കേരള നിയമസഭയുടെ അഞ്ചാം സമ്മേളനം ഇന്നു തുടങ്ങിയപ്പോള്‍ സാക്ഷ്യം വഹിച്ചത് ഇതുവരെ കാണാത്ത നടപടികള്‍ക്ക്. കറുപ്പു കുപ്പായമണിഞ്ഞ് പ്രതിപക്ഷ എം.എല്‍.എ.മാര്‍ സഭയിലെത്തുകയും വന്‍ പ്രതിഷേധത്തിന് തുടക്കം കുറിക്കുകയും ചെയ്‌തു. രാഹുല്‍ ഗാന്ധിയുടെ ഓഫീസ് ആക്രമിച്ച സംഭവത്തില്‍ അടിയന്തിര പ്രമേയത്തിന് അനുമതി തേടിയ പ്രതിപക്ഷം നടുത്തളത്തിലിറങ്ങിയതോടെ സഭ നിര്‍ത്തിവെച്ചു. ഇതിനപ്പുറം ഇതു വരെയില്ലാത്ത മാധ്യമവിലക്കിനും സഭ സാക്ഷ്യം വഹിച്ചു.
സഭാ വാർത്തകൾ നേരിൽ റിപ്പോര്‍ട്ടു ചെയ്യാന്‍ മാധ്യമങ്ങള്‍ക്ക് ഉണ്ടായിരുന്ന അവസരം നിയന്ത്രിക്കപ്പെടുന്ന കാഴ്‌ചയ്‌ക്കും സഭ സാക്ഷിയായി. മീഡിയ റൂമില്‍ മാത്രം ഇരുന്ന് റിപ്പോര്‍ട്ട് ചെയ്‌താല്‍ മതിയെന്ന നിര്‍ദ്ദേശം വന്നു. വാച്ച് ആന്റ് വാര്‍ഡ് മാധ്യമപ്രവര്‍ത്തകരെ നിയന്ത്രിച്ചു. പ്രതിപക്ഷ പ്രതിഷേധം നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുന്നത് വിലക്കുന്ന സ്ഥിതിയാണ് ഉണ്ടായത്. പ്രതിപക്ഷ പ്രതിഷേധത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവിടാന്‍ സര്‍ക്കാര്‍ തയാറായില്ല. ഇതൊഴിവാക്കിയാണ് സഭാ ടിവി സംപ്രേഷണം ചെയ്തത്. മന്ത്രിമാരുടെയും സ്പീക്കറുടെയും ദൃശ്യങ്ങള്‍ മാത്രമാണ് കാണിച്ചത്.

സഭയില്‍ ശക്തമായ മാധ്യമനിയന്ത്രണവും സര്‍ക്കാര്‍ ഏര്‍പ്പെടുത്തി. മന്ത്രിമാരുടെയും പ്രതിപക്ഷ നേതാവിന്റെയും ഓഫിസിലേക്കുള്ള പ്രവേശനം വിലക്കി. ചോദ്യോത്തരവേള തടസപ്പെടുത്തരുതെന്നു സ്പീക്കര്‍ എം.ബി.രാജേഷ് ആവശ്യപ്പെട്ടു.
സംഭവം വിവാദമായതിനെത്തുടര്‍ന്ന് സ്‌പീക്കര്‍ വിശദീകരണവുമായി രംഗത്തു വന്നു. വാച്ച് ആന്റ് വാര്‍ഡിന് പറ്റിയ അബദ്ധമാണെന്ന് സ്‌പീക്കര്‍ വിശദീകരിച്ചു. മാധ്യമങ്ങളെ തടയില്ലെന്നും ദൃശ്യങ്ങള്‍ നല്‍കുമെന്നും പാസ്സുള്ളവര്‍ക്ക് റിപ്പോര്‍ട്ടിങ് തുടരാമെന്നും പ്രതിഷേധ ദൃശ്യങ്ങള്‍ വിലക്കിയത് പരിശോധിക്കുമെന്നും സ്‌പീക്കറുടെ ഓഫീസ് വ്യക്തമാക്കി.
സഭ വീണ്ടും ചേര്‍ന്നപ്പോഴുംപ്രതിപക്ഷം ശക്തമായ പ്രതിഷേധമുയർത്തി. സബ്മിഷന്‍, ശ്രദ്ധക്ഷണിക്കല്‍ എന്നിവ റദ്ദാക്കി. സഭയ്ക്കുള്ളില്‍ കൂവലും ആര്‍പ്പുവിളിയുമായി ഇരുപക്ഷവും തുടർന്നതോടെ ബഹള മയമായി . അതോടെ സഭ ഇന്നത്തേക്കു പിരിഞ്ഞു.