സംസ്ഥാനത്തെ ഡി.വൈ.എഫ്.ഐ.ക്ക് പുതിയ നേതൃത്വം. പുതിയ സംസ്ഥാന പ്രസിഡന്റായി കോഴിക്കോട് സ്വദേശി വി. വസീഫിനെ തിരഞ്ഞെടുത്തു. എസ് . സതീഷ് ഒഴിഞ്ഞതിനു പകരം ആണ് വസീഫ് വരുന്നത്. നിലവിലെ സംസ്ഥാന ജോയിന്റ് സെക്രട്ടറിയാണ്. സെക്കൻഡറി അധ്യാപകൻ ആണ് വസീഫ് . തിരുവനന്തപുരത്ത് ഗവ. ഹോമിയോ കോളജിൽ എം.ഡി ചെയ്യുന്ന ഡോ. അർഷിദ ആണ് ഭാര്യ. സിപി എം കോഴിക്കോട് ജില്ലാ കമ്മിറ്റി അംഗം, കൊടിയത്തൂർ സർവീസ് സഹകരണ ബാങ്ക് പ്രസിഡൻ്റ് എന്നീ പദവികളും ഉണ്ട്.

കണ്ണൂർ സ്വദേശി വി.കെ. സനോജ് സംസ്ഥാന സെക്രട്ടറിയായി തുടരും. എസ്.ആര്‍. അരുണ്‍ ബാബു ആണ് ട്രഷറർ. സനോജ് സ്ഥാനം ഏറ്റെടുത്തിട്ട് അധികമായില്ല. സംസ്ഥാന സെക്രട്ടറിയായിരുന്ന എ.എ. റഹീം ദേശീയ പ്രസിഡന്റായി ചുമതലയേറ്റപ്പോള്‍വന്ന ഒഴിവിലേക്ക് സനോജിനെ നിയോഗിക്കുകയായിരുന്നു. നിലവിൽ ഡിവൈഎഫ്‌ഐ കേന്ദ്ര കമ്മിറ്റിയംഗമാണ് മുപ്പത്തിയേഴുകാരനായ സനോജ്. ഡിവൈഎഫ്‌ഐ കണ്ണൂർ ജില്ലാ സെക്രട്ടറിയായും എസ്‌എഫ്‌ഐ സംസ്ഥാന വൈസ്‌പ്രസിഡന്റായും പ്രവർത്തിച്ചിട്ടുണ്ട്. സിപി എം കണ്ണൂർ ജില്ലാകമ്മിറ്റിയംഗം, വോളിബോൾ അസോസിയേഷൻ കണ്ണൂർ ജില്ലാ പ്രസിഡന്റ്, സംസ്ഥാന യുവജനക്ഷേമ ബോർഡ് അംഗം എന്നീ നിലകളിലും പ്രവർത്തിക്കുന്നു. കണ്ണൂർ മാലൂര് നിട്ടാപറമ്പ് പത്‌മശ്രീയിൽ എം കെ പത്‌മനാഭന്റെയും വി കെ സുലോചനയുടെയും മകനാണ്. മലയാള സാഹിത്യത്തിൽ ബിരുദാനന്തര ബിരുദധാരിയാണ്. ഭാര്യ: ജസ്‌ന ജയരാജ് (റിപ്പോർട്ടർ, ദേശാഭിമാനി കണ്ണൂർ).
25 സംസ്ഥാന സെക്രട്ടറിയേറ്റ് അംഗങ്ങളും 90 അംഗ സംസ്ഥാന കമ്മിറ്റി അംഗങ്ങളും ഉള്‍പ്പെട്ടതാണ് പുതിയ ഡിവൈഎഫ്‌ഐ കമ്മിറ്റി. എസ്. സതീഷ്, ചിന്താ ജെറോം, കെ.യു. ജെനീഷ് കുമാര്‍ തുടങ്ങിയവര്‍ സംസ്ഥാന കമ്മിറ്റിയില്‍ നിന്ന് ഒഴിവായി. സംസ്ഥാന സമിതിയില്‍ ആദ്യമായി ട്രാന്‍സ്‌ജെന്‍ഡര്‍ അംഗത്തെ ഉള്‍പ്പെടുത്തി. ചങ്ങാനശേരി സ്വദേശി ലയ മരിയ ജയസണ്‍ ആണ് ഡിവൈഎഫ്‌ഐ സംസ്ഥാന സമതിയില്‍ ഇടം നേടിയത്.













