പഞ്ചാബ് പോലീസിന്റെ മൊഹാലിയിലെ രഹസ്യാന്വേഷണ വിഭാഗം ആസ്ഥാനത്ത് ഗ്രനേഡ് ആക്രമണം നടത്തിയ സംഭവത്തിൽ ഇതുവരെയുള്ള അന്വേഷണത്തിൽ ഭീകരാക്രമണത്തിൽ പാക്കിസ്ഥാന്റെ പങ്ക് വെളിപ്പെട്ടു എന്ന് പോലീസ്.. പാക്കിസ്ഥാനിൽ നിർമ്മിച്ച റോക്കറ്റ് പ്രൊപ്പൽഡ് ഗ്രനേഡ് അഥവാ ആർപിജിയാണ് ആക്രമണത്തിന് ഉപയോഗിച്ചതെന്ന് പോലീസ് പറഞ്ഞു. സ്‌ഫോടനവുമായി ബന്ധപ്പെട്ട് മൊഹാലി പോലീസ് നിരവധി പ്രതികളെ പിടികൂടി ചോദ്യം ചെയ്തു. ആക്രമണത്തിന് ഉപയോഗിച്ച ലോഞ്ചർ പോലീസ് കണ്ടെടുത്തിട്ടുണ്ട്. രണ്ട് പ്രതികൾ കാറിൽ വന്ന് ഇന്റലിജൻസ് ഓഫീസ് കെട്ടിടത്തിന് 80 മീറ്റർ അകലെ നിന്ന് ആർപിജി വിക്ഷേപിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ഇന്റലിജൻസ് ഉദ്യോഗസ്ഥരും അന്വേഷണ ഉദ്യോഗസ്ഥരും നിലവിൽ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് വരികയാണ്.
സ്‌ഫോടനം നടക്കുമ്പോൾ ഖാലിസ്ഥാനി ഭീകരൻ ഹർവീന്ദർ സിങ് റിൻഡ പഞ്ചാബ് പോലീസിന്റെ രഹസ്യാന്വേഷണ വിഭാഗം ആസ്ഥാന മന്ദിരത്തിന് ചുറ്റും പതിയിരുന്നതായി പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. മൊബൈൽ ഫോണുകളുടെ ഡാറ്റ ഡംപ് നടത്തിയതിന് ശേഷമാണ് ഇതിന്റെ തെളിവുകൾ കണ്ടെത്തിയതെന്ന് പോലീസ് പറഞ്ഞു. ഹർവിന്ദർ സിംഗ് റിൻഡ ഇപ്പോൾ പാകിസ്ഥാനിലാണ്.
കേന്ദ്ര രഹസ്യാന്വേഷണ ഏജൻസികളായ ഇന്റലിജൻസ് ബ്യൂറോ (ഐബി), റിസർച്ച് ആൻഡ് അനാലിസിസ് വിംഗ് (റോ), മിലിട്ടറി ഇന്റലിജൻസ് (എംഐ), അതിർത്തി രക്ഷാ സേനയുടെ (ബിഎസ്എഫ്) രഹസ്യാന്വേഷണ വിഭാഗം സംഭവത്തിന്റെ വിശദാംശങ്ങൾ ശേഖരിക്കാനുള്ള പ്രവർത്തനങ്ങൾ ഊർജിതമാക്കിയിട്ടുണ്ട്. .













