സംസ്ഥാനത്ത് ഒരാൾക്കുകൂടി മങ്കിപോക്‌സ് സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രി വീണാ ജോർജ്. സംസ്ഥാനത്തെ രണ്ടാമതായി സ്ഥിരീകരിക്കുന്ന കേസ് ആണിത്. ആദ്യത്തേത് കൊല്ലം സ്വദേശിക്കായിരുന്നു. രോഗം സ്ഥിരീകരിച്ച കണ്ണൂർ സ്വദേശി പരിയാരം മെഡിക്കൽ കോളജിൽ ചികിത്സയിലാണ്. ഈ മാസം 13ന് ദുബായിൽനിന്നാണ് ഇദ്ദേഹം എത്തിയത്. രോഗിയുടെ ആരോഗ്യനില തൃപ്തികരമാണ്. ഇദ്ദേഹവുമായി അടുത്ത സമ്പർക്കത്തിലുള്ളവരെ നിരീക്ഷണത്തിലാക്കിയതായും മന്ത്രി പറഞ്ഞു
ഗൾഫിൽ നിന്ന് മംഗളൂരു വിമാനത്താവളത്തിൽ എത്തിയ രോഗിക്ക്, നാട്ടിൽ എത്തിയതിനു ശേഷം പനിയും ശരീരത്തിൽ തടിപ്പും കണ്ടതിനെ തുടർന്നാണ് ആശുപത്രിയിൽ ചികിത്സ തേടിയത്. മെഡിക്കൽ കോളജിലെ പ്രത്യേക ഐസലേഷൻ മുറിയിലാണ് ഇദ്ദേഹത്തിനു ചികിത്സ നൽകുന്നത്.













