മട്ടന്നൂരിൽ വീട്ടിനകത്തുണ്ടായ സ്‌ഫോടനത്തിൽ അസം സ്വദേശികളായ അച്ഛനും മകനും കൊല്ലപ്പെട്ടു. ഫസൽ ഹഖ് (45), മകൻ ഷഹീദുൾ (22) എന്നിവരാണ് കൊല്ലപ്പെട്ടത്. മട്ടന്നൂർ പത്തൊൻപതാം മൈൽ കാശിമുക്ക് നെല്യാട് ക്ഷേത്രത്തിന് സമീപം ഇവർ വാടകയ്ക്ക് താമസിച്ചിരുന്ന വീട്ടിലാണ് സ്‌ഫോടനം ഉണ്ടായത്. ആക്രി സാധനങ്ങൾ ശേഖരിച്ച് വിറ്റ് ഉപജീവനം നടത്തുന്നവരായിരുന്നു ഇരുവരും. ആക്രി സാധനങ്ങൾ സൂക്ഷിച്ചിരുന്ന മുറിയിലാണ് ബോംബ് പൊട്ടിത്തെറിച്ചത്. ബുധനാഴ്ച വൈകിട്ട് ആറോടെയാണ് സ്‌ഫോടനം ഉണ്ടായത്.ശബ്ദം കേട്ട് പരിസരവാസികൾ എത്തിയപ്പോഴാണ് വീടിന്റെ രണ്ടാം നിലയിൽ ഒരാളെ മരിച്ച നിലയിൽ കണ്ടത്. ഗുരുതരമായി പരിക്കേറ്റ മറ്റൊരാളെ ഉടൻ പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു. സ്‌ഫോടനത്തിൽ വീടിന്റെ മേൽക്കൂര തകർന്നിട്ടുണ്ട്. പാഴ് വസ്തുവായി കിട്ടിയ സാധനം വീടിനുള്ളിൽ വെച്ച് തുറന്നു നോക്കുമ്പോൾ പൊട്ടിത്തെറിച്ചതാകാമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.













