ജമ്മു കശ്മീരിലെ ബുദ്ഗാം ജില്ലയിൽ റവന്യൂ വകുപ്പ് ജീവനക്കാരന് നേരെ ഭീകരർ വെടിയുതിർത്തു. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹത്തെ ശ്രീനഗറിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. കശ്മീരി പണ്ഡിറ്റ് സമുദായാംഗമായ രാഹുൽ ഭട്ട് ആണ് കൊല്ലപ്പെട്ടത്. സെൻട്രൽ കശ്മീരിലെ ചദൂരയിലുള്ള തഹസിൽദാർ ഓഫീസിലാണ് സംഭവം.
സംഭവത്തോട് പ്രതികരിച്ച കോൺഗ്രസ് നേതാവ് അശ്വനി ഹന്ദ, താഴ്‌വരയിലെ കശ്മീരി പണ്ഡിറ്റുകൾക്ക് സുരക്ഷ ഒരുക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടതായി ആരോപിച്ചു.
കഴിഞ്ഞ മാസം, ദക്ഷിണ കശ്മീരിലെ ഷോപിയാൻ ജില്ലയിലെ ചോട്ടോഗാം പ്രദേശത്ത് കശ്മീരി പണ്ഡിറ്റ് സമുദായക്കാരനായ കടയുടമ സോനു കുമാറിനു നേരെ മോട്ടോർ സൈക്കിളിൽ എത്തിയ രണ്ട് ഭീകരർ വെടിയുതിർത്തിരുന്നു . ഭാഗ്യവശാൽ സോനു കുമാർ രക്ഷപ്പെട്ടു.
കഴിഞ്ഞ വർഷം ഒക്ടോബറിൽ കശ്മീർ താഴ്‌വരയിൽ നിരവധി സിവിലിയൻ കൊലപാതകങ്ങൾ നടന്നിരുന്നു. കൂടുതലും ന്യൂനപക്ഷ സമുദായത്തെ ലക്ഷ്യമിട്ടായിരുന്നു. പ്രമുഖ കശ്മീരി പണ്ഡിറ്റും ശ്രീനഗറിലെ ഏറ്റവും പ്രശസ്തമായ ഫാർമസി ഉടമയുമായ മഖൻ ലാൽ ബിന്ദ്രൂ ഒക്‌ടോബർ 5 ന് അദ്ദേഹത്തിന്റെ കടയിൽ വെടിയേറ്റ് മരിച്ചു. ഇതിന് പിന്നാലെയാണ് ശ്രീനഗറിലെ തെരുവോര കച്ചവടക്കാരനായ വീരേന്ദർ പാസ്വാൻ, സർക്കാർ സ്‌കൂൾ പ്രിൻസിപ്പൽ സുപീന്ദർ കൗർ എന്നിവരും മരിച്ചത്.













