ആന്ധ്രപ്രദേശിലെ കൃഷ്ണ ജില്ലയിലെ സ്വകാര്യ രാസഫാക്ടറിയില്‍ വന്‍ തീപിടുത്തം. കുറഞ്ഞത് ആറ് പേര്‍ കൊല്ലപ്പെടുകയും 12 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി പ്രാഥമിക വിവരം. മസുനുരു ഗ്രാമത്തില്‍ സ്ഥിതി ചെയ്യുന്ന പോറസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയിലായിരുന്നു അപകടം. പോളിമര്‍ അസംസ്‌കൃത വസ്തു നിറച്ച ടാങ്കിന് ചോര്‍ച്ച ഉണ്ടായതിനെത്തുടര്‍ന്നാണ് തീപിടുത്തം ഉണ്ടായത്. അഞ്ചുപേര്‍ തല്‍ക്ഷണം അപകടസ്ഥലത്ത് തന്നെ മരിച്ചു. 18 പേര്‍ ഡ്യൂട്ടിയിലുണ്ടായിരുന്നു. പരിക്കേറ്റവരെ വിജയവാഡയിലെയും മറ്റും ആശുപത്രിയിലേക്ക് മാറ്റി. ഫാക്ടറിക്കെട്ടിടത്തിന്റെ രണ്ടു നിലകള്‍ പൂര്‍ണമായും തീ വിഴുങ്ങി.













