• Home
  • kerala
  • സ്വപ്‌ന സുരേഷിനെ തനിക്ക് പരിചയമുണ്ടെന്ന് ഉറപ്പിക്കുന്ന വീഡിയോ പുറത്തു വിട്ട് മുഖ്യമന്ത്രി

സ്വപ്‌ന സുരേഷിനെ തനിക്ക് പരിചയമുണ്ടെന്ന് ഉറപ്പിക്കുന്ന വീഡിയോ പുറത്തു വിട്ട് മുഖ്യമന്ത്രി

തന്നെ നേരിട്ട് പരിചയമേയില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞെന്ന സ്വപ്‌ന സുരേഷിന്റെ ആരോപണത്തെ ഖണ്ഡിക്കാന്‍ വീഡിയോ പുറത്തിറക്കി മുഖ്യമന്ത്രി. 2020 ഒക്ടോബര്‍ പത്താംതീയതി മുഖ്യമന്ത്രിയുടെ അന്നത്തെ കൊവിഡ് കാല പതിവു പത്രസമ്മേളനത്തിന്റെ ക്ലിപ്പാണ് പുറത്തിറക്കിയത്. താന്‍ ജയിലിലായപ്പോള്‍ ഈ വിവാദ വനിതയെ പരിചയമില്ല എന്ന് മുഖ്യമന്ത്രി പറഞ്ഞു എന്നാണ് സ്വപ്‌ന കഴിഞ്ഞ ദിവസം ആരോപിച്ചത്. ഇത് നിഷേധിക്കുന്ന വീഡിയോ ക്ലിപ്പിങാണ് മുഖ്യമന്ത്രിയുടെത്. വാര്‍ത്താ സമ്മേളനത്തിനിടയില്‍ ഏഷ്യാനെറ്റ് ലേഖകന്‍ അജയ്‌ഘോഷ് ചോദിക്കുന്ന ചോദ്യവും അതിന് പിണറായി വിജയന്‍ നല്‍കിയ മറുപടിയുമാണ് വീഡിയോയിലുള്ളത്. ക്ലിഫ് ഹൗസില്‍ സ്വപ്‌ന വരികയും ആരെയാണ് തുടര്‍ന്നും യു.എ.ഇ. കോണ്‍സുലേറ്റുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്ക് ബന്ധപ്പെടേണ്ടത് എന്ന് ചോദിച്ചപ്പോള്‍ ശിവശങ്കറിന്റെ പേര് പരിചയപ്പെടുത്തി എന്നുമാണ് സ്വപ്‌ന മൊഴി നല്‍കിയത് എന്ന് കേള്‍ക്കുന്നതെന്നായിരുന്നു ചോദ്യം. മുഖ്യമന്ത്രി പറഞ്ഞതനുസരിച്ചാണ് പിന്നീട് താന്‍ ശിവശങ്കറുമായി ബന്ധം തുടങ്ങിയത് എന്നുമായിരുന്നു സ്വപ്‌നയുടെ മൊഴി.
യു.എ.ഇ.കോണ്‍സല്‍ ജനറലിന്റെ സെക്രട്ടറി എന്ന നിലയില്‍ സ്വപ്‌നയുമായി പരിചയമുണ്ടെന്ന് മുഖ്യമന്ത്രി ചോദ്യത്തിനുത്തരമായി പറയുന്നുണ്ട്. കോണ്‍സല്‍ ജനറല്‍ സന്ദര്‍ശിച്ചപ്പോഴെല്ലാം സ്വപ്‌നയും ഒപ്പം ഉണ്ടായിരുന്നതായി മുഖ്യമന്ത്രി ആ വാര്‍ത്താ സമ്മേളനത്തില്‍ സമ്മതിക്കുന്നുണ്ട്. സ്വപ്‌ന വന്നത് കോണ്‍സല്‍ ജനറലുമായി ബന്ധപ്പെട്ട ഔദ്യോഗിക സന്ദര്‍ശനം മാത്രമായിരുന്നുവെന്നും ആ നിലയിലുള്ള സ്വാഭാവിക ആശയ വിനിമയം മാത്രമാണ് ഉണ്ടായിരുന്നതെന്നും മുഖ്യമന്ത്രി വിശദീകരിക്കുകയും ചെയ്യുന്നുണ്ട്. സ്വപ്‌ന ജൂണ്‍ 14-ന് ഉന്നയിച്ച ആരോപണത്തിന്റെ മുനയൊടിക്കുന്നതാണ് ഈ വീഡിയോ ക്ലിപ്പിങ് എന്ന് മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ടവര്‍ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *