മുഹമ്മദ് നബിക്കെതിരായ പരാമർശത്തിൽ ബിജെപി ദേശീയ വക്താവ് നൂപുർ ശർമയ്ക്ക് സസ്പെൻഷൻ. പാർട്ടിയുടെ മാധ്യമ ചുമതലക്കാരൻ നവീൻ ജിൻഡലിനെയും പ്രാഥമിക അംഗത്വത്തിൽനിന്നു സസ്പെൻഡ് ചെയ്തു.
കഴിഞ്ഞ ദിവസം നടന്ന ടെലിവിഷൻ ചർച്ചക്കിടയിൽ ഗ്യാന്‍വാപി പള്ളി വിഷയത്തില്‍ നൂപുർ ശർമയുടെ പരാമർശത്തെ തുടർന്ന് കാൺപൂരിൽ സംഘർഷവും അക്രമവും ഉണ്ടായിരുന്നു. പാർട്ടിയുടെ നിലപാടുകൾക്കു വ്യത്യസ്തമായി വിവാദപരമായ പരാമർശങ്ങൾ നടത്തിയതിനാലാണ് ഇരുവർക്കുമെതിരെ നടപടിയെന്ന് ബിജെപി കേന്ദ്ര അച്ചടക്ക കമ്മിറ്റി അറിയിച്ചു.
പ്രവാചകന്‍ മുഹമ്മദ് നബിയെക്കുറിച്ച് ബിജെപി വക്താവ് നൂപുര്‍ ശര്‍മ ഒരു ടിവി ചര്‍ച്ചയ്ക്കിടെയും ഡല്‍ഹി ബിജെപി മീഡിയ ഇന്‍ ചാര്‍ജ് നവീന്‍ കുമര്‍ ജിന്‍ഡാല്‍ ട്വിറ്ററിലുമാണ് വിവാദ പരാമര്‍ശം നടത്തിയത്. ഗ്യാന്‍വാപി വിഷത്തിന്റെ പശ്ചാത്തലത്തിലായിരുന്നു പരാമര്‍ശം. നൂപുറിനെതിരെ മഹാരാഷ്ട്ര പൊലീസ് എഫ്െഎആര്‍ റജിസ്റ്റര്‍ ചെയ്തിരുന്നു. ഇരുവരുടെയും പരാമര്‍ശങ്ങള്‍ക്കെതിരെ ഗള്‍ഫ് രാജ്യങ്ങളിലും വിമര്‍ശനം ഉയര്‍ന്നിരുന്നു.
സസ്പെൻഷനു പിന്നാലെ, എല്ലാ മതങ്ങളെയും ബിജെപി ബഹുമാനിക്കുന്നുവെന്ന് ജനറൽ സെക്രട്ടറി അരുൺ സിങ് പറഞ്ഞു. ഏതൊരു മതവിഭാഗത്തെയും അപമാനിക്കുന്നതോ നിന്ദിക്കുന്നതോ ബിജെപി പ്രോത്സാഹിപ്പിക്കില്ലെന്നും പ്രസ്താവനയിൽ വ്യക്തമാക്കി.














