ഇ.പി. ജയരാജന്‍ ഇടതുമുന്നണി കണ്‍വീനറായി നിയോഗിക്കപ്പെടുന്നതോടെ കേരളത്തിലെ സിപിഎമ്മിലും ഇടതു മുന്നണിയിലും അപൂര്‍വ്വമായ നേതൃത്വക്കാഴ്‌ചയായിരിക്കും അത്.
ഇടതു ഭരണത്തിന് നേതൃത്വം നല്‍കുന്നവരില്‍ നിര്‍ണായക സ്ഥാനത്തിരിക്കുന്നവര്‍ എല്ലാം ഒരേ ജില്ലയില്‍ നിന്നുമായിത്തീരും. സംസ്ഥാനത്തിന്റെ മുഖ്യമന്ത്രി, നേതൃത്വം നല്‍കുന്ന പാര്‍ടിയുടെ സംസ്ഥാന സെക്രട്ടറി, ഇടതുമുന്നണി കണ്‍വീനര്‍ ഇവര്‍ മൂവരും കണ്ണൂര്‍ ജില്ലക്കാര്‍-ഈ അപൂര്‍വ്വത സി.പി.എമ്മില്‍ ചരിത്രമാണ്.

ഇ.കെ.നായനാരും വി.എസ്. അച്യുതാനന്ദനും മുഖ്യമന്ത്രിമാരായിരുന്നപ്പോഴും ഒന്നാം തവണ പിണറായി വിജയന്‍ മുഖ്യമന്ത്രിയായപ്പൊഴും ഇല്ലാതിരുന്ന അപൂര്‍വ്വ കൗതുകമാണിപ്പോള്‍ സംഭവിക്കാന്‍ പോകുന്നത്. പി.വി.കുഞ്ഞിക്കണ്ണനും എം.എം.ലോറന്‍സും വൈക്കം വിശ്വനും എ.വിജയരാഘവനും എല്ലാം ഇടതു കണ്‍വീനര്‍മാരായിരുന്നപ്പോള്‍ മുഖ്യമന്ത്രിമാര്‍ അവരുടെയൊന്നും ജില്ലക്കാരായിട്ടില്ല. പാര്‍ടി സെക്രട്ടറിമാരും ഇതര ജില്ലക്കാരായിരുന്നു.

പിണറായി ആദ്യം മുഖ്യമന്ത്രിയായപ്പോള്‍ കോടിയേരി സെക്രട്ടറി പദത്തിലെത്തിയെങ്കിലും ഇടതു മുന്നണി കണ്‍വീനര്‍ ഇതര ജില്ലയില്‍ നിന്നായിരുന്നു. സി.പി.എമ്മിന്റെ ചരിത്രത്തില്‍ തന്നെ ആദ്യമായാണ് ഭരണചക്രം തിരിക്കുന്നവരും അതിന് പിന്നിലെ മുന്നണി-പാര്‍ടി നേതൃപദവിയില്‍ ഇരിക്കുന്നവരും ഒരേ ജില്ലയില്‍ നിന്നും വരുന്നത് എന്നു മാത്രമല്ല മൂവരും കണ്ണൂര്‍ ജില്ലക്കാരായി വരുന്നതും അപൂര്‍വ്വതയാണ്. ഇ.പി.യെ പുതിയ പദവിയില്‍ നിയോഗിക്കുന്ന പ്രഖ്യാപനം കൂടി വരുന്നതോടെ ഈ ചരിത്രകൗതുകമാണ് സി.പി.എമ്മില്‍ ഉണ്ടാകാന്‍ പോകുന്നത്.














