Categories
kerala

കേരളത്തിൽ കോൺഗ്രസ്സ്- ആർഎസ്എസ് യുദ്ധം..

പ്രതിപക്ഷ നേതാവ് ആർഎസ്എസ്സുമായി വേദി പങ്കിട്ടുവെന്ന വാർത്തകൾക്ക് പിന്നാലെ കേരളത്തിൽ ഇപ്പോൾ കോൺഗ്രസും ആർഎസ്എസ്സും തമ്മിലുള്ള യുദ്ധം മുറുകുകയാണ്.

ആർഎസ്എസ് പരിപാടിയിൽ വി.ഡി സതീശൻ പങ്കെടുത്തു എന്ന തരത്തിൽ പ്രചരിക്കുന്ന ചിത്രങ്ങൾക്ക് വിശദീകരണവുമായി പ്രതിപക്ഷ നേതാവ് രംഗത്ത് വന്നു. ഭാരതീയ വിചാര കേന്ദ്രം ഡയറക്ർ ആയിരുന്ന പി പരമേശ്വരന്‍റെ പുസ്തക പ്രകാശന ചടങ്ങ് ആർ എസ് എസ് പരിപാടിയായിരുന്നില്ലെന്നും സ്വാമി വിവേകാനന്ദനും പ്രബുദ്ധ കേരളവും എന്ന പുസ്തക പ്രകാശന ചടങ്ങിലാണ് താൻ പങ്കെടുത്തതുമെന്നുമാണ് പ്രതിപക്ഷ നേതാവിന്റെ വിശദീകരണം.
ഈ പുസ്തകം ആദ്യം പ്രകാശനം ചെയ്തത് അന്ന് പ്രതിപക്ഷ നേതാവ് ആയിരുന്ന വി എസ് അച്യുതാനന്ദൻ ആയിരുന്നു. തനിക്കെതിരെ ഇപ്പോൾ ഉയരുന്ന വിമർശനം വി എസിനും ബാധകമാണെന്നും വി ഡി സതീശൻ പറഞ്ഞു.

thepoliticaleditor

തനിക്കെതിരായ വ്യാജ പ്രചാരണത്തിന് പിന്നിൽ സിപിഎമ്മാണെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു. ബിജെപി പുറത്ത് വിടുന്ന ചിത്രങ്ങൾ കൂടുതൽ പ്രചരിക്കുന്നത് സിപിഎം ഗ്രൂപ്പുകളിൽ ആണെന്നും വിഡി സതീശൻ ആരോപിക്കുന്നു.

ഗോൾവാൾക്കർ ഭരണഘടനയെ അധിക്ഷേപിക്കുന്ന തരത്തിൽ പരാമർശിച്ചുവെന്ന വി.ഡി സതീശന്റെ പ്രസ്താവനയ്‌ക്കെതിരെ ആർഎസ്എസ് കേസ് ഫയൽ ചെയ്തിട്ടുമുണ്ട്. സതീശന്റെ പ്രസ്താവന വാസ്തവ വിരുദ്ധമാണെന്നും സതീശനോ അനുയായികളോ മേലിൽ ഇത്തരം പ്രസ്താവനകൾ ആവർത്തിക്കുന്നത് തടയണമെന്നും ആവശ്യപ്പെട്ടാണ് കണ്ണൂർ മുൻസിഫ്‌ കോടതിയിൽ ആർഎസ്എസ് ഇപ്പോൾ കേസ് ഫയൽ ചെയ്തിരിക്കുന്നത്.

മുൻ മന്ത്രി സജി ചെറിയാന്റെ ഭരണഘടനാ വിവാദവുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ നടത്തിയ പ്രസ്താവനകൾക്ക് പിന്നാലെയാണ് വിവാദങ്ങൾ പ്രതിപക്ഷ നേതാവിനെ വിടാതെ പിന്തുടരുന്നത്.

2006-ൽ ഗോൾവാൾക്കറുടെ ചിത്രത്തിന് മുന്നിൽ വിളക്ക് തെളിക്കുന്ന ചിത്രവും 2013-ലെ പുസ്തക പ്രകാശന ചടങ്ങിലെ ചിത്രവുമാണ് ബിജെപി നേതാക്കൾ പുറത്ത് വിട്ടത്. ഇതിൽ 2013 മാർച്ച് 13-ന് വി.എസ് ഉദ്ഘാടനം ചെയ്ത പരിപാടിയിൽ ആണ് താൻ മാർച്ച് 24-ന് പങ്കെടുത്തതെന്ന് സതീശൻ വ്യക്തമാക്കുന്നു.

