറഞ്ഞു.

മന്ത്രിയുടെ പ്രസ്താവനയ്ക്ക് പിന്നാലെ മറുപടിയുമായി കേന്ദ്രമന്ത്രി വി. മുരളീധരനും രംഗത്ത് വന്നു.പൊതുമരാമത്ത് വകുപ്പ് മന്ത്രിയുടെ വീട്ടിലുള്ള ആൾ നടത്തിയ വാർത്താ സമ്മേളനത്തിന്റെ അത്ര കുഴികൾ ദേശീയ പാതയിലില്ല എന്ന് മുരളീധരൻ മാധ്യമങ്ങളോട് പറഞ്ഞു.

കേരളത്തിലെ പി.ഡബ്ല്യൂ.ഡി. റോഡുകളിലെ കുഴികൾ എണ്ണിനോക്കിയതിനുശേഷം ദേശീയപാതയിലേക്ക് നോക്കിയാൽ പോരെ?. ഹൈക്കോടതി കേരളത്തിലെ പി.ഡബ്ല്യൂ.ഡി. റോഡുകൾ പശതേച്ച് ഒട്ടിച്ചാണോ ഉണ്ടാക്കുന്നതെന്ന് ചോദിച്ചത് ഈ പൊതുമരാമത്ത് മന്ത്രിയോടാണ്. ആ മന്ത്രിയാണ് ദേശീയപാത എങ്ങനെ പരിപാലിക്കണമെന്ന് ഞങ്ങളെ പഠിപ്പിക്കാൻ വരുന്നത്- മുരളീധരൻ പറഞ്ഞു.

കൂളിമാട് പാലം തകർന്ന വിഷയത്തിൽ സിമന്റ് കുഴച്ചവർക്കെതിരെ നടപടിയെടുത്ത്, രക്ഷപ്പെടുത്തേണ്ടവരെയെല്ലാം രക്ഷപ്പെടുത്തിയ മന്ത്രിയാണ് ഇപ്പോൾ ഞങ്ങളെ ഉപദേശിക്കാൻ വരുന്നതെന്നും മുരളീധരൻ വിമർശിച്ചു. പാലം പണിത് ദിവസങ്ങൾക്കകം തകർന്നു വീണതിന്റെ ജാള്യത മറയ്ക്കാൻ കേന്ദ്ര സർക്കാരിന്റെ മെക്കിട്ടുകേറാം എന്നാണ് മന്ത്രി കരുതുന്നത്. കേരളത്തിലെ ജനങ്ങൾ ദിവസവും ദുരിതം അനുഭവിക്കുകയാണ്. മന്ത്രി വിമാനയാത്ര ഒഴിവാക്കി ഇടയ്ക്കൊക്കെ റോഡ് മാർഗം സഞ്ചരിക്കണം. സാധാരണക്കാർ എത്രമാത്രം ദുരിതം അനുഭവിച്ചാണ് റോഡിലൂടെ സഞ്ചരിക്കുന്നതെന്ന് അപ്പോൾ മനസിലാകും- മുരളീധരൻ കൂട്ടിച്ചേർത്തു.

സ്വന്തം കഴിവുകേട് മറച്ചുവെക്കാൻ ഞങ്ങളെ പഴിചാരി രക്ഷപ്പെടാൻ ശ്രമിക്കരുതെന്നും മുരളീധരൻ പറഞ്ഞു. കേന്ദ്രമന്ത്രി എസ്. ജയ്ശങ്കറുടെ സന്ദർശനം സംസ്ഥാന സർക്കാരിന്റെ നെഞ്ചിടിപ്പ് കൂട്ടി. അദ്ദേഹം കേന്ദ്ര പദ്ധതികൾ നിരീക്ഷിക്കാൻ പോയതിനെ വിമർശിച്ചത് കൊണ്ട് നെഞ്ചിടിപ്പ് മാറില്ല. താൻ വാർത്താ സമ്മേളനങ്ങൾ നടത്തുന്നതിൽ പൊതുമരാമത്ത് മന്ത്രി അസ്വസ്ഥത പ്രകടിപ്പിച്ചു. അദ്ദേഹത്തിന്റെ വീട്ടിലുള്ള ആൾ നടത്തിയ വാർത്താ സമ്മേളനത്തിന്റെ അത്ര കുഴികൾ ദേശീയ പാതയിലില്ല. കോവിഡ് കാലത്ത് എന്തൊക്കെ ഉപദേശം നൽകി. എല്ലാവരും കൊതുകു കയറാതെ വാതിലടച്ചിരിക്കണം. അരി കഴുകിവേണം ചെമ്പിലിടാൻ എന്നിങ്ങനെയുള്ള വലിയ വലിയ ഉപദേശങ്ങൾ കോവിഡ് കാലത്ത് നൽകി. അത് നിർത്തിയത് എപ്പോഴാണെന്ന് നമുക്കറിയാം- മുരളീധരൻ പറഞ്ഞു.

Spread the love
English Summary: minister Riyas and V.muraleedharan on Union minister's visit

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick