നിയമസഭാ തിരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം അവശേഷിക്കെ, ഗുജറാത്ത് കോണ്‍ഗ്രസില്‍ നേതൃത്വകലാപം. വര്‍ക്കിങ് പ്രസിഡണ്ട ഹാര്‍ദിക് പട്ടേല്‍ ബി.ജെ.പി.യെയും നരേന്ദ്രമോദിയെയും പ്രകീര്‍ത്തിച്ച് രംഗത്തു വന്നത് അദ്ദേഹം ബി.ജെ.പി.യിലേക്ക് പോകുന്നതിന്റെ സൂചനയാണെന്ന് വിലയിരുത്തപ്പെടുന്നു. അതല്ല, കോണ്‍ഗ്രസില്‍ കൂടുതല്‍ സമ്മര്‍ദ്ദം ചെലുത്തി എതിരാളികളെ ഇല്ലാതാക്കാനുള്ള തന്ത്രമായും കണക്കാക്കപ്പെടുന്നുണ്ട്. പട്ടേല്‍ സമുദായത്തില്‍ നിന്നും മറ്റൊരു നേതാവിനെ ഉയര്‍ത്തിക്കൊണ്ടുവരാനുള്ള കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിന്റെ നടപടിയാണ് ഹാര്‍ദിക് പട്ടേലിനെ പ്രകോപിപ്പിച്ചിരിക്കുന്നത്. ഗുജറാത്ത് കോൺഗ്രസ് പാർട്ടിയുടെ പ്രശ്‌നം അതിന്റെ ഉന്നത നേതൃത്വമാണെന്ന് ഹാർദിക് പട്ടേൽ പറഞ്ഞു. ഗുജറാത്തിലെ ഒരു വ്യക്തിഗത നേതാവുമായും തനിക്ക് പ്രശ്‌നമില്ല. നേതൃത്വം ആരെയും പ്രവർത്തിക്കാൻ അനുവദിക്കുന്നില്ല, ആരെങ്കിലും പ്രവർത്തിച്ചാൽ അവരെ തടയും. ഗുജറാത്ത് കോൺഗ്രസിനുള്ളിൽ പ്രശ്‌നങ്ങൾ പരിഹരിക്കേണ്ടതുണ്ട് . പാർട്ടി ഹൈക്കമാൻഡിനോട് ഞാൻ ആശങ്ക പ്രകടിപ്പിച്ചു, വളരെ വേഗം തീരുമാനമെടുക്കുമെന്ന് അവർ എനിക്ക് ഉറപ്പുനൽകിയിട്ടുണ്ട്– ഹാർദിക് പട്ടേൽ പറഞ്ഞു
കോണ്‍ഗ്ര്‌സ് വര്‍ക്കിങ് പ്രസിഡന്റായി തുടരുമ്പോഴും പാര്‍ട്ടി കാര്യങ്ങളൊന്നും തന്നെ അറിയിക്കുന്നില്ല എന്നതായിരുന്നു ഹാര്‍ദിക്ക് പട്ടേല്‍ പാര്‍ട്ടിക്ക് എതിരായി ഉയര്‍ത്തിയ വിമര്‍ശനം. പട്ടേല്‍ സമുദായത്തിലെ തന്നെ മറ്റൊരു പ്രധാന നേതാവായ നരേഷ് പട്ടേലിനെ കോണ്‍ഗ്രസിലേക്ക് കൊണ്ടുവരുന്നതിന് തിരഞ്ഞെടുപ്പ് തന്ത്രജ്ഞൻ പ്രശാന്ത് കിഷോര്‍ ചില നീക്കങ്ങള്‍ നടത്തിയതും ഹാര്‍ദിക്കിനെ പ്രകോപിപ്പിച്ചിരുന്നു. ഇതിന്റെ പിന്നാലെ ഗുജറാത്തി പത്രത്തിൽ ഹാർദിക് നൽകിയ അഭിമുഖത്തില്‍ നരേന്ദ്ര മോദി ഉള്‍പ്പടെയുള്ള ബി.ജെ.പി നേതാക്കളെ പ്രശംസകൊണ്ട് മൂടി. കോണ്‍ഗ്രസുകാര്‍ രാമഭക്തരാണെന്നും ബി.ജെ.പി. അതിശക്തമായ പാര്‍ടിയാണെന്നും അവരെ കുറച്ചു കാണരുതെന്നും ഹാര്‍ദിക് പറഞ്ഞു. തൊട്ടു പിറകെ ഹാര്‍ദികിനെ അഭിനന്ദിച്ച് ബി.ജെ.പി. സംസ്ഥാന പ്രസിഡണ്ട് സി.ആര്‍.പട്ടേല്‍ രംഗത്തു വരികയും ചെയ്‌തിരിക്കയാണ്. ഹാര്‍ദിക് തുറന്നു പറഞ്ഞതിനെ അദ്ദേഹം അഭിനന്ദിക്കുകയാണ്.
രാജ്യം മുഴുവൻ ബിജെപിയുടെ പ്രത്യയശാസ്ത്രത്താൽ സ്വാധീനിക്കപ്പെട്ടിരിക്കുകയാണെന്ന് ബിജെപി അധ്യക്ഷൻ പറഞ്ഞു. 2014 മുതൽ നരേന്ദ്ര മോദി രാജ്യത്തെ സേവിക്കുന്നു. ഹാർദിക് പട്ടേൽ ഇക്കാര്യം പരസ്യമായി പറഞ്ഞത് നല്ലതാണ്. പലരും ഇത് തുറന്നു സംസാരിക്കാറില്ല–സി.ആര്‍.പട്ടേല്‍ പറയുന്നു.













