• Home
  • kerala
  • രാജ്യത്തെ ആദ്യത്തെ മങ്കി പോക്‌സ്‌ കേസ് കൊല്ലം സ്വദേശിയിൽ സ്ഥിരീകരിച്ചു

രാജ്യത്തെ ആദ്യത്തെ മങ്കി പോക്‌സ്‌ കേസ് കൊല്ലം സ്വദേശിയിൽ സ്ഥിരീകരിച്ചു

രാജ്യത്തെ ആദ്യത്തെ കുരങ്ങു വസൂരി അഥവാ മങ്കി പോക്‌സ്‌ മങ്കി പോക്സ് കേരളത്തിൽ സ്ഥിരീകരിച്ചു. ജൂലൈ 12ന് യുഎഇയിൽനിന്ന് തിരുവനന്തപുരത്ത് എത്തിയ കൊല്ലം ജില്ലയിൽനിന്നുള്ള ആളിലാണ് അസുഖം സ്ഥിരീകരിച്ചത്. മുൻപ് കോവിഡ് രോഗവും ഇന്ത്യയിൽ ആദ്യം കേരളത്തിലായിരുന്നു റിപ്പോർട്ട് ചെയ്തത്. രോഗം സ്ഥിരീകരിച്ചയാളിന്റെ അച്ഛനും അമ്മയും, ടാക്സി – ഓട്ടോ ഡ്രൈവർ ഉൾപ്പെടെ 11 പേരാണു സമ്പർക്കത്തിൽ വന്നത്. കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽനിന്നാണു മെഡിക്കൽ കോളജിലേക്കു രോഗിയെ കൊണ്ടുവന്നത്. മെഡിക്കൽ കോളജിൽനിന്നാണു സാംപിൾ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചത്.

മൃഗങ്ങളില്‍നിന്നു മനുഷ്യരിലേക്കു വൈറസ് വഴി പകരുന്ന ഒരു രോഗമാണ് മങ്കിപോക്‌സ്. രോഗം ബാധിച്ച മൃഗങ്ങളുടെ രക്തം, ശരീര സ്രവങ്ങള്‍ എന്നിവ വഴി നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ മൃഗങ്ങളില്‍നിന്നു മനുഷ്യരിലേക്കു പകരാം. അണ്ണാന്‍, എലികള്‍, വിവിധ ഇനം കുരങ്ങുകള്‍ എന്നിവയുള്‍പ്പെടെ നിരവധി മൃഗങ്ങളില്‍ വൈറസ് സാന്നിധ്യം ഉണ്ടാകാം. രോഗബാധിതനായ ഒരാളുടെ ശ്വാസകോശ സ്രവങ്ങളുമായുള്ള അടുത്ത സമ്പര്‍ക്കത്തിലൂടെയാണ് മനുഷ്യരില്‍നിന്നു മനുഷ്യരിലേക്കു രോഗം പകരുന്നത്. ക്ഷതങ്ങള്‍, ശരീര സ്രവങ്ങള്‍, ശ്വസന തുള്ളികള്‍, കിടക്ക പോലുള്ള വസ്തുക്കള്‍ എന്നിവയുമായുള്ള അടുത്ത സമ്പര്‍ക്കം, രോഗം ബാധിച്ചയാളുമായുള്ള ലൈംഗിക ബന്ധം എന്നിവയിലൂടെ വാനര വസൂരി വൈറസ് ഒരാളില്‍നിന്ന് മറ്റൊരാളിലേക്കു പകരും. പ്ലാസന്റ വഴി അമ്മയില്‍നിന്നു കുഞ്ഞിലേക്കോ അല്ലെങ്കില്‍ ജനനസമയത്തോ, അതിനുശേഷമോ കുഞ്ഞുമായുള്ള അടുത്ത സമ്പര്‍ക്കത്തിലൂടെയും രോഗം പകരാം.

ചിക്കന്‍ പോക്‌സിനു സമാനമായ ലക്ഷണങ്ങള്‍ മങ്കി പോക്‌സിനുണ്ട്‌. എന്നാല്‍ രോഗ സംക്രമണത്തോത്‌ വളരെ ചെറുതാണ്‌. അതിനാല്‍ ആശങ്ക വേണ്ടെന്നാണ്‌ ആരോഗ്യമന്ത്രിയും വകുപ്പധികൃതരും പറയുന്നത്‌. രോഗിയുമായി സമ്പര്‍ക്കത്തിലിരുന്നവരെ നിരീക്ഷണത്തിലാക്കിയിരിക്കയാണെന്ന്‌ സംസ്ഥാന ആരോഗ്യമന്ത്രി അറിയിച്ചിട്ടുണ്ട്‌.

Leave a Reply

Your email address will not be published. Required fields are marked *