മുഖ്യമന്ത്രി പിണറായി വിജയനെതിരായ വിവാദ പരാമർശത്തിൽ കെ പി സി സി അദ്ധ്യക്ഷൻ കെ സുധാകരനെതിരെ കേസെടുത്തു. ഐ പി സി 153 വകുപ്പ് പ്രകാരം വിദ്വേഷ പ്രസംഗത്തിനാണ് പാലാരിവട്ടം പൊലീസ് കേസെടുത്തത്. ഡി വൈ എഫ് ഐ പ്രാദേശിക നേതാവിന്റെ പരാതിയിലാണ് കേസ് . തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് പ്രചാരണത്തിന് ചുക്കാന്‍ പിടിക്കാനായി മുഖ്യമന്ത്രി പിണറായി വിജയന്‍ മണ്ഡലത്തില്‍ സ്ഥിരമായി ക്യാമ്പ് ചെയ്യുന്നതിനെതിരെ കെ.സുധാകരന്‍ വിവാദ പരാമര്‍ശം നടത്തിയതാണ് കേസിലേക്ക് നയിച്ചിരിക്കുന്നത്.ചങ്ങലപൊട്ടിച്ചുവന്ന നായയെപ്പോലെ മുഖ്യമന്ത്രി പിണറായി വിജയൻ തൃക്കാക്കരയിൽ നടക്കുകയാണെന്നായിരുന്നു കെ സുധാകരന്റെ വിവാദ പരാമർശം. പ്രസംഗം വിവാദമായതിന് പിന്നാലെ പിണറായി വിജയനെ താൻ പട്ടിയെന്ന് വിളിച്ചിട്ടില്ലെന്നും തന്റേത് മലബാറിലെ സാധാരണ പ്രയോഗം മാത്രമാണെന്നും മുഖ്യമന്ത്രിക്ക് ബുദ്ധിമുട്ട് തോന്നിയെങ്കില്‍ പറഞ്ഞത് പിന്‍വലിക്കുന്നുവെന്നും സുധാകരൻ പറഞ്ഞിരുന്നു.













