• Home
  • kerala
  • സ്വിഫ്റ്റ് ബസ്സുകള്‍ അപകടത്തിൽ പെടുന്നു ; ഗൂഢാലോചനയുണ്ടോ…സാധ്യതയെന്ന് കെ എസ് ആർ ടി സി എംഡി

സ്വിഫ്റ്റ് ബസ്സുകള്‍ അപകടത്തിൽ പെടുന്നു ; ഗൂഢാലോചനയുണ്ടോ…സാധ്യതയെന്ന് കെ എസ് ആർ ടി സി എംഡി

കെഎസ്ആര്‍ടി പുതിയതായി തുടങ്ങിയ സ്വിഫ്റ്റ് ബസ്സുകള്‍ കന്നിയാത്രയില്‍ തന്നെ അപകടത്തില്‍ പെട്ടതില്‍ സ്വകാര്യ ബസ് ലോബിയുടെ ഗൂഢാലോചനയുണ്ടെന്ന് ആരോപണം.

കെഎസ്ആര്‍ടിസി ജീവനക്കാരുടെ സംഘടനകളുടെ വന്‍ എതിര്‍പ്പിനെയും അവഗണിച്ചാണ് പുതിയ ഒരു കമ്പനി രൂപീകരിച്ച് സ്വിഫ്റ്റ് എന്ന പേരിട്ട് ദീര്‍ഘദൂര ബസ്സുകള്‍ അതിന്റെ കീഴിലാക്കിയത്. ദീർഘ ദൂര സർവീസുകൾക്കായി കെ എസ് ആർ ടി സിക്ക് കീഴിൽ രൂപീകരിച്ച സ്വതന്ത്ര കമ്പനിയാണ് സ്വിഫ്ട്. 8 എസി സ്ലീപ്പറും, 20 എസി സെമി സ്ലീപ്പറും ബസുകൾ ഉൾപ്പടെ 116 ബസുകളുമായാണ് കമ്പനി സർവീസ് ആരംഭിച്ചത്. സർക്കാർ അനുവദിച്ച 100 കോടി രൂപ ഉപയോഗിച്ചാണ് ബസുകൾ വാങ്ങിയത്. സംസ്ഥാനത്തിനകത്ത് ദീര്‍ഘദൂര എ.സി.ബസ്സുകളാണ് സ്വിഫ്റ്റിന്റെ ഒരു പ്രധാന ആകര്‍ഷണീയത. അന്തര്‍സംസ്ഥാന സര്‍വ്വീസുകളും സ്വിഫ്റ്റ് ആണ് ഇനി ഓപ്പറേറ്റ് ചെയ്യുക.

കഴിഞ്ഞ ദിവസമാണ് സ്വിഫ്റ്റ് ബസ്സുകളുടെ യാത്ര ഉദ്ഘാടനം മുഖ്യമന്ത്രി തിരുവനന്തപുരത്ത് നിര്‍വ്വഹിച്ചത്. കന്നിയാത്രയില്‍ തന്നെ ഒരു ബസ് അപകടത്തില്‍ പെട്ടു. തിങ്കളാഴ്ച തിരുവനന്തപുരത്തു നിന്നും കോഴിക്കോട്ടേക്ക് പുറപ്പെട്ട ബസാണ് അപകടത്തിൽപ്പെട്ടത്. കല്ലമ്പലത്തിന് സമീപത്തു വച്ച് എതിർദിശയിൽനിന്നു വന്ന ലോറിയിൽ തട്ടുകയായിരുന്നു. ലോറി വന്ന് ഉരസ്സി ബസ്സിന്റെ ഒരു വശത്തെ കണ്ണാടി പൊട്ടിയിളകിപ്പോയി. തൊട്ടടുത്ത ഡിപ്പോയില്‍ നിന്നും പകരം ഒരു കണ്ണാടി എത്തിച്ച് പിടിപ്പിച്ചായിരുന്നു ബസ് യാത്ര തുടര്‍ന്നത്.


ഇന്ന് വീണ്ടും സ്വിഫ്റ്റ് ബസ് അപകടത്തില്‍പെട്ടത് കൂടുതൽ സംശയത്തിന് ഇടയാക്കി. . മലപ്പുറം കോട്ടക്കല്‍ ചങ്കുവട്ടിയില്‍ വച്ച് സ്വിഫ്റ്റ് ബസ് സ്വകാര്യ ബസുമായി കൂട്ടിയിടിക്കുകയായിരുന്നു. കോഴിക്കോട് നിന്നും തിരുവനന്തപുരത്തേക്കുള്ള യാത്രയ്‌ക്കിടയിലാണ് അപകടമുണ്ടായത്. കോഴിക്കോട് തിരുവനന്തപുരം സര്‍വീസ് നടത്തുന്ന കെഎസ് 36 നമ്പര്‍ ബസാണ് അപകടത്തില്‍പ്പെട്ടത്. യാത്രക്കാര്‍ക്ക് ആര്‍ക്കും പരുക്കില്ല.

ഇതേത്തുടര്‍ന്നാണ് കെഎസ്ആര്‍ടിസി സി എം.ഡി ബിജു പ്രഭാകര്‍ തന്നെ സംശയവുമായി രംഗത്തെത്തിയിരിക്കുന്നത്. തുടര്‍ച്ചയായ അപകടങ്ങളില്‍ ഗൂഢാലോചന സംശയിക്കുന്നതായി ബിജു പറയുന്നു.
ഇതുസംബന്ധിച്ച് ഡിജിപിക്ക് പരാതി നൽകും. പുതിയ ബസുകൾ ഇറങ്ങുമ്പോൾ അപകടം തുടർക്കഥയാകുന്നു. പിന്നിൽ സ്വകാര്യലോബിയുണ്ടോ എന്ന് പരിശോധിക്കണമെന്ന് സിഎംഡി ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *