പയ്യന്നൂരിലെ സി.പി.എമ്മിനകത്തുണ്ടായ ഫണ്ട് തിരിമറി വിവാദത്തില്‍ ശക്തമായ പ്രതികരണവുമായി കെ.പി.സി.സി.പ്രസിഡണ്ട് കെ.സുധാകരന്‍. മുഖ്യമന്ത്രിക്കെതിരെ വിമാനത്തിലുണ്ടായ പ്രതിഷേധത്തിനെ തുടര്‍ന്ന് പയ്യന്നൂരില്‍ തകര്‍ക്കപ്പെട്ട ഗാന്ധി പ്രതിമ സന്ദര്‍ശിക്കാനെത്തിയതായിരുന്നു സുധാകരന്‍. ഫണ്ട് തിരിമറിയില്‍ ആരോപണ വിധേയനായി പാര്‍ടി നടപടി നേരിട്ട പയ്യന്നൂര്‍ എം.എല്‍.എ. ടി.ഐ. മധുസൂദനനെ എം.എല്‍.എ. സ്ഥാനത്തു നിന്നു തന്നെ പുറത്താക്കണമെന്നും രക്തസാക്ഷി ഫണ്ട് മോഷ്ടിക്കുന്നത് ശവം തിന്നുന്നതിനു സമമാണെന്നും സുധാകരന്‍ പ്രതികരിച്ചു. പയ്യന്നൂർ ഗാന്ധി മന്ദിരത്തിലെ രാഷ്ട്ര പിതാവിന്റെ പ്രതിമയുടെ തലയറുത്തത് സിപിഎമ്മിന് തന്നെ കഴുത്തറുക്കാനുള്ള പക തീർത്തത് പോലെയാണെന്നും സുധാകരൻ പറഞ്ഞു. ആക്രമണത്തിന് അതേ നാണയത്തിൽ തിരിച്ചടി കിട്ടിയാലേ സിപിഎം പഠിക്കൂവെന്നും അദ്ദേഹം പ്രതികരിച്ചു .
ആര്‍.എസ്.എസ്. കൊലപ്പെടുത്തിയ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകന്‍ ധനരാജിന്റെ പേരിലുള്ള ധനസഹായ ഫണ്ടില്‍ നിന്നും 42 ലക്ഷം രൂപ കാണാതായ സംഭവവും പാര്‍ടി ഏരിയാ കമ്മിറ്റി ഓഫീസ് നിര്‍മ്മാണത്തിനായി ശേഖരിച്ച ഫണ്ടിലെ 80 ലക്ഷം രൂപ തിരിമറി നടത്തിയെന്ന സംഭവവും ആണ് മധുസൂദനനും മറ്റു ചില നേതാക്കള്‍ക്കുമെതിരെ ഉയര്‍ന്നിരുന്നത്.













