ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി കോൺഗ്രസിന് കനത്ത തിരിച്ചടിയായി പാട്ടിദാർ നേതാവ് ഹാർദിക് പട്ടേൽ പാർട്ടി വിട്ടു. ഗുജറാത്ത് കോൺഗ്രസ് വർക്കിങ് പ്രസിഡന്റ് ആണ് ഹാർദിക് .
“ഇന്ന് ഞാൻ കോൺഗ്രസ് പാർട്ടി സ്ഥാനവും പാർട്ടിയുടെ പ്രാഥമിക അംഗത്വവും രാജിവെക്കുന്നു. എന്റെ തീരുമാനത്തെ എന്റെ എല്ലാ സഹപ്രവർത്തകരും ഗുജറാത്തിലെ ജനങ്ങളും സ്വാഗതം ചെയ്യുമെന്ന് എനിക്ക് ഉറപ്പുണ്ട്. എന്റെ ഈ ചുവടുവെപ്പിന് ശേഷം ഭാവിയിൽ ഗുജറാത്തിന് വേണ്ടി ക്രിയാത്മകമായി പ്രവർത്തിക്കാൻ എനിക്ക് കഴിയുമെന്ന് ഞാൻ വിശ്വസിക്കുന്നു,” പട്ടേൽ ട്വിറ്ററിൽ കുറിച്ചു. പാർട്ടിയുടെ ഇടക്കാല അധ്യക്ഷ സോണിയ ഗാന്ധിക്ക് അയച്ച രാജിക്കത്തിന്റെ സ്നാപ്പ്ഷോട്ടും അദ്ദേഹം പങ്കുവച്ചു.
സംസ്ഥാന കോൺഗ്രസ് ഘടകത്തിന്റെ ഒരു യോഗത്തിലേക്കും തന്നെ ക്ഷണിക്കാറില്ലെന്നും തീരുമാനങ്ങൾ എടുക്കുമ്പോൾ തന്നോട് ആലോചിക്കാറില്ലെന്നും ഹാർദിക് പട്ടേൽ നേരത്തേ ആരോപിച്ചിരുന്നു. പിസിസി പ്രസിഡന്റ് ജഗദീഷ് ഠാക്കൂറാണ് പാർട്ടിയിൽ ഹാർദിക്കിന്റെ മുഖ്യ എതിരാളി. ഹാർദിക്കിനെ ആം ആദ്മി പാർട്ടി ലക്ഷ്യമിടുന്നതായി സൂചനയുണ്ട്. ഗുജറാത്തിൽ പിടിമുറുക്കാൻ ശ്രമിക്കുന്ന ആം ആദ്മി ജനപിന്തുണയുള്ള നേതാക്കൾക്കായുള്ള അന്വേഷണത്തിലാണ്.