അതേ സമയം 2006-ലെ ചിത്രത്തെ കുറിച്ച് താൻ ഇപ്പോൾ കൃത്യമായി ഓർമ്മിക്കുന്നില്ലെന്നും ഇത് കൃത്രിമമായി നിർമിച്ചതാണോ എന്നത് പരിശോധിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.ഗോൾവാൾക്കറുമായി ബന്ധപ്പെട്ട പരാമർശത്തിൽ ഉറച്ചുനിൽക്കുന്നുവെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി.

വർഗീയവാദികളുടെ വോട്ട് ചോദിച്ച് ഒരിടത്തും പോയിട്ടില്ല. തന്റെ വീട്ടിലേക്ക് ഇടക്കിടെ മാർച്ച് നടത്തുന്നവരാണ് ആർഎസ്എസ്- സംഘപരിവാർ പ്രവർത്തകരെന്നും അദ്ദേഹം പറഞ്ഞു. 2016-ൽ തന്നെ തോൽപ്പിക്കാൻ ഹിന്ദു മഹാ സംഗമം നടത്തിയിരുന്നു. ഇവരുടെ വോട്ട് ചോദിച്ചിട്ടില്ല. ആ തിരഞ്ഞെടുപ്പിൽ ഭൂരിപക്ഷം ഇരട്ടിയാകുകയാണ് ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.

സജി ചെറിയാന്റെ ഭരണഘടനാ സംബന്ധമായ പരമാർശത്തിനെതിരെ പ്രതിപക്ഷ നേതാവ് നടത്തിയ പ്രസ്താവനയാണ് വിവാദങ്ങൾക്ക് തുടക്കം.

ഇന്ത്യൻ ഭരണഘടന ബ്രിട്ടീഷുകാർ എഴുതിക്കൊടുത്തതാണെന്ന സജി ചെറിയാന്റെ പ്രസ്താവന ആർ.എസ്.എസ് അഭിപ്രായത്തിന് സമാനമാണെന്നായിരുന്നു വി.ഡി സതീശന്റെ പ്രതികരണം.

ഗോൾവൾക്കർ ‘ബഞ്ച് ഓഫ് തോട്ട്സ്’ എന്ന പുസ്തകത്തിലും ഇതേ വാദം ഉന്നയിച്ചിട്ടുണ്ട്. ‘ബഞ്ച് ഓഫ് തോട്ട്സ്’ എന്ന ഈ പുസ്തകം കണ്ണൂർ സർവകലാശാലയിൽ പഠിപ്പിക്കാൻ തീരുമാനിച്ചവരാണ് എൽ.ഡി.എഫ് സർക്കാർ. ആർ.എസ്.എസ് ആശയങ്ങളാണ് സജി ചെറിയാൻ ഉയർത്തുന്നത്. ഗോൾവൾക്കറുടെ പുസ്തകം മാത്രം വായിച്ച് ആർ.എസ്.എസ് ആശയങ്ങൾ മാത്രം പഠിച്ച സജി ചെറിയാൻ രാജിവെച്ച് പുറത്തുപോകുന്നതാണ് നല്ലതെന്നായിരുന്നു വി.ഡി സതീശൻ ഫെയ്സ്ബുക്കിൽ കുറിച്ചത്.

പിന്നാലെ ബിജെപി നേതാവ് സദാനന്ദൻ മാസ്റ്റർ 2013-ൽ ആർഎസ്എസ് പരിപാടിയിൽ വി.ഡി സതീശൻ പങ്കെടുക്കുന്ന ചിത്രം പുറത്തുവിട്ടു. ‘ചില ഓർമ്മച്ചിത്രങ്ങൾ ഇവിടെ പങ്കുവെയ്ക്കട്ടെ, ദുരുദ്ദേശമൊന്നുമില്ല, ചിലരുടെ ആത്മവഞ്ചനയുടെ ആഴം തിരിച്ചറിയാൻ ഉപകരിക്കു’മെന്നായിരുന്നു ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് സദാനന്ദൻ മാസ്റ്റർ കുറിച്ചത്. സതീശനെതിരെ ആർ.എസ്.എസ് നോട്ടീസയച്ചിട്ടുണ്ടെന്നും സദാനന്ദൻ മാസ്റ്റർ കുറിച്ചു.
എന്നാൽ, ആർ.എസ്.എസ് അയച്ച നോട്ടീസിനെ അർഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയുന്നുവെന്നായിരുന്നു വി.ഡി സതീശൻന്റെ പ്രതികരണം. ഗോൾവൾക്കറിന്റെ ബഞ്ച് ഓഫ് തോട്ട്സിൽ പറയുന്ന ഇതേ കാര്യങ്ങൾ തന്നെയാണ് സജി ചെറിയാനും പറഞ്ഞതെന്ന് അദ്ദേഹം ആവർത്തിച്ചു.

