• Home
  • kerala
  • കോട്ടയത്ത് കനത്ത സുരക്ഷയിലും മുഖ്യമന്ത്രിക്കെതിരെ ബി.ജെ.പിയുടെ കരിങ്കൊടി പ്രതിഷേധം…മണ്ഡലം പ്രസിഡന്റ് കസ്റ്റഡിയിൽ

കോട്ടയത്ത് കനത്ത സുരക്ഷയിലും മുഖ്യമന്ത്രിക്കെതിരെ ബി.ജെ.പിയുടെ കരിങ്കൊടി പ്രതിഷേധം…മണ്ഡലം പ്രസിഡന്റ് കസ്റ്റഡിയിൽ

മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി കാട്ടിയ ബി.ജെ.പി മണ്ഡലം പ്രസിഡന്റ് അരുൺ മൂലേടത്തിനെ പോലീസ് കസ്റ്റഡിയിലെടുത്തു. നാട്ടകം ഗസ്റ്റ് ഹൗസിൽ നിന്ന് മുഖ്യമന്ത്രി കോട്ടയത്തെ പരിപാടിക്ക് കനത്തപോലീസ് സുരക്ഷയിൽ പോകുന്നതിനിടയിൽ മൂലേടം മേൽപ്പാലത്തിന് സമീപമായിരുന്നു കരിങ്കൊടി കാട്ടിയത്. വൻ പൊലീസ് സംഘം അരുണിനെ ബലം പ്രയോഗിച്ച് കീഴ്പെടുത്തുന്നതിനിടയിൽ മുണ്ട് നഷ്ടപ്പെട്ട് അടിവസ്ത്രം മാത്രമായാണ് പൊലീസ് വാഹനത്തിൽ കയറ്റിയത്.

നാട്ടകം ഗസ്റ്റ് ഹൗസിന് മുന്നിൽ നിന്നവർക്ക് കറുത്ത മാസ്കിന് വിലക്കേർപ്പെടുത്തിയിട്ടുണ്ട്. കറുത്ത മാസ്ക് മാറ്റാൻ പോലീസ് ജനങ്ങളോട് ആവശ്യപ്പെട്ടു.

കനത്ത സുരക്ഷാ സന്നാഹങ്ങളോടെയാണ് ഇന്ന് കോട്ടയത്ത് മുഖ്യമന്ത്രിയുടെ പരിപാടി നടക്കുന്നത്. കേരള ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷൻ ഉദ്ഘാടനത്തിനാണ് മുഖ്യമന്ത്രി കോട്ടയത്തെത്തിയത്.

കരിങ്കൊടി കാട്ടിയ രണ്ട് ബിജെപി പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തു.
വേദിയിലേക്കുള്ള റോഡ് പൂർണ്ണമായും അടച്ചു. ജനറൽ ആശുപത്രിക്ക് മുന്നിലും പരിപാടി നടക്കുന്ന മാമ്മൻമാപ്പിള ഹാളിന് മുന്നിലും പോലീസ് മതിൽ തീർത്തിരിക്കുകയാണ്.

റോഡരികിൽ കിടന്ന വാഹനങ്ങൾ ക്രൈയിൻ ഉപയോഗിച്ച് മാറ്റുകയും ചെയ്തു. മുന്നറിയിപ്പിലാതെയുള്ള റോഡടച്ചുള്ള നിയന്ത്രണങ്ങൾ ജനങ്ങളെ വലച്ചു. മുന്നറിയിപ്പില്ലാത്ത നിയന്ത്രണത്തെ തുടർന്ന് പൊലീസും നാട്ടുകാരുമായി വാക്കേറ്റമുണ്ടായി.

Leave a Reply

Your email address will not be published. Required fields are marked *