• Home
  • kerala
  • “ജോര്‍ജ്ജിന്റെ കരച്ചില്‍ അറവുശാലയിലെ പോത്തിന്റെത്‌…വര്‍ഗീയ വിഷം തുപ്പിയാല്‍ ഇനിയും അകത്താവും”

“ജോര്‍ജ്ജിന്റെ കരച്ചില്‍ അറവുശാലയിലെ പോത്തിന്റെത്‌…വര്‍ഗീയ വിഷം തുപ്പിയാല്‍ ഇനിയും അകത്താവും”

പി.സി.ജോര്‍ജ്ജിന്റെ കരച്ചില്‍ അറവുശാലയിലെ പോത്തിന്റെതു പോലെയാണെന്നും വര്‍ഗീയ വിഷം ചീറ്റിയാല്‍ ഇനിയും ജോര്‍ജ്ജ്‌ അകത്തു തന്നെ കിടക്കേണ്ടിവരുമെന്നും വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടി. മുഖ്യമന്ത്രി പിണറായി വിജയനെതിരെ ജോര്‍ജ്ജ്‌ ഇന്ന്‌ രാവിലെ നടത്തിയ രൂക്ഷമായ പ്രസ്‌താവനകള്‍ക്കുള്ള നിശിതമായ വിമര്‍ശനം ശിവന്‍കുട്ടി അഴിച്ചു വിട്ടു. പിണറായി വിജയന് ജോർജിന്റെ സർട്ടിഫിക്കറ്റ് ആവശ്യമില്ലെന്ന് മന്ത്രി വ്യക്തമാക്കി. വർഗീയ വിഷം തുപ്പിയാൽ ജോർജ് ഇനിയും അകത്തുകിടക്കേണ്ടി വരുമെന്നും ശിവൻകുട്ടി മുന്നറിയിപ്പ് നൽകി. രാജ്യത്തെ നിയമസംവിധാനം അതാണെന്നും അദ്ദേഹം പറഞ്ഞു. പി സി എന്ന ഇനീഷ്യലിനെ ഏറ്റവും മോശമായി ചിത്രീകരിച്ച പാർട്ടിയ്ക്കൊപ്പമാണ് ജോർജ് ഇപ്പോഴുള്ളത്. വർഗീയ വിഭജനം ഉന്നംവച്ചുള്ള നീക്കങ്ങൾ ആണ് സംഘപരിവാറിന്റേത്. പി.സി.ജോർജിനെ അതിനുള്ള കരുവാക്കുകയാണ്. സ്വയം വിറ്റ് ജീവിക്കാനുള്ള ശ്രമത്തിലാണ് പി.സി.ജോർജെന്നും മന്ത്രി പറഞ്ഞു . രാഷ്ട്രീയ ജീവിതത്തിൽ വർഗീയ സംഘടനകളുമായി പി സി ജോർജ് നിരവധി തവണ ആത്മബന്ധം സ്ഥാപിക്കാൻ ശ്രമിച്ചിട്ടുണ്ട്. അത് തിരിച്ചറിഞ്ഞാണ് കേരളത്തിലെ ജനങ്ങൾ പി സി ജോർജിനെ തോൽപ്പിച്ച് വീട്ടിൽ ഇരുത്തിയിരിക്കുന്നത്. പി സി ജോർജിനോ അദ്ദേഹം ഇപ്പോൾ പ്രതിനിധാനം ചെയ്യുന്ന പ്രസ്ഥാനങ്ങൾക്കോ കേരളത്തിലെ സമാധാനാന്തരീക്ഷം തകർക്കാൻ കഴിയില്ല. കൗണ്ട് ഡൗൺ തുടങ്ങിയത് ആരുടേതാണെന്ന് കാലം തെളിയിക്കുമെന്നും ശിവൻകുട്ടി വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *