Categories
kerala

ഉഷ ടീച്ചർ ഇനി മുതൽ ചൂൽ എടുത്ത് കുട്ടികളെ പഠിപ്പിക്കും!

ദശാബ്ദങ്ങളായി കാട്ടിനുള്ളിലെ സ്കൂളിൽ കൂട്ടികൾക്ക് അക്ഷരം പഠിപ്പിച്ചു കൊടുത്ത് മികച്ച അധ്യാപികയ്ക്കുള്ള അവാർഡ് നേടിയ ഉഷാകുമാരിക്ക് സർക്കാർ ഈ അധ്യായന വർഷത്തിൽ കയ്യിൽ വെച്ചുകൊടുത്തത് ചൂല്!

ഏകാധ്യാപക വിദ്യാലയങ്ങള്‍ അടച്ചുപൂട്ടാന്‍ സര്‍ക്കാര്‍ തീരുമാനിച്ചപ്പോള്‍ അനിശ്ചിതത്വത്തിലായ 344 പേരില്‍ ഒരാളാണ് ഉഷാകുമാരി.

thepoliticaleditor

അമ്പൂരിയിലെ കുന്നത്തുമലയിലാണ് ഉഷാകുമാരി ഏകാംഗ അധ്യാപികയായിരുന്നത്. കാടും പുഴയും താണ്ടി കുട്ടികളെ പഠിപ്പിക്കാനെത്തുന്ന ഉഷാകുമാരി പലതവണ വാർത്തകളിൽ ഇടംപിടിച്ച വ്യക്തിയാണ്.

സംസ്ഥാനത്തെ ഏകാധ്യാപക വിദ്യാലയങ്ങളുടെ പ്രവർത്തനത്തെക്കുറിച്ച് പൊതുവിദ്യാഭ്യാസ ഡയറക്ടർ ജില്ലാടിസ്ഥാനത്തിൽ തയ്യാറാക്കിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഏകാധ്യാപക വിദ്യാലയങ്ങളുടെ പ്രവർത്തനം നിർത്തി അധ്യാപകരെ (വിദ്യാ വൊളന്റിയർ) പൊതുവിദ്യാഭ്യാസവകുപ്പിന് കീഴിൽ സ്വീപ്പർ തസ്തികയിൽ (പാർട്ട് ടൈം/ഫുൾ ടൈം) നിയമിക്കാൻ തീരുമാനിച്ചത്.

ആദിവാസി കുട്ടികൾക്ക് അക്ഷരം പഠിപ്പിച്ച് മികച്ച അധ്യാപികയ്ക്കുള്ള അവാർഡ് നേടിയ ഉഷാ കുമാരി പുതിയ അധ്യയന വര്‍ഷം തുടങ്ങിയപ്പോള്‍ മുതല്‍ തൂപ്പുകാരിയായി ജോലി നോക്കുകയാണ്.

ആദിവാസികളുൾപ്പെടെയുള്ള പിന്നാക്ക മേഖലകളിൽ നിരവധി പേർക്ക് അക്ഷരം പഠിപ്പിച്ച 50 പേരാണ് ഇപ്പോൾ സംസ്ഥാനത്തെ വിവിധ സർക്കാർ സ്കൂളുകളിൽ തൂപ്പുജോലിക്കാരായി സ്ഥിര നിയമനം നൽകിയത്.

ഉഷാകുമാരിക്ക് പേരൂര്‍ക്കട ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലാണ് നിയമനം.

മാർച്ച് 31 നാണ് സംസ്ഥാനത്തെ 272 ഏകാധ്യാപക വിദ്യാലയങ്ങൾ അടച്ചത്.

കുന്നും പുഴയും കടന്ന് പഠിപ്പിക്കാനെത്തുന്ന സ്ഥലത്തെ കുട്ടികൾക്കുള്ള പച്ചക്കറികളും പാലും മുട്ടയും പുസ്തകങ്ങളുമൊക്കെ ചുമന്നുകൊണ്ടാണ് ഉഷാകുമാരി പോയിരുന്നത്. ആനയും കടുവയും ഒക്കെയുണ്ടായിരുന്ന കാട്ടിൽ അന്ന് വലിയ ആക്രമണങ്ങളൊന്നും മൃഗങ്ങളിൽ നിന്നുണ്ടായിട്ടില്ലെന്നും ഇവർ പറയുന്നു.

