കൊച്ചി കലൂരിൽ മാർക്കറ്റിനു സമീപത്ത് തിങ്കളാഴ്ച വൈകിട്ട് സുഹൃത്തിനെ കഴുത്തിൽ കുത്തി പരുക്കേൽപ്പിച്ചശേഷം യുവാവ് നടുറോഡില്‍ ആത്മഹത്യ ചെയ്യാന്‍ കാരണം സൗഹൃദത്തെച്ചൊല്ലിയുണ്ടായ തര്‍ക്കമെന്ന് പൊലീസ്. അടുത്ത സൗഹൃദം പുലര്‍ത്തിയിരുന്ന സച്ചിനെ കുത്തിവീഴ്ത്തിയ ശേഷം തോപ്പുംപടി പള്ളിച്ചാൽ റോഡ് ക്രിസ്റ്റഫർ ക്രൂസ് (24) ആണു സ്വയം കഴുത്തറുത്തു മരിച്ചത്. കഴുത്തിൽ മുറിവേറ്റ സുഹൃത്ത് ആലുവ സ്വദേശി സച്ചിൻ ആശുപത്രിയിൽ ചികിത്സയിലാണ്. കുറച്ചുനാളായി ക്രിസ്റ്റഫറുമായുള്ള സൗഹൃദത്തില്‍നിന്ന് സച്ചിന്‍ പിന്‍മാറിയിരുന്നു. ഇത് ക്രിസ്റ്റഫറിനെ പ്രകോപിച്ചിരുന്നു. ഇതിനിടെ, നേരിൽ കാണണമെന്ന് ക്രിസ്റ്റഫര്‍ ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് സച്ചിന്‍ കൊച്ചിയിലെത്തിയത്. സൗഹൃദം തുടരണമെന്ന ക്രിസ്റ്റഫറിന്റെ ആവശ്യം സച്ചിൻ തള്ളിയതോടെയാണ് ആക്രമിച്ചതെന്ന് പൊലീസ് പറയുന്നു. ആക്രമണത്തില്‍ കഴുത്തിനു പരുക്കേറ്റ സച്ചിൻ ഓടി രക്ഷപ്പെടുകയായിരുന്നു. ഇതിനു പിന്നാലെയാണ് ക്രിസ്റ്റഫർ സ്വയം കഴുത്തുമുറിച്ച് ആത്മഹത്യ ചെയ്തത്. സംഭവത്തിൽ സച്ചിന്റെ മൊഴി പൊലീസ് രേഖപ്പെടുത്തി.













