• Home
  • kerala
  • കെ കെ രമയ്ക്ക് വധ ഭീഷണി

കെ കെ രമയ്ക്ക് വധ ഭീഷണി

ആര്‍ എം പി നേതാവും വടകര എം എൽ എയുമായ കെ കെ രമയ്ക്ക് വധ ഭീഷണി. മുഖ്യമന്ത്രിക്കെതിരെ പറഞ്ഞാൽ ഭരണം പോകുമെന്നൊന്നും നോക്കില്ല, തീരുമാനം എടുത്തുകളയും എന്നാണ് ഭീഷണിക്കത്തിൽ പറയുന്നത്. പയ്യന്നൂർ സഖാക്കൾ എന്നപേരിലാണ് ഭീഷണി. എം എൽ എ ഹോസ്റ്റലിന്റെ വിലാസത്തിലാണ് കത്ത് വന്നത്. രമ ഡി ജി പിക്ക് പരാതി നൽകി. കഴിഞ്ഞ നിയമസഭ സമ്മേളനത്തിൽ സി പി എം നേതാവ് എം എം മണി രമയെ അധിക്ഷേപിച്ചത് ഏറെ വിവാദമായിരുന്നു. ‘ഇവിടെ ഒരു മഹതി സർക്കാരിന് എതിരെ പ്രസംഗിച്ചു. ആ മഹതി വിധവയായിപ്പോയി. അത് അവരുടെ വിധി. ഞങ്ങൾ ആരും ഉത്തരവാദികൾ അല്ല’- എന്നായിരുന്നു എം എം മണിയുടെ പ്രസംഗം. തുടർന്ന് മുഖ്യമന്ത്രിയും മണിയെ ന്യായീകരിച്ചു സംസാരിച്ചു. ഇതോടെ പല ദിവസങ്ങളിൽ ഈ വിവാദം കത്തിപ്പടർന്നു . എന്നാൽ മണി നിലപാടിൽ നിന്ന് പിന്നോട്ട് പോയില്ല. ഒടുവിൽ സ്പീക്കറുടെ റൂളിംഗ് വന്നതിനു പിന്നാലെയാണ് പ്രസ്താവന പിൻവലിക്കാൻ മണി തയ്യാറായത്. മണിയുടെ പരാമര്‍ശം അനുചിതവും അസ്വീകാര്യവുമാണ്. മണി അനുചിതമായ പ്രയോഗം പിന്‍വലിക്കുമെന്ന് പ്രതീക്ഷിക്കുന്നു എന്നാണ് സ്പീക്കർ പറഞ്ഞത്. ഇതോടെ കമ്മ്യൂണിസ്റ്റുകാരനായ ഞാൻ വിധി എന്ന പ്രയോഗം ഉപയോഗിക്കരുതായിരുന്നു ഈ പരാമർശം പിൻവലിക്കുന്നു എന്നും നിയമസഭയിൽ മണി തിരുത്തി. സി പി എം കേന്ദ്രകമ്മറ്റി അംഗം എളമരം കരീമും രമയ്‌ക്കെതിരെ രംഗത്തെത്തിയിരുന്നു. പ്രസ്ഥാനത്തെ ഒറ്റുകൊടുത്തതിന് കിട്ടിയ പാരിതോഷികമാണ് എം എല്‍ എ സ്ഥാനം എന്ന് കരീം പ്രസംഗിക്കുകയുണ്ടായി.

Leave a Reply

Your email address will not be published. Required fields are marked *