• Home
  • kerala
  • പാലക്കാട്ടെ മഹിളാമോര്‍ച്ച നേതാവിന്റെ ആത്മഹത്യാക്കുറിപ്പില്‍ ഉത്തരവാദിയായി പറയുന്നയാള്‍ ബി.ജെ.പി ബൂത്ത്‌ ഭാരവാഹി…നിഷേധിച്ച്‌ പാര്‍ടി

പാലക്കാട്ടെ മഹിളാമോര്‍ച്ച നേതാവിന്റെ ആത്മഹത്യാക്കുറിപ്പില്‍ ഉത്തരവാദിയായി പറയുന്നയാള്‍ ബി.ജെ.പി ബൂത്ത്‌ ഭാരവാഹി…നിഷേധിച്ച്‌ പാര്‍ടി

പാലക്കാട്ടെ മഹിളാമോർച്ച നേതാവ് ശരണ്യ രമേഷിന്റെ (27) ആത്മഹത്യയിൽ അന്വേഷണം വേണമെന്ന് കുടുംബം. ശരണ്യയുടെ ആത്മഹത്യാക്കുറിപ്പിൽ രണ്ടുപേരുടെ പങ്ക് വ്യക്തമാക്കിയിട്ടുണ്ടെന്നും ഇക്കാര്യം വ്യക്തമായി അന്വേഷിക്കണമെന്നും ശരണ്യയുടെ പിതാവ് രാജൻ പറഞ്ഞു.
ഇന്നലെ വൈകിട്ട് 4നാണ് സിഎൻ പുരം നടുവക്കാട്ടുപാളയത്ത് രമേഷിന്റെ ഭാര്യ ശരണ്യയെ മാട്ടുമന്തയിലെ വാടക വീടിനുള്ളില്‍ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തിയത്. ആത്മഹത്യാ കുറിപ്പ് ലഭിച്ചിട്ടുണ്ടെന്നും അന്വേഷണ ശേഷമാകും കൂടുതൽ നടപടിയെന്നും പാലക്കാട് നോർത്ത് പൊലീസ് അറിയിച്ചു. മഹിളാമോർച്ച പാലക്കാട് മണ്ഡലം ട്രഷററാണ് ശരണ്യ.

എന്നാൽ ശരണ്യയുടെ ആത്മഹത്യാ കുറിപ്പിൽ പറയുന്ന പ്രജീവ് എന്നയാൾ ബിജെപിയുടെ ബൂത്ത്‌ പ്രസിഡന്റ് ആണെന്നുള്ള വാർത്തകൾ ബിജെപി നിഷേധിച്ചു. ആരോപണം അടിസ്ഥാനരഹിതമാണെന്ന് ജില്ലാ പ്രസിഡന്റ് കെ.എം.ഹരിദാസ് പറഞ്ഞു. ഇയാൾക്കു പാർട്ടിയുടെ ഒരു ചുമതലയും ഇല്ല. റെയിൽവേ ജീവനക്കാരനായ പ്രജീവ്, റെയിൽവേ യൂണിയൻ ഭാരവാഹിയാണ് . ബിജെപി പ്രവർത്തകൻ പ്രജീവ് കാരണമാണ് ജീവനൊടുക്കുന്നതെന്നാണ് ശരണ്യ ആത്മഹത്യാകുറിപ്പിൽ പറയുന്നത്.

പ്രജീവ് തന്നെ ഉപയോഗപ്പെടുത്തിയെന്നും കുറ്റക്കാരി ആക്കിയെന്നും ഇതാണ് ജീവനൊടുക്കാൻ കാരണമെന്നും ശരണ്യ ആത്മഹത്യാ കുറിപ്പിൽ എഴുതിവച്ചിട്ടുണ്ട്. പ്രജീവിന് പല സ്ത്രീകളുമായും ബന്ധമുണ്ടെന്നും വിവരങ്ങൾ തന്റെ ഫോണിലുണ്ടെന്നും ശരണ്യ പറയുന്നു. അഞ്ച് പേജുള്ള ആത്മഹത്യാ കുറിപ്പ് പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *