• Home
  • kerala
  • പച്ചമാംസം തിന്നുമ്പോള്‍ അനുഭവിക്കേണ്ട വേദനയ്‌ക്കിടയിലും പുഞ്ചിരിച്ചവള്‍-വീണയെ പുകഴ്‌ത്തി റിയാസ്‌

പച്ചമാംസം തിന്നുമ്പോള്‍ അനുഭവിക്കേണ്ട വേദനയ്‌ക്കിടയിലും പുഞ്ചിരിച്ചവള്‍-വീണയെ പുകഴ്‌ത്തി റിയാസ്‌

മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണയെ ജീവിത സഖിയാക്കിയതിന്റെ വാര്‍ഷികനാളില്‍ ഭാര്യയെ പുകഴ്‌ത്തി മന്ത്രി മുഹമ്മദ്‌ റിയാസിന്റെ ഫേസ്‌ ബുക്ക്‌ കുറിപ്പ്‌. ” ഇന്ന്‌ വിവാഹ വാര്‍ഷികം. നിലവിട്ട അസംബന്ധ പ്രചാരണങ്ങള്‍ സൃഷ്ടിക്കാവുന്ന, ജീവനുള്ള മനുഷ്യന്റെ പച്ചമാംസം കടിച്ച്‌ തിന്നുമ്പോള്‍ അനുഭവിക്കേണ്ട വേദനയെ വര്‍ഷങ്ങളായ പുഞ്ചിരിയോടെ നേരിടുന്ന എന്റെ പ്രിയപ്പെട്ടവള്‍” എന്നാണ്‌ റിയാസ്‌ വീണയെ വിവരിക്കുന്നത്‌.

വീണയെക്കുറിച്ച്‌ ഇപ്പോള്‍ സ്വപ്‌ന സുരേഷ്‌ ഉയര്‍ത്തിയിരിക്കുന്ന വിവാദം തുടരുമ്പോള്‍ ഈ കുറിപ്പ്‌ അതിനുള്ള പ്രതികരണവുമായി മാറുന്നു. വീണയെ തന്നോട്‌ ചേര്‍ത്തു പിടിച്ചുള്ള ഫോട്ടോ സഹിതമാണ്‌ റിയാസ്‌ ഫേസ്‌ബുക്കില്‍ കുറിപ്പിട്ടിരിക്കുന്നത്‌.

2020 ജൂൺ 15നായിരുന്നു മുഹമ്മദ് റിയാസിന്റെയും വീണയുടെയും വിവാഹം. ഇരുവരുടെയും രണ്ടാം വിവാഹമായിരുന്നു. തിരുവനന്തപുരത്ത്‌ മുഖ്യമന്ത്രിയുടെ വസതിയില്‍ നടന്ന ലളിതമായ ചടങ്ങിലായിരുന്നു വിവാഹച്ചടങ്ങ്‌. സമൂഹമാധ്യമങ്ങളില്‍ അന്നേ ചര്‍ച്ചയായിരുന്ന വിവാഹത്തോടെ വീണയ്‌ക്കും റിയാസിനും മുഖ്യമന്ത്രി പിണറായി വിജയനുമെതിരായ വലിയ വിദ്വേഷ പ്രചാരണവും നടന്നിരുന്നു. എന്നാല്‍ ഇവര്‍ അതിനോടൊന്നും പ്രതികരിക്കാതെ മുന്നോട്ടു പോകുകയായിരുന്നു. റിയാസ്‌ എം.എല്‍.എ. ആവുകയും ഭാര്യാപിതാവിന്റെ കീഴില്‍ മന്ത്രിയാവുകയും ചെയ്‌ത കൗതുകവും പിന്നീടുണ്ടായി.

Leave a Reply

Your email address will not be published. Required fields are marked *