• Home
  • kerala
  • സുബൈര്‍ വധം: കഞ്ചിക്കോട്ട് മറ്റൊരു കാര്‍ കണ്ടെത്തി…ജാമ്യത്തിലിറങ്ങിയ ചിലരിലേക്ക് നീളുന്നു

സുബൈര്‍ വധം: കഞ്ചിക്കോട്ട് മറ്റൊരു കാര്‍ കണ്ടെത്തി…ജാമ്യത്തിലിറങ്ങിയ ചിലരിലേക്ക് നീളുന്നു

പാലക്കാട് ജില്ലയിലെ എലപ്പുള്ളിയില്‍ എസ്ഡിപിഐ പ്രവര്‍ത്തകന്‍ സുബൈറിനെ കൊലപ്പെടുത്തിയ ശേഷം പ്രതികള്‍ സഞ്ചരിച്ചതെന്നു കരുതുന്ന ചാര നിറമുള്ള കാര്‍ കഞ്ചിക്കോട്ട് ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. നേരത്തെ കൊലപാതക സ്ഥലത്ത് ഒരു വെളുത്ത കാര്‍ ഉപേക്ഷിച്ചിരുന്നു. ഈ കാര്‍ നാലു മാസം മുമ്പ് കൊല്ലപ്പെട്ട ആര്‍.എസ്.എസ്. പ്രവര്‍ത്തകന്‍ സഞ്ജിത്തിന്റെതാണെന്ന് പൊലീസ് മനസ്സിലാക്കിയിരുന്നു.
കൊല നടത്തിയ ശേഷം പ്രതികള്‍ രക്ഷപ്പെട്ട രണ്ടാമത്തെ കാര്‍ കണ്ടെത്തിയതോടെ ആ വഴിക്കുള്ള അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

കൃപേഷ് എന്നയാളുടെ പേരിലാണ് കാര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കൃപേഷിനെ പൊലീസ് ചോദ്യം ചെയ്തപ്പോള്‍ അലിയാര്‍ എന്ന വ്യക്തി മൂന്നു വര്‍ഷം മുമ്പ് തന്നോട് അനുവാദം ചോദിച്ച് തന്റെ പേരില്‍ എടുത്ത കാര്‍ ആണിതെന്ന് മൊഴി നല്‍കിയിട്ടുണ്ട്. അലിയാറിന്റെ ചിക്കന്‍ കടയിലെ തൊഴിലാളിയായിരുന്നു കൃപേഷ്. അലിയാര്‍ ഈ കാര്‍ സ്വന്തം ആവശ്യത്തിനും വാടകയ്ക്കും നല്‍കിയിരുന്നതായും കൃപേഷ് പറയുന്നു.

അലിയാര്‍ ഉപയോഗിച്ചിരുന്ന കാര്‍ ആണ് പ്രതികള്‍ രക്ഷപ്പെടാന്‍ ഉപയോഗിച്ചത് എന്ന് വ്യക്തമായിട്ടുണ്ട്. കാര്‍ കണ്ടെത്തിയത് കഞ്ചിക്കോട് ആണ് എന്നതിനാല്‍ പ്രതികള്‍ തമിഴ്‌നാട്ടിലേക്കാണ് രക്ഷപ്പെട്ടത് എന്ന നിഗമനവും ഉണ്ട്.


ഏതാനും മാസം മുമ്പ് എസ്.ഡി.പി.ഐ. പ്രവര്‍ത്തകനെ വെട്ടിയ കേസില്‍ പിടിയിലായ ചില ആര്‍എസ്എസ് പ്രവര്‍ത്തകര്‍ കഴിഞ്ഞ ദിവസം ജാമ്യത്തില്‍ ഇറങ്ങിയിരുന്നു. ഇവരിലേക്ക് പൊലീസ് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്.

സഞ്ജിത്തിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് സുബൈറിന്റെ വീട്ടിലേക്ക് നേരത്തെ കല്ലേറുണ്ടായിരുന്നതായി സുബൈറിന്റെ മകന്‍ മാധ്യമങ്ങളോട് പറഞ്ഞിട്ടുണ്ട്. സുബൈറിനെ ലക്ഷ്യമിട്ട് രാഷ്ട്രീയ വിരോധം ഉണ്ടായിരുന്നതായി പൊലീസ് സംശയിക്കുന്നു.

വെള്ളിയാഴ്ച ഉച്ചക്കഴിഞ്ഞാണ് പാലക്കാട് എലപ്പുള്ളിയില്‍ എസ്ഡിപിഐ പ്രവർത്തകനെ കാറിലെത്തിയ സംഘം വെട്ടിക്കൊലപ്പെടുത്തിയത്. എലപ്പുള്ളി പാറ സ്വദേശിയും എസ്ഡിപിഐ പ്രാദേശിക ഭാരവാഹിയുമാണ് സുബൈർ . പിതാവ് അബൂബക്കറിനൊപ്പം ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന സുബൈറിനെ രണ്ടു കാറുകളിലായെത്തിയ അക്രമിസംഘം ഇടിച്ചിട്ട ശേഷം ആക്രമിക്കുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ സുബൈറിനെ ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ബൈക്കില്‍നിന്ന് വീണ് അബൂബക്കറിനും പരുക്കേറ്റു.

Leave a Reply

Your email address will not be published. Required fields are marked *