തൂപ്പുകാരിയാവുന്നതിലൊന്നും വിഷമമൊന്നും ഇല്ലെന്ന് അന്‍പത്തിനാലുകാരിയായ ഉഷാകുമാരി പറഞ്ഞു.എന്നാല്‍ ആദിവാസി കുട്ടികളെ അക്ഷരം പഠിപ്പിച്ചതിന് മികച്ച അധ്യാപികയ്ക്കുള്ള ബഹുമതി നേടിയ അവര്‍ പുതിയ ജോലിക്കു പോവുന്നതിനോട് കുടുംബത്തിന് വലിയ താത്പര്യമില്ല.

“തൂപ്പുകാരിയുടെ ജോലി വേണ്ടെന്നാണ് മക്കള്‍ പറഞ്ഞത്. എന്നാല്‍ സ്വന്തമായി അധ്വാനിച്ചു ജീവിക്കുന്നതാണ് എനിക്കിഷ്ടം.മുഴുവന്‍ പെന്‍ഷനും നല്‍കണമെന്നു മാത്രമാണ് സര്‍ക്കാരിനോട് എനിക്ക് അപേക്ഷിക്കാനുള്ളത്.” ഉഷാകുമാരി പറഞ്ഞു.

ആറു വര്‍ഷത്തെ സര്‍വീസ് ബാക്കിയുള്ളപ്പോഴാണ് സര്‍ക്കാര്‍ ഉഷാകുമാരിയെ പുതിയ ജോലിക്കു നിയോഗിച്ചത്. മുഴുവന്‍ പെന്‍ഷന് 20 വര്‍ഷത്തെ സര്‍വീസ് വേണം.

ടിടിസി യോഗ്യത മാത്രമായിരുന്നു ഏകാംഗ അധ്യാപകർക്കുള്ള യോഗ്യത. അതിനാൽ അതിനനുസരിച്ചുള്ള ജോലിയെങ്കിലും നൽകുമെന്നായിരുന്നു പ്രതീക്ഷ. ഉഷ സ്വയം പഠിച്ച് ബിരുദം നേടിയ ആളാണ്‌. വിദ്യാഭ്യാസ യോഗ്യത ഉയർന്നപ്പോൾ ജോലി തരം താഴ്ത്തപ്പെട്ടെങ്കിലും ഇപ്പോൾ ശമ്പളം കൃത്യമായി ലഭിക്കുമെന്നാണ് ആശ്വാസം.

“തൂപ്പുജോലിയാണ് കിട്ടിയതെന്നതിൽ എനിക്ക് ബുദ്ധിമുട്ടൊന്നുമില്ല. കാടും മലയും കയറി പോയിരുന്ന എനിക്ക് അതൊക്കെ വെച്ചുനോക്കുമ്പോൾ ഇപ്പോഴിതൊക്കെ നിസാര ജോലികളാണ്. പക്ഷെ പ്രായമാവുമ്പോൾ മക്കളുടെ മുന്നിൽ ആവശ്യങ്ങൾക്ക് ചെല്ലുന്നതിനേക്കാൾ നല്ലത് സ്വന്തം കാലിൽ നിൽക്കാൻ സാധിക്കുന്ന കാലം വരെ ആരെയും ആശ്രയിക്കാതിരിക്കാൻ ശ്രമിക്കുന്നതാണ് എന്നതാണ് എന്റെ നിലപാട്” ഉഷാകുമാരി കൂട്ടിച്ചേർത്തു.

അധ്യാപികയില്‍നിന്നു തൂപ്പുകാരിയിലേക്കു മാറിയെങ്കിലും ഉഷാകുമാരിയുടെ ശമ്പളത്തില്‍ വര്‍ധനയാണ് ഉണ്ടാവുക. ഏകാധ്യാപക വിദ്യാലയത്തില്‍ 19,000 രൂപയായിരുന്നു മാസ ശമ്പളം.അതും കൃത്യമായി ലഭിക്കാറില്ല.
പുതിയ ജോലിയില്‍ 23,000-50,200 ആണ് സ്‌കെയില്‍.

ഏകാധ്യാപക വിദ്യാലയങ്ങള്‍ പൂട്ടിയപ്പോള്‍ ജീവനക്കാരുടെ സമ്മതം വാങ്ങിയ ശേഷമാണ് പുതിയ നിയമനം നടത്തിയതെന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ വിശദീകരണം. ഒഴിവു വരുന്ന മുറയ്ക്ക് ശേഷിക്കുന്നവര്‍ക്കും നിയമനം നല്‍കുമെന്നും വകുപ്പ് വ്യക്തമാക്കി.

Spread the love
English Summary: teacher usha kumari will be in sweeper post in new academic year onwards

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick