• Home
  • kerala
  • കെ.വി.തോമസിന്റെ വീടിനു മുന്നില്‍ തിരുത മീനുമായി കോണ്‍ഗ്രസ്‌ പ്രകടനം

കെ.വി.തോമസിന്റെ വീടിനു മുന്നില്‍ തിരുത മീനുമായി കോണ്‍ഗ്രസ്‌ പ്രകടനം

തൃക്കാക്കരയില്‍ സി.പി.എം. വേദിയില്‍ പ്രത്യക്ഷപ്പെട്ട്‌ പിന്തുണ പ്രഖ്യാപിച്ച മുതിര്‍ന്ന കോണ്‍ഗ്രസ്‌ നേതാവ്‌ കെ.വി.തോമസിന്റെ തോപ്പും പടിയിലെ വീടിനു മുന്നില്‍ തിരുത മീനുമേന്തി കോണ്‍ഗ്രസ്‌ പ്രവര്‍ത്തകര്‍ പ്രകടനം നടത്തി. തന്നെ തിരുത തോമ എന്ന്‌ വിളിച്ച്‌ കോണ്‍ഗ്രസുകാര്‍ ആക്ഷേപിക്കുന്നതിനെ കുറിച്ച്‌ തോമസ്‌ മാഷ്‌ പല തവണ നേരത്തെ പ്രതികരിച്ചിരുന്നു. ഡെല്‍ഹിയില്‍ സോണിയ ഗാന്ധിയെ കാണാന്‍ പോകുമ്പോള്‍ തിരുത മീനുകള്‍ കൊണ്ടുപോയി സമ്മാനിക്കുന്നു എന്ന പരിഹാസം കെ.വി.തോമസിനെ പറ്റി അദ്ദേഹം കേന്ദ്രമന്ത്രിയും സംസ്ഥാന മന്ത്രിയുമൊക്കെയായി പ്രബലനായിരുന്ന കാലത്ത്‌ പരസ്യമായ രഹസ്യമായി ഉയര്‍ന്നിരുന്നു.

കെ.വി.തോമസിന്റെ അടുത്ത ബന്ധു റോമില്‍ കന്യാസ്‌ത്രീയാണ്‌. ഇവരാണ്‌ ഇറ്റലിയില്‍ സോണിയ ഗാന്ധിയുടെ അമ്മയെ പരിചരിച്ചിരുന്നതെന്നും ഇതില്‍ സോണിയ തൃപ്‌തയായിരുന്നെന്നും സോണിയയെ സംപ്രീതയാക്കാനായി തോമസ്‌ തിരുത മീന്‍ വിമാനം വഴി ഡെല്‍ഹിയില്‍ കോണ്‍ഗ്രസ്‌ അധ്യക്ഷയുടെ വീട്ടിലെത്തിക്കുന്ന പതിവ്‌ ഉണ്ടായിരുന്നുവെന്നും ആണ്‌ കോണ്‍ഗ്രസുകാര്‍ക്കിടയില്‍ പ്രചരിച്ചിരുന്ന കാര്യം.

കോണ്‍ഗ്രസില്‍ അടുത്ത കാലത്ത്‌ വലിയ പരിഗണന കിട്ടാതെ വരികയും തോമസ്‌ കണ്ണൂരില്‍ സി.പി.എം.ദേശീയ സമ്മേളന വേദിയില്‍ സെമിനാറില്‍ പങ്കെടുക്കുകയും പിണറായി വിജയനെ പുകഴ്‌ത്തുകയും ചെയ്‌തതോടെ മുമ്പ്‌ രഹസ്യമായി കോണ്‍ഗ്രസുകാര്‍ ഉന്നയിച്ചിരുന്ന പരിഹാസം പരസ്യമായി ഉയര്‍ത്തപ്പെടുകയായിരുന്നു. ഇതേക്കുറിച്ച്‌ തോമസ്‌ മാഷ്‌ വേദനയോടെ പ്രതികരിക്കുകയും ചെയ്‌തു. എന്നാല്‍ തൃക്കാക്കരയിലെ അവിശ്വസനീയമായ വിജയത്തിന്റെ ലഹരിയിലാണ്‌ കൊച്ചിയിലെ കോണ്‍ഗ്രസ്‌ പ്രവര്‍ത്തകര്‍ തോമസിന്റെ വീട്ടിനു മുന്നില്‍ പ്രതിഷേധത്തോടെ തിരുത മീനുമായി പ്രകടനം നടത്തിയത്‌.

Leave a Reply

Your email address will not be published. Required fields are marked *