ചിറക്കല്‍ അര്‍പ്പാംതോട് റെയില്‍വേ ക്രോസിങില്‍ പാളം മുറിച്ചു കടക്കവേ ഇന്നു രാവിലെ വിദ്യാര്‍ഥിനിക്ക് ട്രെയിന്‍ തട്ടി ദാരുണാന്ത്യം. പരിയാരത്തെ ഗവ. മെഡിക്കല്‍ കോളേജ് ഉദ്യോഗസ്ഥയായ ലിസിയുടെ മകള്‍ നന്ദിത പി.കിഷോര്‍(16) ആണ് ദുരന്തത്തിനിരയായത്. റെയില്‍വേ ഗേറ്റ് അടച്ചതിനാല്‍ അമ്മ മകളെ കാറില്‍ നിന്നിറക്കി മകള്‍ പാളം മുറിച്ചു കടക്കാന്‍ നോക്കവേ മംഗലാപുരം ഭാഗത്തു നിന്നും കണ്ണൂരിലേക്കു വരുന്ന പരശുറാം എക്‌സ്‌പ്രസ് ഇടിക്കുകയായിരുന്നു. നന്ദിത പാളം മുറിച്ചു കടന്നെങ്കിലും ട്രെയിനിന്റെ ഒരു വശത്ത് നൂലിഴ വ്യത്യാസത്തില്‍ ഇടിക്കുകയായിരുന്നു എന്ന് പറയുന്നു. ഇടിച്ചു തെറിച്ചു വീണ് കുട്ടിക്ക് അപ്പോള്‍ ബോധം ഉണ്ടായിരുന്നു. അപകടം കണ്ടു നിന്ന അമ്മയും നാട്ടുകാരും ചേര്‍ന്ന് നന്ദിതയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. തെറിച്ചു വീണ കുട്ടി ആശുപത്രിയിലെത്തിക്കും മുമ്പ് അമ്മയോട് സംസാരിച്ചിരുന്നതായി നാട്ടുകാര്‍ പറഞ്ഞു. പരിയാരം ഗവ.ഫാര്‍മസി കോളേജിലെ അധ്യാപകനായിരുന്ന നന്ദിതയുടെ പിതാവ് വര്‍ഷങ്ങള്‍ക്കു മുമ്പ് കാന്‍സര്‍ബാധിതനായി മരണപ്പെട്ടിരുന്നു.