2006ൽ ​ഗോൾവാൾക്കറുടെ ചിത്രത്തിന് മുന്നിൽ നിലവിളക്ക് കൊളുത്തുന്ന വി ഡി സതീശന്റെ ചിത്രം പുറത്ത് വിട്ടത് ഹിന്ദു ഐക്യ വേദി സംസ്ഥാന വക്താവ് ആർ വി ബാബുവാണ്.

അന്ന് ഗോൾവൾക്കർ സതീശന് തൊട്ടുകൂടാത്തവനായിരുന്നില്ലെന്ന് ചിത്രം പുറത്ത് വിട്ടുകൊണ്ട് ആർ വി ബാബു ഫെയ്‌സ്‌ബുക്കിൽ കുറിച്ചു. രാഷ്‌ട്രീയ സാഹചര്യം മാറുകയും ഇസ്ലാമിക തീവ്രവാദത്തെ പിന്തുണക്കുന്നതാണ് രാഷ്ട്രീയ നേട്ടത്തിന് നല്ലതെന്ന് കരുതുകയും ചെയ്യുന്ന സതീശൻ ഇപ്പോൾ പുട്ടിന് പീര പോലെ ഇടക്കിടെ ആർഎസ്എസിനെ ആക്രമിക്കുകയാണെന്നും ബാബു കുറിപ്പിൽ ആരോപിച്ചു. പറവൂരിലെ ആദ്യ തെരഞ്ഞെടുപ്പിലെ തോൽവിക്ക് ശേഷം രണ്ടാമത്തെ മത്സരത്തിൽ തന്നെ ജയിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് വി ഡി സതീശൻ ആർഎസ്എസ് നേതാക്കളെ രഹസ്യമായി കണ്ടെന്ന് ആർ വി ബാബു കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഭാരതീയ വിചാര കേന്ദ്രത്തിന്റെ പുസ്‌തക പ്രകാശന ചടങ്ങ് ഉദ്ഘാടനം ചെയ്‌ത അക്കാലത്തെ സതീശൻ ഇന്നത്തെ സതീശനായിരുന്നില്ലെന്നും തെരഞ്ഞെടുപ്പിൽ ജയിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ആർഎസ്എസ് നേതാക്കളെ രഹസ്യമായി വന്ന് കണ്ട അക്കാലത്തെ സതീശന് ആർഎസ്എസ് വെറുക്കപ്പെട്ട പ്രസ്ഥാനമായിരുന്നില്ലെന്നുമാണ് കഴിഞ്ഞ ദിവസം ആർ വി ബാബു പറഞ്ഞത്.

‘ 2006 ലെ ഗുരുജി ജന്മശതാബ്ദി ആഘോഷത്തോടനുബന്ധിച്ച് പറവൂർ മനക്കപ്പടി സ്കൂളിൽ വച്ച് മതഭീകരവാദത്തെ കുറിച്ചു നടന്ന സെമിനാറിൽ ഭാരതാംബയുടേയും ഗുരുജി ഗോൾവർക്കറിന്റേയും മുന്നിലെ നിലവിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്യുന്ന വി ഡി സതീശനാണിത്. അന്ന് ഗോൾവൾക്കർ സതീശന് തൊട്ടുകൂടാത്തവനായിരുന്നില്ല. കെ എൻ എ ഖാദറിനെ വിമർശിച്ച സതീശൻ ആർഎസ്എസ് പരിപാടിയിൽ പങ്കെടുത്തതിൽ സ്വയം ഒരു തെറ്റും കണ്ടെത്തിയിരുന്നില്ല. രാഷ്ട്രീയ സാഹചര്യം മാറുകയും ഇസ്ലാമിക തീവ്രവാദത്തെ പിന്തുണക്കുന്നതാണ് രാഷ്ട്രീയ നേട്ടത്തിന് നല്ലതെന്ന് കരുതുകയും ചെയ്യുന്ന സതീശൻ ഇപ്പോൾ പുട്ടിന് പീര പോലെ ഇടക്കിടെ RSS നെ ആക്രമിക്കുന്നു. ഉദരനിമിത്തം ബഹുകൃത വേഷം.’ ബാബു ഫേസ്ബുക്കിൽ കുറിച്ചു.

ബിജെപിക്ക് എതിരേ രാഷ്ട്രീയമായി രംഗത്തുവരുന്നത് കൊണ്ടാണ് തന്നെ ബിജെപി ലക്ഷ്യമിടുന്നതെന്നും ഇതിന് സിപിഎം കൂട്ടുനിൽക്കുകയാണെന്നുമാണ് സതീശന്റെ വാദം.

Spread the love
English Summary: Congress RSS issue details

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick