Categories
latest news

രാജീവ് ഗാന്ധി വധക്കേസ് പ്രതി പേരറിവാളനെ മോചിപ്പിക്കാൻ സുപ്രീം കോടതി ഉത്തരവിട്ടു

“എന്റെ അമ്മയുടെ 31 വർഷത്തെ പോരാട്ടത്തിന് ഒടുവിൽ ഫലം ലഭിച്ചു,” ഉത്തരവിനോട് പേരറിവാളൻ ഇങ്ങനെ പ്രതികരിച്ചു.

Spread the love

മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധി വധക്കേസിൽ ജീവപര്യന്തം തടവ് ശിക്ഷ അനുഭവിക്കുന്ന പ്രതികളിലൊരാളായ എ.ജി. പേരറിവാളനെ മോചിപ്പിക്കാൻ ഭരണഘടനയുടെ ആർട്ടിക്കിൾ 142 പ്രകാരമുള്ള അധികാരങ്ങൾ അനുസരിച്ചു സുപ്രീം കോടതി ബുധനാഴ്ച ഉത്തരവിട്ടു. “എന്റെ അമ്മയുടെ 31 വർഷത്തെ പോരാട്ടത്തിന് ഒടുവിൽ ഫലം ലഭിച്ചു,” ഉത്തരവിനോട് പേരറിവാളൻ ഇങ്ങനെ പ്രതികരിച്ചു. പേരറിവാളന്റെ ‘അമ്മ അർപുതമ്മാൾ നടത്തിയ യാതനാ പൂർണമായ നിയമ പോരാട്ടമാണ് മകന്റെ മോചനം സാധ്യമാക്കിയത്. ഒരു അമ്മയുടെ അത്യന്തം ത്യാഗ പൂർണമായ നീണ്ട പോരാട്ടത്തിന്റെ കഥ ദേശീയ ശ്രദ്ധ നേടിയ വാർത്തകളായിരുന്നു.

പേരറിവാളൻ ‘അമ്മ അർപുതമ്മാളിനൊപ്പം

“രാജീവ് ഗാന്ധി വധക്കേസിൽ പേരറിവാളൻ 30 വർഷം ജീവപര്യന്തം തടവ് അനുഭവിച്ചിട്ടുണ്ട് എന്നത് ശ്രദ്ധേയമാണ്. പ്രസക്തമായ പരിഗണനകളുടെ അടിസ്ഥാനത്തിലാണ് സംസ്ഥാന മന്ത്രിസഭ തീരുമാനമെടുത്തത്. ആർട്ടിക്കിൾ 142 അനുസരിച്ച് കുറ്റവാളിയെ മോചിപ്പിക്കുന്നതാണ് ഉചിതം”– ജസ്റ്റിസ് എൽ നാഗേശ്വര റാവു അധ്യക്ഷനായ ബെഞ്ച് പറഞ്ഞു. 2018 സെപ്റ്റംബറിൽ തമിഴ്‌നാട് കാബിനറ്റ് അദ്ദേഹത്തെ വിട്ടയക്കാൻ ഗവർണർക്ക് ശുപാർശ ചെയ്തിരുന്നതായി ജസ്റ്റിസുമാരായ എൽ നാഗേശ്വര റാവു, ബിആർ ഗവായ് എന്നിവരടങ്ങിയ ബെഞ്ച് ഉത്തരവിൽ പറഞ്ഞു. എന്നാൽ അത് ഇത് വരെയും നടപ്പായില്ല. ശിക്ഷയിൽ ഇളവ് നൽകാൻ തമിഴ്‌നാട് സർക്കാർ നിർദ്ദേശിച്ചിട്ടും മോചനം വൈകുന്നതിൽ പ്രതിഷേധിച്ച് പേരറിവാളൻ 2018ൽ സുപ്രീം കോടതിയെ സമീപിച്ചു. 

thepoliticaleditor

1991 മെയ് 21 ന് രാത്രി തമിഴ്‌നാട്ടിലെ ശ്രീപെരുമ്പത്തൂരിൽ വച്ച് തിരഞ്ഞെടുപ്പ് റാലിയിൽ തനു എന്ന വനിതാ ചാവേർ ബോംബ് പൊട്ടിച്ചാണ് രാജീവ് ഗാന്ധിയെ കൊന്നത്.

അന്ന് പേരറിവാളന് 19 വയസ്സായിരുന്നു.. രാജീവ് ഗാന്ധിയെ കൊല്ലാനുള്ള ഗൂഢാലോചന നടത്തിയ എൽ.ടി.ടി.ഇക്കാരനായ ശിവരാസനുവേണ്ടി രണ്ട് 9 വോൾട്ട് ബാറ്ററികൾ വാങ്ങി നൽകി എന്നതാണ് പേരറിവാളന്റെ മേലുള്ള കുറ്റം. രാജീവ് ഗാന്ധിയെ കൊലപ്പെടുത്താൻ ബോംബിൽ ഉപയോഗിച്ചത് ഈ ബാറ്ററികളായിരുന്നു.

1998-ൽ ഭീകരവിരുദ്ധ കോടതി പേരറിവാളന് വധശിക്ഷ വിധിച്ചു. ഒരു വർഷത്തിന് ശേഷം സുപ്രീം കോടതി ശിക്ഷ ശരിവെച്ചെങ്കിലും 2014-ൽ ജീവപര്യന്തമായി ഇളവ് ചെയ്തു. ഈ വർഷം മാർച്ചിൽ സുപ്രീം കോടതി അദ്ദേഹത്തിന് ജാമ്യം അനുവദിച്ചു.

Spread the love
English Summary: SUPREME COURT ORDERED TO RELEASE PERARIVALAN

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick