• Home
  • kerala
  • പ്രശസ്ത മാധ്യമപ്രവർത്തകൻ വി.പി രാമചന്ദ്രൻ അന്തരിച്ചു

പ്രശസ്ത മാധ്യമപ്രവർത്തകൻ വി.പി രാമചന്ദ്രൻ അന്തരിച്ചു

പ്രമുഖ പത്രപ്രവർത്തകൻ വി.പി.രാമചന്ദ്രൻ (98) വിടപറഞ്ഞു. ഇന്നലെ രാത്രി കാക്കനാട് മാവേലിപുരത്തെ വസതിയിലായിരുന്നു അന്ത്യം. രാവിലെ 9 മുതൽ 12വരെ മാവേലിപുരം എംആർഎ ഹാളിൽ പൊതുദർശനത്തിന് വയ്ക്കും. ഉച്ചയ്ക്കു രണ്ടിന് തൃക്കാക്കര മുനിസിപ്പൽ ശ്മശാനത്തിൽ സംസ്കരിക്കും.

ഇന്ത്യയിലും വിദേശത്തുമായി അരനൂറ്റാണ്ട് മാധ്യമപ്രവർത്തനം നടത്തിയ വ്യക്തിയാണ് വി.പി രാമചന്ദ്രൻ. കേരള പ്രസ് അക്കാദമിയുടെ കോഴ്‌സ് ഡയറക്‌ടറും രണ്ടു തവണ ചെയർമാനുമായിരുന്നു.

ജോലി തേടി പുണെയിലേക്ക് ട്രെയിൻ കയറിയ വടക്കാഞ്ചേരിക്കാരൻ വി.പി. രാമചന്ദ്രൻ ഇന്ത്യയിലെ അറിയപ്പെടുന്ന പത്രലേഖകനായി മാറിയത് അപ്രതീക്ഷിതമായ ജീവിതവഴിത്താരയിലൂടെ സഞ്ചരിച്ചായിരുന്നു. എസ്‌എസ്‌എൽസി പഠനത്തിനുശേഷം പുണെയിലേക്ക് കുടിയേറി. മിലിട്ടറി അക്കൗണ്ടിങ് സെക്‌ഷനിൽ ലോവർ ഡിവിഷൻ ക്ലർക്കായി ആദ്യ ജോലി. പിന്നീട് മുംബൈയിൽ അസോസിയേറ്റഡ് പ്രസ് ഓഫ് ഇന്ത്യയിൽ ടൈപ്പിസ്‌റ്റായി.

മലേറിയ പടർന്ന് പിടിച്ച ഗുവാഹത്തിയിലേക്കുള്ള സ്‌ഥലംമാറ്റമാണ് വിപിആറിന്റെ പത്രപ്രവർത്തന ജീവിതത്തിൽ വഴിത്തിരിവായത്. റിപ്പോർട്ടറില്ലാത്ത ഓഫിസിൽ് ടൈപ്പിസ്‌റ്റ് കം റിപ്പോർട്ടറായി ജോലി ചെയ്‌തു. പത്രപ്രവർത്തനത്തിലെ പിച്ചവയ്‌പായിരുന്നു അക്കാലം. അസോസിയേറ്റഡ് പ്രസ് പ്രസ് ട്രസ്‌റ്റ് ഓഫ് ഇന്ത്യ (പിടിഐ) ആകുമ്പോൾ വിപിആർ എഡിറ്റോറിയൽ അസിസ്റ്റൻഡായി നിയമിതനായി. തുടർന്നു ഡൽഹിയിൽ സബ് എഡിറ്ററായി.1956 മുതൽ ആറുവർഷം പിടിഐയുടെ പാക്കിസ്‌ഥാൻ ലേഖകനായിരുന്നു.

1956ൽ പാക്കിസ്ഥാനിൽ നിയമനം.1958ൽ അയൂബ് ഖാന്റെ പട്ടാള ഭരണം നിലവിൽ വന്നപ്പോൾ ഒപ്പം തന്നെ സെൻസർഷിപ്പും ഏർപ്പെടുത്തിയതിനാൽ പാക്കിസ്ഥാനിലെ രാഷ്ട്രീയ സാഹചര്യങ്ങളോ ഭരണപരമായ നടപടികളോ ഒന്നും പുറം ലോകത്തെ അറിയിക്കാൻ കഴിയാത്ത അവസ്ഥയുണ്ടായി. എന്നാൽ ഇന്ത്യൻ എയർലൈൻസിന്റെ പൈലറ്റ് മുഖേന അതിവിദഗ്ധമായും അതീവരഹസ്യമായും വിവരങ്ങൾ ഡൽഹിലെത്തിക്കാനും ലോകത്തെയാകെ അറിയിക്കാനും വിപിആറിനു സാധിച്ചു.

ലഹോറിലും പിന്നീടു റാവൽപിണ്ടിയിലും പ്രവർത്തിച്ച നാളുകളിൽ ഭൂട്ടോ ഉൾപ്പെടെയുള്ള പാക് നേതാക്കളുമായി സൗഹൃദം സ്ഥാപിക്കാനും വിപിആറിനു സാധിച്ചു.

1962ൽ ഇന്ത്യ – ചൈന യുദ്ധം റിപ്പോർട്ട് ചെയ്യാൻ അവസരം ലഭിച്ചപ്പോൾ സൈനികന്റെ വേഷം അണിയേണ്ടിവന്ന അനുഭവവും വിപിആറിനുണ്ടായി. യുദ്ധം അവസാനിച്ചതോടെ ഡൽഹിയിൽ തിരിച്ചെത്തിയ വിപിആർ പ്രധാനമന്ത്രിയുടെ ഓഫിസ് (പിഎംഒ), വിദേശ, പ്രതിരോധ മന്ത്രാലയങ്ങൾ എന്നിവയുമായി ബന്ധപ്പെട്ടുള്ള വാർത്തകൾ റിപ്പോർട്ട് ചെയ്യാനാണു നിയോഗിക്കപ്പെട്ടത്. പിന്നീട് യുഎൻഐയുടെ ഡൽഹി ബ്യൂറോ ചീഫായി നിയമിക്കപ്പെട്ടു.

കോൺഗ്രസിലെ പിളർപ്പും 1971ലെ ഇന്ത്യ – പാക് യുദ്ധവും ബംഗ്ളദേശിന്റെ ഉദയവും മറ്റും ഡൽഹിയെ ലോകത്തിന്റെ ശ്രദ്ധാകേന്ദ്രമാക്കിയ നാളുകളിൽ മാധ്യമപ്രവർത്തകനെന്ന നിലയിൽ അസാധാരണ പ്രാഗത്ഭ്യം തെളിയിക്കാനുള്ള അവസരമാണു വിപിആറിനു കൈവന്നത്.

എന്നാൽ 1975ൽ അടിയന്തരാവസ്ഥ പ്രഖ്യാപിക്കപ്പെട്ടതോടെ സെൻസർഷിപ്പും നടപ്പിലായപ്പോൾ സ്വതന്ത്ര മാധ്യമ പ്രവർത്തനം എന്നൊന്ന് ഇല്ലാതാകുകയായിരുന്നു. വിപിആറിനോട് അസൂയുണ്ടായിരുന്നവരിൽ ചിലർ അദ്ദേഹം അടിയന്തരാവസ്ഥയ്ക്ക് എതിരാണെന്നു പ്രചരിപ്പിക്കാൻതുടങ്ങി. ഇത് ഇന്ദിര ഗാന്ധിയുടെ ചെവിയിലും എത്തി. അദ്ദേഹത്തെ ഡൽഹിയിൽനിന്നു പുറത്തുചാടിക്കാനായിരുന്നു തുടർന്നു പ്രധാനമന്ത്രിയുടെ ഓഫിസിൽനിന്നു വാർത്താ ഏജൻസിക്കു ലഭിച്ച ഉത്തരവ്.

ഡൽഹിയിൽനിന്നു റാഞ്ചിയിലേക്കായിരുന്നു പിന്നെ വിപിആറിന്റെ മാറ്റം. അടിയന്തരാവസ്ഥ പിൻവലിക്കുന്നതുവരെ വിപിആറിനു റാ‍ഞ്ചിയിൽ കഴിയേണ്ടിവന്നു. ഡൽഹിയിൽ യുഎൻഐയുടെ ഡപ്യൂട്ടി ജനറൽ മാനേജറായിട്ടായിരുന്നു പിന്നീട് മാറ്റം. 1978ൽ മാതൃഭൂമിയുടെ എക്സിക്യൂട്ടീവ് എഡിറ്ററായി. തുടർന്ന് എഡിറ്ററായി.

എക്സ്പ്രസ് ദിനപത്രത്തിലും കേരള പത്രികയിലും പിന്നീടു കുറച്ചുകാലം വിപിആർ പ്രവർത്തിച്ചു. 1991ൽ കേരള പ്രസ് അക്കാദമി (ഇപ്പോഴത്തെ കേരള മീഡിയ അക്കാദമി) യുടെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കമ്യൂണിക്കേഷൻ ഡയറക്ടറായി നിയമിതനായ അദ്ദേഹം മൂന്നു വർഷം തൽസ്ഥാനത്തു തുടർന്നു. പിന്നീടു ആറു വർഷം അക്കാദമിയുടെ ചെയർമാനായും വിപിആർ സേവനം അനുഷ്ഠിച്ചു.

ഭാര്യ: പരേതായ ഗൗരി. മകൾ: ലേഖ.

Leave a Reply

Your email address will not be published. Required fields are marked *