ഗോൾവാൾക്കറുടെ ചിത്രത്തിന് മുന്നിൽ തിരികൊളുത്തിയതിന് പ്രതിപക്ഷ നേതാവ് എന്തുകൊണ്ട് മറുപടി പറയുന്നില്ലെന്നു മന്ത്രി പി രാജീവ്. എല്ലാത്തിനും കൃത്യമായി മറുപടി നൽകുന്ന പ്രതിപക്ഷ നേതാവ് എന്തുകൊണ്ട് ഇതിന് മാത്രം മറുപടി നൽകുന്നില്ല. വി എസ് നടത്തിയ പ്രസംഗം പുറത്തുവിട്ടിട്ടുണ്ട്. ആ വേദിയിൽ പോയി പാർട്ടിയുടെ കാഴ്ചപ്പാടാണ് അദ്ദേഹം വ്യക്തമാക്കിയത്. അതുപോലെ അന്ന് വി ഡി സതീശൻ നടത്തിയ പ്രസംഗവും പുറത്തുവിടണം. അദ്ദേഹത്തിന് തെറ്റ് പറ്റിയതാണെങ്കിൽ അത് പറയാമായിരുന്നു. ഗോൾവാൾക്കർ ആരാണെന്ന് അന്നറിയാതെയാണ് തിരി കൊളുത്തിയതെങ്കിൽ അദ്ദേഹത്തിന് അങ്ങനെ പറയാമായിരുന്നു.’- മന്ത്രി പറഞ്ഞു. തിരുവനന്തപുരത്ത് മാദ്ധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം. ആർ എസ് എസ് വേദിയിൽ വി ഡി സതീശൻ നടത്തിയ പ്രസംഗം പുറത്ത് വിടണമെന്നും മന്ത്രി ആവശ്യപ്പെട്ടു.













