അനുഗൃഹീത നടന്‍ തിലകനെ പുറത്താക്കയി താര സംഘടനയാണ് എ.എം.എം.എ. എന്ന അമ്മ. ഇപ്പോള്‍ തിലകന്റെ മകന്‍ ഷമ്മി തിലകനെയും ഇന്ന് കൊച്ചിയില്‍ ചേര്‍ന്ന ജനറല്‍ കൗണ്‍സില്‍ യോഗം പുറത്താക്കി എന്ന വാര്‍ത്ത ആദ്യം പുറത്തു വന്നു. എന്നാല്‍ പുറത്താക്കിയിട്ടില്ലെന്നും നടപടി ഷമ്മിയുടെ വിശദീകരണം കൂടി കേട്ട ശേഷമെന്ന് വാര്‍ത്ത തിരുത്തപ്പെട്ടു. എങ്കിലും ഒരു കാര്യം ഏകദേശം ഉറപ്പാണ്-ഷമ്മി പുറത്തേക്കുള്ള വക്കിലാണ്.
എന്നാല്‍ സംഘടനയില്‍ നിന്നും പുറത്താക്കാൻ പാകത്തിനുളള തെറ്റൊന്നും താൻ ചെയ്‌തിട്ടില്ലെന്ന് നടൻ ഷമ്മി തിലകൻ. മാഫിയാ സംഘമെന്ന് ആരെയും പറഞ്ഞിട്ടില്ല.തന്റെ പ്രസ്‌താവനകൾ വളച്ചൊടിച്ചു. 2017 മുതലുളള പ്രശ്‌നങ്ങളെ തുടർന്ന് അമ്മ എക്‌സിക്യൂട്ടീവ് കമ്മിറ്റി തന്നോട് വിശദീകരണം ചോദിച്ചു. കത്തിലെ വാക്കുകൾക്കും വാക്യങ്ങൾക്കും അടിസ്ഥാനമായി വിശദമായ മറുപടി സമയബന്ധിതമായിത്തന്നെ താൻ നൽകിയെന്ന് ഷമ്മി തിലകൻ പറഞ്ഞു. അതിന് പിന്നാലെ കത്തുകളൊന്നും തനിക്ക് നൽകിയിട്ടില്ല. പുറത്താക്കിയെന്ന് അമ്മ ഭാരവാഹികൾ അറിയിച്ചിട്ടില്ല. അതിനുപാകത്തിന് തെറ്റ് ചെയ്‌തിട്ടില്ല. അമ്മ പുറത്താക്കുമെന്നും പ്രതീക്ഷിക്കുന്നില്ല-ഷമ്മി പറഞ്ഞു.













